സർക്കാർ വിളിച്ചു ചേർക്കുന്ന യോഗങ്ങളിൽ സർവ്വീസ് സംഘടനാ പ്രതിനിധികൾക്ക് നേരിട്ട് പങ്കെടുക്കുന്നതിൽ നിയന്ത്രണം
സർക്കാർ വിളിച്ചു ചേർക്കുന്ന ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കുന്നതിന് സർവ്വീസ് സംഘടനാ പ്രതിനിധികൾക്ക് നിലവിൽ അവധി അനുവദിച്ചു നൽകിയിട്ടില്ല എന്നും ഡ്യൂട്ടി സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഡ്യൂട്ടി ലീവ്/ അദർ ഡ്യൂട്ടി അനുവദിക്കുന്ന രീതിയാണ് സ്വീകരിച്ച വരുന്നത് .ഇക്കാര്യത്തിൽ വ്യവസ്ഥാപിതമായ മാർഗ്ഗനിർദ്ദേശങ്ങൾ നിലവിൽ ഇല്ലാത്തത് പ്രസ്തുത യോഗങ്ങളിൽ പങ്കെടുക്കുന്ന സംഘടനാ പ്രതിനിധികൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട് എന്നും ആയതിനാൽ സർക്കാർ വിളിച്ച ചേർക്കുന്ന ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കുന്ന സംഘടനാ പ്രതിനിധികളായ സർക്കാർ ജീവനക്കാർ ഡ്യൂട്ടിയിൽ നിന്നും വിട്ടുനിൽക്കുന്ന കാലയളവ് ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണം എന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ സർക്കാരിൽ ലഭിക്കുകയുണ്ടായി.
സർക്കാർ ഇക്കാര്യം പരിശോധിക്കുകയുണ്ടായി. സംഘടനാ പ്രതിനിധികളായ ജീവനക്കാർക്കുണ്ടാകുന്ന പ്രയാസവും, സർക്കാർ ഓഫീസുകളിൽ ഉത്തരവാദിത്തപ്പെട്ട ജീവനക്കാർ ബന്ധപ്പെട്ട ഓഫീസിൽ ഇല്ലാതിരിക്കുക വഴി പൊതുജനത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചും സർക്കാർ വിളിച്ചു ചേർക്കുന്ന യോഗങ്ങളിൽ തലസ്ഥാനത്തു നിന്നല്ലാതെയുള്ള സംഘടനാപ്രതിനിധികൾ ഓൺലൈൻ മുഖേന മാത്രം പ്രസ്തുത യോഗങ്ങളിൽ പങ്കെടുക്കേണ്ടതാണെന്ന് നിർദ്ദേശം നൽകുന്നു. തലസ്ഥാനത്തു നിന്നും യോഗത്തിൽ പങ്കെടുക്കുന്നവർക്ക് യോഗത്തിന് ആവശ്യമായ സമയം മാത്രം ഡ്യൂട്ടിയായി പരിഗണിക്കാവുന്നതാണെന്നും നിർദ്ദേശം നൽകുന്നു.