സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി മൂന്നുമുതൽ ഏഴുവരെ 24 വേദികളിലായി നടക്കുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി

December 29, 2022 - By School Pathram Academy

കോഴിക്കോട്‌ :- സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി മൂന്നുമുതൽ ഏഴുവരെ 24 വേദികളിലായി നടക്കുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൂന്നിന്‌ രാവിലെ 8.30ന്‌ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു പതാക ഉയർത്തും.

തുടർന്ന്‌ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. സ്‌പീക്കർ എ എൻ ഷംസീർ മുഖ്യപ്രഭാഷണം നടത്തും. ഒന്നാം വേദിയിൽ ഹൈസ്‌കുൾ വിഭാഗം കുട്ടികളുടെ മോഹിനിയാട്ടത്തോടെ അഞ്ചുനാൾ നീളുന്ന കലോത്സവത്തിന്‌ അരങ്ങുണരും.

ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 239 സ്‌കൂളുകളിലെ 14,000 വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുക്കും. സംസ്‌കൃതോത്സവവും അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും. മത്സരത്തിൽ എ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്ക്‌ 1000 രൂപ സ്‌കോളർഷിപ്പ്‌ നൽകും. റെയിൽവേ സ്റ്റേഷൻ, ബസ്‌സ്റ്റാൻഡ് എന്നിവിടങ്ങളിൽ എത്തുന്ന കുട്ടികളെയും വിശിഷ്ട വ്യക്തികളെയും വാഹനങ്ങളിൽതാമസസ്ഥലങ്ങളിലും രജിസ്‌ട്രേഷൻ കൗണ്ടറിലും എത്തിക്കും.

ഗവ. മോഡൽ സ്‌കൂളിൽ രണ്ടിന്‌ രജിസ്‌ട്രേഷൻ ആരംഭിക്കും. 20 സ്‌കൂളുകളിലായാണ്‌ താമസസൗകര്യം. മലബാർ ക്രിസ്‌ത്യൻ കോളേജ് ഗ്രൗണ്ടിലാണ് ഭക്ഷണപ്പന്തൽ. ഹരിതചട്ടം പാലിക്കും. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ് നഗരത്തിൽ ഒരുക്കുന്ന ദീപാലങ്കാരം സ്‌കൂൾ കലോത്സവം കഴിയുംവരെ തുടരുമെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു.

കഴിഞ്ഞവർഷത്തെ ജേതാക്കളായ പാലക്കാടിൽനിന്ന്‌ 31ന്‌ ഏറ്റുവാങ്ങുന്ന സ്വർണക്കപ്പ്‌ മന്ത്രിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ സ്വീകരിക്കും. വിവിധ സ്‌കൂളുകളുടെ സ്വീകരണങ്ങൾക്കുശേഷം പാളയത്തുനിന്ന്‌ കലാരൂപങ്ങളുടെ അകമ്പടിയോടെ ബിഇഎം സ്‌കൂളിൽ എത്തിക്കും.

ഏഴിന്‌ സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനംചെയ്യും. മന്ത്രി കെ രാജൻ സുവനീർ പ്രകാശിപ്പിക്കും. വിജയികൾക്ക്‌ മന്ത്രി വി ശിവൻകുട്ടി ട്രോഫി സമ്മാനിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഡയറക്ടർ കെ ജീവൻ ബാബു, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ കെ രമ എന്നിവർ പങ്കെടുത്തു.

Category: NewsSchool News