പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിപ്പിക്കുന്നു

June 19, 2023 - By School Pathram Academy

സംസ്ഥാനത്തെ എയ്ഡഡ് പ്രൈമറി, സെക്കണ്ടറി, ഹയർ സെക്കണ്ടറി,വൊ ക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകളിലെ നിയമനങ്ങളിൽ 1995-ലെ പി.ഡബ്യു.ഡി ആക്ട് പ്രകാരം, 07/02/1996 മുതൽ 18/04/2017 വരെ ഭിന്നശേഷി വിഭാഗത്തി ലുള്ളവർക്ക് 3% സംവരണവും 2016-ലെ ആർ.പി.ഡബ്ല്യു.ഡി ആക്ട് പ്രകാരം, 19/04/2017 മുതൽ 4% സംവരണവും ബാക്ക്ലോഗ് കണക്കാക്കി റോസ്റ്റർ രജിസ്റ്റർ തയ്യാറാക്കുന്നതിനും താത്കാലികമായി നിമനാംഗീകാരം നൽകുന്നതിനും ബന്ധപ്പെട്ട മാനേജർമാർക്കും വിദ്യാഭ്യാസ ഓഫീസർമാർക്കും പരാമർശങ്ങൾ പ്രകാരം നിരവധി തവണ മാർഗ നിർദേശങ്ങൾ നൽകിയിരുന്നു.

എന്നാൽ, ഭൂരിഭാഗം മാനേജർമാരും റോസ്റ്റർ തയ്യാറാക്കുകയോ സർക്കാർ വകുപ്പുതല നിർദേശങ്ങൾ പ്രകാരം ഭിന്നശേഷി സംവരണത്തിനായി ഒഴിവുകൾ മാറ്റി വച്ച്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വിവരം റിപ്പോർട്ട് ചെയ്യുകയോ ചെയ്തിട്ടില്ല എന്നും ഇപ്രകാരം ചെയ്ത കേസുകളിൽ നിലവിൽ നിയമനാംഗീകാരമില്ലാതെ തുടർന്നു വരുന്ന ജീവനക്കാരുടെ നിയമനങ്ങൾ ചട്ടപ്രകാരം അംഗീകരിച്ചു നൽകുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ നടപടി സ്വീകരിക്കുന്നില്ല എന്നും വ്യാപകമായ പരാതികൾ വിവിധ തലങ്ങളിൽ നിന്നും ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസവും, തൊഴിലും വകുപ്പ് മന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്ക് ലഭിക്കുകയുണ്ടായി. ബഹുമാനപ്പെട്ട ഹൈക്കോടതിയുടെയും സർക്കാരിന്റെയും വകുപ്പിന്റെയും നിർദേശങ്ങളിലെ അന്തഃസത്ത ഉൾക്കൊണ്ട് പ്രവർത്തിക്കുവാൻ മാനേജർമാരും വിദ്യാഭ്യാസ ഓഫീസർമാരും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ, നിയമനാംഗീകാരമില്ലാതെ തുടർന്നു വരുന്ന ജീവനക്കാരുടെ ജീവനോപാധികൾ തടസപ്പെടാതിരിക്കുവാൻ പരാമർശം (1) പ്രകാരം ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പും മന്ത്രിയുടെ അദ്ധ്യക്ഷതയിൽ 14/06/2023-ന് കൂടിയ യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിപ്പിക്കുന്നു.

 

1. ഇതുവരെയും റോസ്റ്റർ രജിസ്റ്റർ തയ്യാറാക്കി സമർപ്പിക്കാത്ത മാനേജ്മെന്റുകൾ 25/06/2023 നകം തന്നെ റോസ്റ്റർ തയ്യാറാക്കി സമർപ്പിക്കേണ്ടതും 30/06/2023 നകം തന്നെ ബാക്ക്ലോഗ് പ്രകാരം ഭിന്നശേഷി സംവരണത്തിനായി മാറ്റിവെച്ചിട്ടുള്ള ഒഴിവിലേക്ക് ഭിന്നശേഷി വിഭാഗക്കാരെ ലഭിക്കുന്നതിനായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്ക് റിക്വിസിഷൻ ഫോറം സമർപ്പിക്കേണ്ടതുമാണ്. ഇപ്രകാരം റിക്വിസിഷൻ സമർപ്പിക്കുമ്പോൾ, ആയതിൽ ബാക്ക്ലോഗ് ഒഴിവ് 3 ശതമാനത്തിൽ നിന്നാണോ അതോ 4 ശതമാനത്തിൽ നിന്നാണോ എന്ന് മാനേജർമാർ വ്യക്തമാക്കേണ്ടതാണ്. കൂടാതെ 07/02/1996 മുതൽ 18/04/2017 വരെയുള്ള 3 ശതമാനം കുടിശ്ശിക ഒഴിവിലേക്കാണോ അതോ 19/04/2017 മുതലുള്ള 4 ശതമാനം കുടിശ്ശിക ഒഴിവിലേക്കാണോ ഭിന്നശേഷി വിഭാഗക്കാരനെ വേണ്ടത് എന്ന് ബന്ധപ്പെട്ട മാനേജർമാർ റിക്വിസിഷൻ പ്രകാരം ആവശ്യപ്പെടണമെന്ന എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഡയറക്ടറുടെ അഭ്യർത്ഥന പ്രകാരം താഴെപ്പറയുന്ന നിർദേശങ്ങൾ കൂടി മാനേജർമാർക്ക് നൽകുന്നു.

 

a) 07/02/1996 മുതൽ 18/04/2017 വരെയുള്ള 3 ശതമാനം കുടിശ്ശിക ഒഴിവിലേക്ക് ഭിന്നശേഷി ഉദ്യോഗാർത്ഥികളെ ആവശ്യപ്പെടുമ്പോൾ താഴെപ്പറയുന്ന മുൻഗണനാക്രമം പാലിക്കേണ്ടതാണ്.

 

(i) blindness or low vision

(ii) hearing impairment

(iii) locomotor disability or cerebral palsy

 

b) 19/04/2017 മുതലുള്ള 4 ശതമാനം ഒഴിവുകളിലേക്കുള്ള മുൻഗണനാക്രമം ചുവടെ പറയുന്നു.

 

a) blindness and low vision

b) deaf and hard of hearing

C.) locomotor disability including cerebral palsy, leprosy creude dwarfism, acid attack victims and muscular dystrophy

d) autism, intellectual disability, specific learning disability and mental illness

e. ) multiple disabilities from amongst persons under clause (a) to (d) including deaf-blindness.

റിക്വിസിഷൻ ഫോമിൽ മാനേജർമാർ ആവശ്യമുള്ള ഉദ്യോഗാർത്ഥികളുടെ മേൽപ്പറഞ്ഞ കാറ്റഗറി കൂടി രേഖപ്പെടുത്തേണ്ടതാണ്.

2.മേൽ ഖണ്ഡിക പ്രകാരമുള്ള റിക്വിസിഷൻ ഫോറം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച കൾക്ക് ലഭ്യമായിക്കഴിഞ്ഞാൽ 20/07/2023 നകം തന്നെ ഭിന്നശേഷി വിഭാഗക്കാരുടെ നിയമാനുസൃത ലിസ്റ്റ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും ബന്ധപ്പെട്ട മാനേജർമാർക്ക് കൈമാറുന്നതാണ്.

 

3. ഖണ്ഡിക (2) പ്രകാരം മാനേജർമാർ നടപടികൾ സ്വീകരിച്ചു കഴിഞ്ഞാൽ, 16/05/2023-6 എച്ച് 2/295299/2021/ ഡിജി നമ്പർ സർക്കുലിലെ ഖണ്ഡിക  (4) അനുസരിച്ച് തുടർ നടപടികൾ 10/07/2023 നകം തന്നെ അതാത് വിദ്യാഭ്യാസ ഓഫീസർമാർ സ്വീകരിക്കേണ്ടതാണ്. പരാമർശ പ്രകാരമുള്ള സർക്കാർ / വകുപ്പുതല ഉത്തരവുകളിലെ നിർദേശങ്ങൾ പാലിക്കുന്ന മാനേജ്മെന്റുകളിലെ നിയമനങ്ങൾ പട്ട പ്രകാരം പരിശോധിച്ച് തീർപ്പാക്കേണ്ടതും അല്ലാത്തപക്ഷം ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർക്കെതിരെ കർശന അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതുമാണ്. കൂടാതെ, എല്ലാ ആർ.ഡി.ഡി/എ.ഡി/വിദ്യാഭ്യാസ ഉപഡയറക്ടർമാരും അവരവരുടെ അധികാര പരിധിയിൽ വരുന്ന സ്കൂളുകളിലെ റോസ്റ്റർ തയ്യാറാക്കൽ, നിയമനാംഗീകാരം എന്നിവ സമയബന്ധിതമായി പൂർത്തീകരിച്ചിട്ടുണ്ട് എന്ന് പരിശോധിച്ചുറപ്പു വരുത്തേണ്ടതാണ്. അനുവദിക്കപ്പെട്ട സമയത്തിനുള്ളിൽ തീർപ്പാകാതെ കിടക്കുന്ന നിയമനങ്ങൾ സംബന്ധിച്ച വിവരങ്ങൾ അതാത് സമയങ്ങളിൽ തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടറെ അറിയിക്കേണ്ടതാണ്.

 

4. ഭിന്നശേഷി വിഭാഗക്കാർ സമർപ്പിക്കേണ്ട “JOB ORIENTED PHYSICAL AND (FUNCTIONALITY CERTIFICATE ഇന്റർവ്യൂ നടക്കുന്ന സമയത്ത് ഹാജരാക്കിയാൽ മതിയാകുന്നതാണ്. കൂടാതെ, പ്രസ്തുത സർട്ടിഫിക്കറ്റ് സാമൂഹ്യ നീതി വകുപ്പ് നിർദേശിക്കുന്ന മെഡിക്കൽ അതോറിറ്റിയിൽ നിന്നുമാണ് ഇന്റർവ്യൂ സമയത്ത് ബന്ധപ്പെട്ട ജീവനക്കാർ വാങ്ങി സമർപ്പിക്കേണ്ടത്.

 

5. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും ലഭിക്കുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ 15/08/2023 നകം തന്നെ ബന്ധപ്പെട്ട ഒഴിവുകളിൽ ഭിന്നശേഷി വിഭാഗക്കാരെ മാനേജർമാർ നിയമിക്കേണ്ടതും പ്രസ്തുത വിവരം വകുപ്പിനെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെയും അറിയിക്കേണ്ടതുമാണ്.

 

6. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട അവ്യക്തതകളുടെ അടിസ്ഥാനത്തിൽ തടസ്സപ്പെട്ടു കിടക്കുന്ന മുഴുവൻ നിയമനങ്ങളും അതാത് RDD/AD/വിദ്യാഭ്യാസ ഓഫീസർ എന്നിവർ ചട്ട പ്രകാരം പരിശോധിച്ച്, 15/07/2023-ന് മുൻപ് തന്നെ അത്തരം നിയമനാംഗീകാര പ്രൊപ്പോസലുകളിൻമേൽ തീർപ്പുകൽപ്പിക്കേണ്ടതും പ്രസ്തുത വിവരം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യേണ്ടതുമാണ്.

 

7. മാനേജർമാർ റോസ്റ്റർ തയ്യാറാക്കി സമർപ്പിക്കുകയും ആയത് വിദ്യാഭ്യാസ ഓഫീസർമാർ അംഗീകരിച്ചു നൽകുകയും ചെയ്യുന്നതുവരെ ഇന്റർമാനേജ്മെന്റ് ട്രാൻസ്ഫർ അനുവദിക്കുവാൻ പാടില്ല. ഇപ്രകാരമുള്ള ട്രാൻസ്ഫറുകൾ നടക്കുന്നില്ലായെന്ന് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ കർശനമായും ഉറപ്പുവരുത്തേണ്ടതുമാണ്.

 

പൊതുവിദ്യാഭ്യാസ ഡയറക്ടർ.