കാസർഗോഡ് ദളിത് വിദ്യാർഥിയുടെ മുടി മുറിച്ച സംഭവം; റിപ്പോർട്ട് തേടി മന്ത്രി
കാസർഗോഡ് ദളിത് വിദ്യാർഥിയുടെ മുടി മുറിച്ച സംഭവം; റിപ്പോർട്ട് തേടി മന്ത്രി
സ്കൂൾ അസംബ്ലിയിൽ ദളിത് വിദ്യാർത്ഥിയുടെ മുടി പ്രധാന അധ്യാപിക മുറിച്ച സംഭവത്തിലും തിരുവനന്തപുരത്തെ റാഗിങ്ങിലും റിപ്പോർട്ട് തേടി മന്ത്രി കെ രാധാകൃഷ്ണൻ.
പട്ടിക വർഗ ഡയറക്ടറോടാണ് മന്ത്രി റിപ്പോർട്ട് തേടിയത്. കാസർഗോഡ് കോട്ടമല എംജിഎംഎ സ്കൂളിൽ ഈ മാസം 19നാണ് സംഭവം നടന്നത്. സംഭവത്തിൽ രക്ഷിതാവിന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രധാന അധ്യാപിക ഷേർളിക്കെതിരെ പട്ടികജാതി / പട്ടിക വർഗ അതിക്രമം തടയൽ, ബാലാവകാശ നിയമം എന്നിവയിലെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം ധനുവച്ചപുരം കോളേജിൽ വിദ്യാർത്ഥിയെ എബിവിപി പ്രവർത്തകർ മർദിച്ച സംഭവത്തിലും മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്.
എബിവിപി നേതാവിനെ കാണാൻ നിർദേശിച്ചത് അവഗണിച്ചതാണ് മർദനത്തിന് കാരണമായതെന്ന് വിദ്യാർഥി. ഒന്നാം വർഷം ഇക്കണോമിക്സ് വിദ്യാർഥി നീരജിനാണ് മർദനമേറ്റത്. സംഭവത്തിൽ വിദ്യാർഥിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. രണ്ടാം വർഷ വിദ്യാർഥികൾ സംഘം ചേർന്ന് മർദിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. കാലിനും കഴുത്തിനും ഉൾപ്പെടെ നീരജിന് പരിക്കേറ്റിട്ടുണ്ട്.