” വായനയിലൂടെ കുട്ടികളെ സാമൂഹ്യ മാറ്റത്തിന്റെ ഏജന്റുമാരായി മാറ്റാൻ കഴിയും ” അതിന് വായനയിലൂടെ സന്തോഷം പ്രചരിപ്പിക്കുന്ന ആളായി അധ്യാപിക മാറണം…
” വായനയിലൂടെ കുട്ടികളെ സാമൂഹ്യ മാറ്റത്തിന്റെ ഏജന്റുമാരായി മാറ്റാൻ കഴിയും ” അതിന് വായനയിലൂടെ സന്തോഷം പ്രചരിപ്പിക്കുന്ന ആളായി അധ്യാപിക മാറണം . മിക്ക അധ്യാപക പരിശീലനങ്ങളിലും അധ്യാപകരുടെ വായനയിലുള്ള താല്പര്യം വളർത്തുന്നതിനുള്ള ചില പ്രവർത്തനങ്ങൾ നൽകാറുണ്ട്. മിക്കവാറും ചില വർക്ക്ഷീറ്റുകൾ ( പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങളുടെ ചില പേജുകളും മറ്റും പരിചയപ്പെടുത്തുന്ന തരത്തിൽ ) അവതരിപ്പിച്ച് കൊണ്ടാവും വായനയുടെ പ്രാധാന്യത്തെ കുറിച്ച് ചർച്ച ചെയ്യാറുള്ളത്. അത് അവിടെ തുടങ്ങി അവിടെത്തന്നെ അവസാനിക്കുന്നതായിട്ടാണ് അനുഭവപ്പെട്ടിട്ടുള്ളത്.
” ഞാനൊരു നല്ല അധ്യാപികയായി മാറണമെങ്കിൽ ചില സവിശേഷ ഗുണങ്ങൾ എനിക്ക് ഉണ്ടാകണം ” എന്ന് ഓരോ അധ്യാപികയും സ്വയം ഉറപ്പിക്കേണ്ടതുണ്ട്. ഇങ്ങനെ അധ്യാപിക സ്വയം ഒരു പ്രതിഭയായി മാറിയാൽ മാത്രം മതിയോ ? എന്ന ചോദ്യവും പ്രസക്തമാണ്. ” ഞാനൊരു മികച്ച വായനക്കാരിയാണ് , ഒപ്പം എഴുത്തുകാരിയും ….. സാഹിത്യ ലോകത്ത് കൈയൊപ്പ് ചാർത്തിയ ആൾ…. പക്ഷേ അത്തരം കഴിവുളൊന്നും തന്റെ ക്ലാസ് മുറിയിൽ കുട്ടികൾക്കായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ആ വ്യക്തി ഒരു അധ്യാപികയെന്ന നിലയിൽ തികഞ്ഞ പരാജയമായിരിക്കും. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ ഒരു മികച്ച വായനക്കാരിയായി മാറുന്നതിനൊപ്പം അധ്യാപികയുടെ പ്രധാന ലക്ഷ്യം തന്റെ മുന്നിലിരിക്കുന്ന കൂട്ടുകാരുടെ വായനയിലെ താല്പര്യം വളർത്താനുള്ള മാർഗ്ഗങ്ങൾ കൂടിയാവണം.
ഏതെല്ലാം തരത്തിലുള്ള പുസ്തകങ്ങളാണ് ഒരു അധ്യാപിക വായിക്കേണ്ടത് ?
തന്റെ ക്ലാസ്സിലെ കുട്ടികളുടെ നിലവാരത്തിന് യോജിച്ച പുസ്തകങ്ങളും ബാല മാസികകളും അധ്യാപിക വായിക്കണം. ഇത്തരം പുസ്തകങ്ങളിലൂടെ കടന്നു പോകുമ്പോൾ ” എങ്ങനെയാണ് ഈ പുസ്തകം ഞാനെന്റെ കൂട്ടുകാരെ പരിചയപ്പെടുത്തേണ്ടത് ?” എന്ന ചിന്ത മനസ്സിനെ ശല്യപ്പെടുത്തി ക്കൊണ്ടേയിരിക്കണം.
പഠനത്തെയും അധ്യാപനത്തെയും സംബന്ധിച്ച ആധുനിക ചിന്തകൾ , വിദ്യാഭ്യാസ രംഗത്ത് ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങൾ, ക്ലാസ്സ് റൂം അനുഭവങ്ങൾ, അധ്യാപന തന്ത്രങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ എന്നിവ നേടുന്നതിനുള്ള പുസ്തക വായനയും അധ്യാപിക ശീലമാക്കണം. സാമൂഹ്യ മാറ്റത്തിന് ചുക്കാൻ പിടിക്കേണ്ട പ്രധാന വ്യക്തി കൂടിയാണ് അധ്യാപിക. അതുകൊണ്ട് സമൂഹത്തിലെ മാറ്റങ്ങൾ , ശാസ്ത്രീയ കാഴ്ചപ്പാടുകൾ, സാമൂഹിക ചിന്തകൾ എന്നിവയിലും അധ്യാപിക നവീകരിക്കപ്പെട്ടു കൊണ്ടേയിരിക്കണം. അതിന് അധ്യാപികയ്ക്ക് സമഗ്രമായ വായനശീലം കരുത്തു പകരണം. പത്ര മാസികകളും ആനുകാലികങ്ങളും മറ്റു പുസ്തകങ്ങളും വായനയുടെ ഭാഗമാവണം.
അധ്യാപിക വായനയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ?
വായന ഒരു ലഹരിയായി കുട്ടികൾക്ക് അനുഭവപ്പെടണമെങ്കിൽ വായനയുടെ രീതിശാസ്ത്രം അവർ പരിചയപ്പെടേണ്ടതുണ്ട്. കുട്ടികളെ വായനയിലേയ്ക്ക് നയിക്കാൻ കഴിയുന്ന തന്ത്രങ്ങൾ കണ്ടെത്തുന്ന തരത്തിലുള്ള വായന കൂടിയാവണം അധ്യാപികയുടേത്… ചില അവസരങ്ങളിൽ വായിക്കുന്ന പുസ്തകത്തിന്റെ ചില ഭാഗങ്ങൾ / കഥകൾ/കവിതകൾ എന്നിവ കൂട്ടുകാർക്ക് കൂടി പരിചയപ്പെടുത്തേണ്ടതുണ്ട് എന്ന തോന്നലുണ്ടാവാം. അത്തരം കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള കുറിപ്പുകളും മറ്റും അധ്യാപിക വായനയ്ക്കൊപ്പം തയ്യാറാക്കണം.
രക്ഷിതാവിനോടും സമൂഹത്തോടും പങ്കു വയ്ക്കേണ്ട സാമൂഹിക വിഷയങ്ങൾ, പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, കുട്ടികളുടെ ശീലങ്ങളും സ്വഭാവ രൂപവൽക്കരണവുമായി ബന്ധപ്പെട്ട അറിവുകൾ എന്നിവ അവതരിപ്പിക്കുമ്പോൾ തന്റെ വായനാനുഭവങ്ങൾ കൂടി പങ്കുവയ്ക്കുന്നത് അധ്യാപികയോടുള്ള ആദരവും വിശ്വാസവും വർദ്ധിപ്പിക്കാൻ തീർച്ചയായും സഹായിക്കും. അങ്ങനെ കഴിയണമെങ്കിൽ വായനയ്ക്കൊപ്പം ഇത്തരം അറിവുകൾ ഉചിതമായ സന്ദർഭത്തിൽ പ്രയോഗിക്കാനുള്ള പാടവവും നേടേണ്ടതുണ്ട്.
വിദ്യാലയത്തിലെ / ക്ലാസ് മുറിയിലെ കൂട്ടുകാരുടെ വായന മെച്ചപ്പെടുത്താൻ അധ്യാപിക ഒരുക്കേണ്ട സൗകര്യങ്ങൾ/ പ്രവർത്തനങ്ങൾ എന്തെല്ലാം ?
ഒരു നല്ല വായനക്കാരി എന്ന നിലയിൽ അധ്യാപിക സ്വന്തമായ ഒരു ലൈബ്രറിയുടെ ഉടമയായിരിക്കണം. തന്റെ പക്കലുള്ള പുസ്തകങ്ങൾ വായനയുടെ സന്തോഷം പ്രചരിപ്പിക്കുന്നതിനുള്ള ഉപകരണങ്ങളായി പരമാവധി ഉപയോഗിക്കണം. സ്വന്തം ലൈബ്രറിയിൽ അധ്യാപനശേഷി വികസിപ്പിക്കുന്നതിനുള്ള പുസ്തകങ്ങൾ പരമാവധി ഉറപ്പാക്കണം. പുസ്തക സമൃദ്ധമായ സ്കൂൾ ലൈബ്രറി , ക്ലാസ് ലൈബ്രറി, കൂട്ടുകാരുടെ വീട്ടിലെ ലൈബ്രറി എന്നിവ ഒരുക്കുന്നതിനും ഇവയുമായി ബന്ധപ്പെട്ട വായന പ്രവർത്തനങ്ങളുടെ നടത്തിപ്പുകാരിയുമായി അധ്യാപിക മാറണം. ഇഷ്ടമുള്ള പുസ്തകങ്ങൾ തെരെഞ്ഞെടുത്ത് വാങ്ങാനുള്ള പുസ്തകച്ചന്തകൾ, പുസ്തക പ്രദർശനങ്ങൾ , പുസ്തക പ്രസിദ്ധീകരണ സംവിധാനങ്ങൾ, എന്നിവയൊക്കെ വിദ്യാലയത്തിൽ ഉറപ്പാക്കണം.
പുസ്തക ചർച്ചകൾ , സംവാദങ്ങൾ, പുസ്തക വണ്ടി പോലുള്ള സർഗാത്മക സംവിധാനങ്ങൾ , വായനാവിഷ്കാരങ്ങളുടെ പ്രദർശനങ്ങൾ എന്നിവയൊക്കെ കൂട്ടുകാർക്കായി സംഘടിപ്പിക്കണം. പ്രാദേശിക എഴുത്തുകാരെ നേരിൽ കാണാനും പ്രാദേശിക ലൈബ്രറികളുമായി നിരന്തരം ബന്ധപ്പെടാനുമുള്ള സംവിധാനങ്ങൾ കുട്ടികൾക്കായി ഉറപ്പാക്കണം. സമൂഹവുമായി ബന്ധപ്പെടുന്ന അവസരങ്ങളിലും നവ മാധ്യമങ്ങളിലും സ്വന്തം ക്ലാസ്സിലെ കൂട്ടുകാരുടെ വായനാനുഭവങ്ങളും സൃഷ്ടികളും അവതരിപ്പിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കണം.
ഇതൊക്കെ സാധ്യമാണോ? എന്ന ചിന്ത പ്രബലമായി ഉയർന്നു വന്നേയ്ക്കാം. പക്ഷേ സാധ്യമാണ് എന്നതാണ് എന്റെ അനുഭവങ്ങൾ നൽകുന്ന പാഠം, സർഗാത്മകമായി വായനയെ സമീപിക്കുന്ന, തന്റെ കൂട്ടുകാർക്കായി വായിക്കുകയും എഴുതുകയും ചെയ്യുന്ന നിരവധി അധ്യാപികമാർ നമുക്ക് ചുറ്റിലുമുണ്ട്. അടുക്കളപ്പണിയടക്കമുള്ള വീട്ടിലെ സർവ്വ ജോലികളും തീർത്ത്, ഭർത്താവിനും കുട്ടികൾക്കും എല്ലാ ജീവിത സൗകര്യങ്ങളുമൊരുക്കിയശേഷം ക്ലാസ്സിലെ പ്രവർത്തനങ്ങൾക്കൊപ്പം പുസ്തക വായനയെ ഒപ്പം കൂട്ടുന്ന അധ്യാപികമാരെ തലകുനിച്ച് വണങ്ങിയേ മതിയാവൂ…
അത്തരത്തിലുള്ള നിരവധി അധ്യാപക പ്രതിഭകളെ എനിക്ക് നേരിട്ടറിയാം … പേരുകൾ പറയുന്നില്ല… പകരം സ്വന്തം കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വായനാനുഭവങ്ങൾ പങ്കു വയ്ക്കുന്ന നെയ്യാറ്റിൻകര JB സ്കൂളിലെ ഒന്നാം ക്ലാസിലെ അധ്യാപികയായ ശ്രീമതി ശ്യാമ ടീച്ചറിന്റെ ഒരു കുറിപ്പ് ഇതോടൊപ്പം ചേർക്കുന്നു.
ടീച്ചർ വായിച്ച പുസ്തകമായ ” ഇക്കിഗായ് ” യുമായി ബന്ധപ്പെട്ട വായനാനുഭവങ്ങളാണ് രക്ഷിതാക്കളുമായി പങ്കു വച്ചത്… ടീച്ചർ തയ്യാറാക്കിയ കുറിപ്പ് തുടർന്ന് വായിക്കാം…
“നേരായ ജീവിതത്തിന്റെ ആദ്യ പടി അലസതയെ ജയിക്കലാണ് ” ,ജെയിംസ് അല്ലന്റെ ഈ വാക്കുകൾ ഓർമ്മപ്പെടുത്തുന്ന ഒരു പുസ്തകമാണ് “ഇക്കിഗായ് “
ഈ മനോഹര പുസ്തകം വായിച്ച് പൂർത്തിയാക്കുമ്പോൾ ജീവിതത്തെ കുറിച്ച് മനസ്സിൽ പ്രതീക്ഷകൾ കൊണ്ട് നിറയും….
“ഇക്കിഗായ് “ഇതൊരു ജാപ്പനീസ് ആശയമാണ്. “ഉഷാറായി ജീവിത തിരക്കുകളിൽ മുഴുകുന്നതിന്റെ സന്തോഷമെന്ന് “ആ വാക്കിനെ ഏതാണ്ട് വിവർത്തനം ചെയ്യാം.
ജപ്പാനിലെ നൂറു വയസ്സുകാരുടെ രഹസ്യം നിങ്ങൾക്ക് പകർന്നു നൽകുകയാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം. തങ്ങളുടെ സ്വന്തം “ഇക്കിഗായ് “കണ്ടെത്തുന്നവർക്ക് ദീർഘവും,ആഹ്ലാദകരവുമായ ഒരു യാത്ര ജീവിതത്തിലുടനീളം സ്വായത്തമാക്കാൻ കഴിയും.
സൗഹൃദം പരിപോഷിപ്പിക്കുക, ലളിതമായി ഭക്ഷിക്കുക,
ആവശ്യത്തിന് വിശ്രമിക്കുക, പതിവായി ജോലി ചെയ്യുക, മിതമായ വ്യായാമം…. ഇതെല്ലാം മികച്ച ആരോഗ്യത്തിന്റെ സമവാക്യങ്ങളാണ്.
ഈ ജീവിത സമവാക്യങ്ങൾ നമുക്ക് നമ്മുടെ സ്വന്തം ജീവിതത്തിലും കുഞ്ഞു കൂട്ടുകാരുടെ ജീവിതത്തിലും പകർത്താൻ കഴിയും…
കൂട്ടുകാർ എപ്പോഴും ഊർജസ്വലരായി പ്രവർത്തിച്ചു കൊണ്ടിരിക്കണം.കുട്ടികളായാലും, മുതിർന്നവരായാലും ജീവിതത്തിൽ നിന്ന് തുടച്ച് മാറ്റേണ്ട ഒരു പ്രധാനപ്പെട്ട കാര്യമാണ് അലസത. അവധിക്കാലത്തും അലസത കൂടാതെ സർഗാത്മക ചിന്തകളിലും പ്രവർത്തനങ്ങളിലും ഏർപ്പെടാൻ കുട്ടികൾക്ക് അവസരമൊരുക്കണം . ക്രിസ്മസ് അവധിക്കാലത്തും കൂട്ടുകാർ കൃത്യമായ ആസൂത്രണത്തോടു കൂടിയാണ് ഓരോ പ്രവർത്തനങ്ങളും ചെയ്യുന്നത് എന്ന് ഉറപ്പ് വരുത്തണം.” കുട്ടികളോടൊപ്പമുള്ള യാത്രകളും ബന്ധുവീട് സന്ദർശനവുമൊക്കെ അവധിക്കാലത്ത് ഉൾപ്പെടുത്തണം.. കാഴ്ചകളും യാത്രാനുഭവങ്ങളും കുറിപ്പുകളായി തയ്യാറാക്കാൻ അവരെ പ്രോത്സാഹിപ്പിക്കണം …. കുട്ടികളെ അറിയാൻ, അവരോട് മനസ്സ് തുറന്ന് സംവദിക്കാൻ ഇത്തരം അവസരങ്ങൾ ഉപയോഗിക്കണം… പ്രവർത്തന നിരതരായ കൂട്ടുകാർ, സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും സ്വയം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് അധ്യാപികയെയും രക്ഷിതാവിനെയും സംബന്ധിച്ച് മനോഹരമായ കാഴ്ചയാണ്… അനുഭവമാണ്.” സ്കൂളിലായാലും വീട്ടിലായാലും ഒരു സ്വയം പ്രവർത്തന സമയരേഖ കൂട്ടുകാരുടെ മനസ്സിലുണ്ടാവണം.” വായനയും അടുക്കള കൃഷിയും ചിത്രം വരയും എഴുത്തുമൊക്കെ അവർ സ്വയം പ്രവർത്തനമായി ഏറ്റെടുക്കണം.” കുഞ്ഞു ചിത്രകഥകൾ, കുഞ്ഞു കഥാ,കവിതാ പുസ്തകങ്ങൾ…എന്നിവ കുട്ടികളുടെ അഭിരുചിയ്ക്കും, നിലവാരത്തിനനുസരിച്ചും തിരഞ്ഞെടുത്ത് വായിക്കാൻ സഹായിക്കണം. അതിന് പറ്റുന്ന സംവിധാനങ്ങൾ വീട്ടിലും വിദ്യാലയത്തിലും ഉണ്ടാകണം ( വീട്ടിലെ ലൈബ്രറി , ബാലമാസികൾ , പത്രം , ക്ലാസ് ലൈബ്രറി , സ്കൂൾ ലൈബ്രറി , പുസ്തക വണ്ടികൾ , പുസ്തകച്ചന്ത ….)
കൂടാതെ കലാപരമായ കഴിവുകൾക്ക് (ചിത്രരചന, ഫാബ്രിക് പെയിന്റിംഗ്, നിർമാണ പ്രവർത്തനങ്ങൾ….) അനുഗുണമായ മെറ്റീരിയലുകൾ കുട്ടികൾക്ക് ലഭ്യമാക്കണം….. അവരുടെ സൃഷ്ടികൾ പ്രകാശിപ്പിക്കുന്നതിനുള്ള പരമാവധി അവസരങ്ങൾ ലഭ്യമാക്കണം. മുതിർന്നവരായ നാം ഒരിക്കലും ചെയ്യേണ്ട കാര്യങ്ങൾ നാളത്തേക്ക് മാറ്റി വയ്ക്കരുത്… അങ്ങനെ നമുക്ക് കുട്ടികൾക്ക് മാതൃകയാവാം….*സമയം അലറി പ്പാഞ്ഞു പോകുന്ന നദീജല പ്രവാഹമാണ്. അതിന് അണകെട്ടുക സാധ്യമല്ല. അതിനാൽ അതിനെ സ്വീകരിച്ച് നീയും അതോടൊപ്പം പാഞ്ഞുപോകുക തന്നെ വേണം*. ബുക്കറിന്റെ പ്രശസ്തമായ വാക്കുകൾ നാം ഓരോരുത്തരും ജീവിതത്തിൽ പ്രാവർത്തികമാക്കണം. നാം ലക്ഷ്യബോധത്തോടെ പ്രവർത്തിച്ചാൽ മാത്രമേ എല്ലാ വിധത്തിലുള്ള തടസങ്ങളേയും , കുറവുകളെയും ജയിക്കാൻ കഴിയുകയുള്ളൂ. സമയം പാഴാക്കാതെ പ്രവർത്തിക്കാൻ ധൈര്യം കാട്ടുന്നവന് മാത്രമാണ് വിജയം ലഭിക്കുന്നത് എന്ന് ഓർമിപ്പിക്കട്ടെ….
പോസിറ്റീവ് മനോഭാവം , ഉയർന്ന അളവിലുള്ള വൈകാരിക അവബോധം എന്നിവയുള്ളവർക്ക് ദീർഘായുസ് ലഭിക്കുമെന്ന് ഈ പുസ്തകം പറയുന്നു… അത് ശരിയായിരിക്കാം.” അതിനെക്കാൾ പ്രധാനമാണ് ജീവിതത്തിൽ നിന്നും അലസത ഒഴിവാക്കുക എന്നത്… അത്തരം ചിന്തകൾ സ്വാംശീകരിക്കാൻ ” ഇക്കിഗായ് ” ഈ പുസ്തകത്തിലൂടെ കഴിയും…
കഴിയുമെങ്കിൽ വായിക്കാൻ ശ്രമിക്കണേ…
എല്ലാ കൂട്ടുകാർക്കും നന്മയാർന്ന ദിവസം നേരുന്നു.
🙏🙏🙏🙏
( തയ്യാറാക്കിയത് ശ്രീമതി ശ്യാമ ടീച്ചർ )