സ്കൂൾ അസംബ്ലി ന്യൂസ്
സംസ്ഥാനത്ത് സ്കൂൾ അധ്യയനം വൈകുന്നേരം വരെയാക്കുന്നത് സർക്കാർ പരിഗണിക്കുന്നു. നിലവിൽ ഉച്ചവരെയാണ് ക്ലാസുകൾ. ഡിസംബറോടുകൂടി അധ്യയനം വൈകുന്നേരംവരെ നടത്താനുള്ള നിർദേശമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നത്.
ആലുവ: ആത്മഹത്യ ചെയ്ത നിയമ വിദ്യാർഥിനി മൊഫിയ പർവീണിന്റെ സഹപാഠികളായ വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. എസ്.പിക്ക് പരാതി നൽകാൻ എത്തിയപ്പോഴായിരുന്നു സംഭവം.
വർധിപ്പിച്ച പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്കുകൾ റെയിൽവേ പിൻവലിച്ചു. തിരുവനന്തപുരം ഡിവിഷനിൽ പഴയ നിരക്കായ 10 രൂപ പ്രാബല്യത്തിൽ വന്നു. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ നേരത്തെ ഇതു 50 രൂപയായി ഉയർത്തിയിരുന്നു.
ജലനിരപ്പ് 139.85 അടിയിൽ എത്തുമ്പോൾ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 2 ഗാലറികളിലൂടെ ഒരു ദിവസം ചോരുന്നത് 2 ലക്ഷം ലീറ്റർ വെള്ളം. ഒരു മിനിറ്റിൽ ചോരുന്നത് 138.777 ലീറ്റർ. രണ്ടാഴ്ച മുൻപ് മിനിറ്റിൽ 129.447 ലീറ്ററായിരുന്നു ചോർച്ച. 5 വർഷം മുൻപ് ഇത് 89 ലീറ്റർ മാത്രമായിരുന്നു. സുപ്രീം കോടതി ആവശ്യപ്പെട്ടതു പ്രകാരം തമിഴ്നാട് സർക്കാർ കൈമാറിയ സത്യവാങ്മൂലത്തിലാണു ചോർച്ചയുടെ വിവരങ്ങളുള്ളത്
കാഞ്ചീപുരം∙ ഒരു കിലോ തക്കാളിയുമായി എത്തുന്നവർക്ക് ഒരു ചിക്കൻ ബിരിയാണി സൗജന്യം. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ സൊത്തുപ്പാക്കത്തുള്ള ഒരു ഹോട്ടലാണു തക്കാളിക്കു പകരം ബിരിയാണി എന്ന കിടിലൻ ഓഫറുമായി എത്തിയത്. രണ്ടു ചിക്കൻ ബിരിയാണി വാങ്ങിയാൽ അരക്കിലോ തക്കാളി അങ്ങോട്ടു നൽകുമെന്നും വാഗ്ദാനമുണ്ടായിരുന്നു.
രാജ്യത്ത് ജനപ്പെരുപ്പം കുറയുന്നുവെന്നു വ്യക്തമാക്കി പ്രത്യുൽപാദന നിരക്ക് വീണ്ടും താഴ്ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കുടുംബാരോഗ്യ സർവേ റിപ്പോർട്ട്. പ്രത്യുൽപാദന നിരക്ക് 2015–16ലെ 2.2ൽ നിന്ന് 2 ആയി. ഒരു സ്ത്രീക്ക് 2.1 കുട്ടികൾ എന്ന ഐക്യരാഷ്ട്ര സഭ നിശ്ചയിച്ച (റീപ്ലേസ്മെന്റ് നിരക്ക്) നിരക്കിനെക്കാൾ കുറവാണിത്. കേരളം 1988ൽ തന്നെ ഈ നിരക്കിനു താഴെ എത്തിയിരുന്നു.
2021 അവസാനിക്കാൻ ഒരുമാസം ബാക്കിനിൽക്കെ സ്ത്രീകൾക്കു നേരെയുണ്ടായ അതിക്രമങ്ങളായി സംസ്ഥാനത്തു റജിസ്റ്റർ ചെയ്തത് 11,124 കേസുകളാണ്. ഈ വർഷം സെപ്റ്റംബർ വരെയുള്ള പീഡനക്കേസുകൾ 1,660. 2020ൽ ഇത് 1880 ആയിരുന്നു.
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം. എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.
സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയ്ക്കെതിരേ ഹൈക്കോടതി. റോഡ് പണിയാൻ അറിയില്ലെങ്കിൽ എൻജിനീയർമാർ രാജിവെക്കണമെന്ന് കോടതി പറഞ്ഞു. കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹർജി പരിഗണിക്കുന്നതിനിടെ ആയിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രൂക്ഷവിമർശനം ഉന്നയിച്ചത്.
നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ അച്ഛൻ പൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.