15ന് സ്കൂളുകളിൽ പതാക ഉയർത്തിയ ശേഷം ചെറിയ ദൂരത്തിൽ ഘോഷയാത്ര നടത്തണം. മുഴുവൻ ജീവനക്കാരും ഓഫീസിലെത്തി പതാക ഉയർത്തൽ ചടങ്ങിൽ പങ്കാളികളാവണം
വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തും
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന് സംസ്ഥാനത്തെ മുഴുവൻ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും ദേശീയപതാക ഉയരും.
കുടുംബശ്രീ മുഖേന ദേശീയപതാക നിർമ്മിക്കും. ഖാദി, കൈത്തറി മേഖലകളെയും പതാക ഉൽപാദനത്തിൽ ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകി.
സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികൾ നടത്താൻ മുഖ്യമന്ത്രി വിളിച്ച ജില്ലാ കലക്ടർമാരുടെ യോഗത്തിൽ തീരുമാനമായി.
പരമാവധി സ്ഥലങ്ങളിൽ ദേശീയ പതാക ഉയർത്തും. ആഗസ്റ്റ് 13 മുതൽ 15 വരെ ദേശീയ പതാക ഉയർത്തണം. ആഗസ്ത് 13ന് പതാക ഉയർത്തി 15 വരെ നിലനിർത്താവുന്നതാണ്. ഇക്കാലയളവിൽ രാത്രികാലങ്ങളിൽ പതാക താഴ്ത്തേണ്ടതില്ലെന്ന് ഫ്ളാഗ് കോഡിൽ മാറ്റം വരുത്തിയിട്ടുണ്ട്.
സ്കൂൾ വിദ്യാർത്ഥികൾ മുഖേനയാണ് പ്രധാനമായും പതാകകൾ വിതരണം ചെയ്യുക. സ്കൂൾ കുട്ടികൾ ഇല്ലാത്ത വീടുകളിൽ പതാക ഉയർത്താനാവശ്യമായ ക്രമീകരണങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ചെയ്യണം. അത്തരം വീടുകളുടെ എണ്ണമെടുത്ത് തദ്ദേശസ്ഥാപനങ്ങൾ കുടുംബശ്രീയെ ഏൽപ്പിക്കണം. പതാകകളുടെ ഉത്പാദനം കുടുംബശ്രീ ആരംഭിച്ചു. ആഗസ്റ്റ് 12 നുള്ളിൽ പതാകകൾ സ്കൂളിലും സ്ഥാപനങ്ങളിലും എത്തിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
വീടുകളിലും പൊതുസ്ഥലങ്ങളിലും ഗ്രന്ഥശാലകളിലും മറ്റും പതാക ഉയർത്തുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണം. ഗ്രന്ഥശാലകളിലും ക്ലബ്ബുകളിലും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ ആസൂത്രണം ചെയ്യണം.
15ന് സ്കൂളുകളിൽ പതാക ഉയർത്തിയ ശേഷം ചെറിയ ദൂരത്തിൽ ഘോഷയാത്ര നടത്തണം. മുഴുവൻ ജീവനക്കാരും ഓഫീസിലെത്തി പതാക ഉയർത്തൽ ചടങ്ങിൽ പങ്കാളികളാവണം. ഘോഷയാത്രയുമാകാം. എല്ലാ ഗ്രാമങ്ങളിലും ഇത്തരത്തിൽ ഘോഷയാത്ര ആലോചിക്കണം.
സ്കൂളുകളിലും സ്ഥാപനങ്ങളിലും ആഗസ്റ്റ് 10നുള്ളിൽ ബാനറുകൾ കെട്ടണം. പ്രധാന സ്വാതന്ത്ര്യസമര കേന്ദ്രങ്ങളിൽ 13 മുതൽ ഔദ്യോഗിക പരിപാടികൾ നടത്തണം. കുട്ടികളെ സ്വാതന്ത്ര്യസമര കേന്ദ്രങ്ങൾ സന്ദർശിപ്പിക്കണം. സ്വാതന്ത്ര്യത്തിലെ തിളക്കമാർന്ന മുഹൂർത്തങ്ങൾ ഉൾപ്പെടുത്തി ബുക്ക് ലറ്റ് വിതരണം ചെയ്യണം.
കോവിഡ് വാക്സിൻ മൂന്നാം ഘട്ടം ഉടൻ പൂർത്തീകരിക്കണം. കുട്ടികൾക്ക് വാക്സിൻ നൽകുന്നത് ഊർജിതമാക്കണം. ആരോഗ്യ വകുപ്പ് തയ്യാറാക്കിയ ആക്ഷൻ പ്ലാൻ അനുസരിച്ച് വാക്സിനേഷൻ സമയബന്ധിതമായി പൂർത്തീകരിക്കാൻ ജില്ലാ കലക്ടർമാർ ശ്രദ്ധിക്കണം.
ജലജീവൻ മിഷൻ പദ്ധതി 2024 മാർച്ച് മാസത്തോടെ പൂർത്തീകരിക്കാനാവശ്യമായ എല്ലാ സഹായവും ജില്ലാ കലക്ടർമാർ ചെയ്തു കൊടുക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹരിക്കാൻ ഇടപെടണം. ജില്ലാ വാട്ടർ ആന്റ് സാനിറ്റേഷൻ മിഷൻ അവലോകനയോഗം നടത്തി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ സമയബന്ധിതമായി പരിഹരിക്കണം. ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കണം. റോഡ് മുറിക്കൽ, വനംവകുപ്പിന്റെ അനുമതി ലഭ്യമാക്കൽ തുടങ്ങിയ കാര്യങ്ങളിലൊക്കെ ആവശ്യമായ സഹായം നൽകണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
യോഗത്തിൽ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.