രണ്ടാം പാദ വാർഷിക പരീക്ഷ മാതൃക ചോദ്യോത്തരങ്ങൾ, STD III മലയാളം

December 10, 2024 - By School Pathram Academy

രണ്ടാം പാദ വാർഷിക പരീക്ഷ     മാതൃക ചോദ്യോത്തരങ്ങൾ,            ക്ലാസ് മൂന്ന് മലയാളം

പ്രവർത്തനം 1 : വായിക്കാം എഴുതാം

അപ്പു എഴുതിയ ഒരു കുറിപ്പ് വായിക്കൂ.

അച്‌ഛന് തെങ്ങുകയറ്റമാണ് ജോലി. അമ്മ പാടത്ത് പണിക്കു പോകും. കൊയ്യാനും ഞാറു നടാനും കളപറിക്കാനും കുറ്റമെതിക്കാനുമൊക്കെ അമ്മ പോകാറുണ്ട്. കൊയ്ത്തുകഴിഞ്ഞാൽ പാടത്ത് ഞങ്ങൾ കുട്ടികൾ പലതരം കളികളിലേർപ്പെടും. നാടൻകളികളും ക്രിക്കറ്റും എല്ലാം കളിക്കാറുണ്ട്. അമ്മ പണിക്കു പോകുമ്പോൾ അവധി ദിവസമാണെങ്കിൽ ഞാനും പോകാറുണ്ട്. കലപ്പ, നുകം, മരം, കൈക്കോട്ട്, ട്രാക്ടർ, ട്രില്ലർ തുടങ്ങിയവയൊക്കെ അങ്ങനെ ഞാൻ കണ്ടിട്ടുണ്ട്. നാടൻപാട്ടുകൾ പാടിയാണ് അമ്മയും കൂട്ടുകാരും പാടത്ത് പണിയെടുക്കുന്നത്. പണിയെടുക്കുമ്പോൾ അതിൻ്റെ ആയാസം അറിയാതിരിക്കാൻ തൊഴിലാളികൾ നാടൻപാട്ടുകൾ പാടാറുണ്ട് എന്ന് അമ്മ പറഞ്ഞു. കുറിപ്പ് വായിച്ചല്ലോ. ഇനി താഴെ തന്നിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.

1. താഴെ കൊടുത്തിരിക്കുന്നതിൽ നാടൻകളി അല്ലാത്തത് ഏത്?

(എ) അക്കുകളി

(ബി) ക്രിക്കറ്റ്

(സി) തലപ്പന്തുകളി

(ഡി) അമ്മാനക്കളി

2. പണിയെടുക്കുമ്പോൾ പാട്ടുകൾ പാടുന്നത് എന്തിനാണ്?

(എ) സന്തോഷത്തിന്

(ബി) പാട്ട് അറിയാവുന്നതുകൊണ്ട്

(സി) ആയാസം അറിയാതിരിക്കാൻ

(ഡി) വിനോദത്തിന്

3. കൂട്ടമായി ചെയ്യുന്ന ഒരു ജോലിയാണ്?

(എ) മീൻപിടുത്തം

(ബി) തെങ്ങുകയറ്റം

(സി) ഞാറുനടീൽ

(ഡി) മീൻവിൽപ്പന

4. നെൽകൃഷിയുമായി ബന്ധമില്ലാത്തത് ഏത്?

( എ) കലപ്പ

(ബി) കറ്റമെതിക്കൽ

(സി) കൈക്കോട്ട്

(ഡി) കുഴിയെടുക്കൽ

5. അമ്മയോടൊപ്പം അപ്പു പാടത്തു പോകുന്നത് എപ്പോഴാണ്?

(എ) അവധി ദിവസം

(ബി) വൈകുന്നേരം

(സി) രാവിലെ

(ഡി) എല്ലാദിവസവും

പ്രവർത്തനം 2 : അനുഭവക്കുറിപ്പ്

(എ) മഴ വരുന്നത് നിങ്ങൾ കണ്ടിട്ടില്ലേ. എങ്ങനെയാണ് മഴയുടെ വരവ്?

ഒരു അനുഭവക്കുറിപ്പ് തയാറാക്കുക.

ബി) ഒരു മഴച്ചൊല്ല് എഴുതുക.

പ്രവർത്തനം 3 : പോസ്‌റ്റർ വാക്യം എഴുതുക

(എ) ചിത്രം നോക്കൂ. ജലക്ഷാമം രൂക്ഷമായാൽ പക്ഷികളും മൃഗങ്ങളും വെള്ളം കിട്ടാതെ വലയും ജലം അമൂല്യമാണ് എന്ന ആശയം വരുന്ന പോസ്‌റ്റർ വാക്യം എഴുതുക.

(ബി) വെള്ളവുമായി ബന്ധപ്പെട്ട പദങ്ങൾ നോക്കൂ. ഈ പദങ്ങൾ അക്ഷരമാലാക്രമത്തിൽ എഴുതുക. വെള്ളം, ജലം, തോയം, സലിലം

പ്രവർത്തനം 4 : ഡയറിക്കുറിപ്പ്

(എ) ഇങ്കായിയെയും ഡങ്കായിയെയും കണ്ട ദിവസം ഉണ്ണിക്കുട്ടൻ ഡയറിയിൽ എന്തൊക്കെയാകും കുറിച്ചിട്ടുണ്ടാകുക? എഴുതൂ.

പ്രവർത്തനം 5 – കവിത പൂർത്തിയാക്കാം

(എ) കവിതാരചനാമത്‌സരത്തിൽ പങ്കെടുത്ത അപ്പുവിന് കിട്ടിയ വിഷയമാണ് മഴ. മഴയെക്കുറിച്ച് ഒരു കവിത നിങ്ങളും എഴുതി നോക്കൂ.

ചന്നം പിന്നം പെയ്‌ത മഴ

……………………………….

………………………………..

………………………………..

പ്രവർത്തനം 6 : യാത്രാനുഭവം

നിങ്ങൾ നടത്തിയ യാത്രയിലെ മറക്കാനാകാത്ത ഒരു അനുഭവം എഴുതൂ

Answer

പ്രവർത്തനം: 1

1. (ബി) ക്രിക്കറ്റ്

2. (സി) ആയാസം അറിയാതിരിക്കാൻ

3. (സി) ഞാറുനടീൽ

4. (ഡി) കുഴിയെടുക്കൽ

5. (എ) അവധി ദിവസം

പ്രവർത്തനം: 2

എ) ആകാശം കറുക്കും. തണുത്ത കാറ്റു വീശും. മിന്നലും കൂടെ ഇടിയും വരും. ഇലകൾ കാറ്റിൽ പറക്കും. തവളകൾ കരയും. ഇടിയു ടെയും മിന്നലിൻ്റെയും അകമ്പടിയോടെ മഴത്തുള്ളികൾ താഴേക്കു പതിക്കും. മാനത്തു നിന്ന് നൂലിറക്കുന്നതുപോലെ തോന്നും അതു കണ്ടാൽ. പിന്നെ മഴനൂലിന് വണ്ണം കൂടും. കുറെ നേരം പെയ്‌തു കഴിയുമ്പോൾ മഴനൂല് ചെറുതായി ചെറുതായി വരും.

ബി) തിരുവാതിരയിൽ തിരിമുറിയാതെ.

പ്രവർത്തനം: 3

(എ) ഓരോ തുള്ളി ജലവും പ്രകൃതിയുടെ വരദാനമാണ്. ജലം പാഴാക്കരുതേ.

(ബി) ജലം, തോയം, വെള്ളം, സലിലം

പ്രവർത്തനം: 4

മംഗലാപുരത്ത് മാമൻ്റെ വീട്ടിൽ പോയിട്ട് വരുന്നവഴി ട്രെയിനിൽ വച്ച് രണ്ടു കൂട്ടുകാരെ കിട്ടി. ഉണ്ടക്കണ്ണും വാലും നീണ്ട ചെവിയും എല്ലാമുള്ള കൂട്ടുകാർ. മുടി യൊക്കെ നീണ്ട് വേറെ ഏതോ ഗ്രഹത്തിൽ നിന്ന് വന്നതാ. ഡങ്കായി, ഇങ്കായി എന്നാണവരുടെ പേര്, അവരെക്കണ്ട് ട്രെയിനിലുള്ള പോലീസുകാർ വരെ പേടിച്ച് ബോധം കെട്ടു. എനിക്ക് അവരെക്കണ്ടിട്ട് ഒരു പേടിയും തോന്നിയില്ല. മാണ്ടായി ആണെന്നാ ഞാ നാദ്യം ഓർത്തേ, അവരെ കോഴിക്കോട്ട് ഇറക്കി വിട്ടു. അവർക്ക് നല്ല നീണ്ട മുടിയാണ്. അത് വെട്ടാനുള്ള സ്ഥലം അന്വേഷിച്ചാണ് അവർ വന്നത്. മുടിയൊക്കെ വെട്ടി അവർ കോഴിക്കോട്ടുതന്നെ ഉണ്ടാവും. നാളെ ഞാൻ പോയി അവരെ കാണും.

പ്രവർത്തനം: 5

ചന്നംപിന്നം പെയ്‌ത മഴ ചാറിച്ചാറി പെയ്‌ത മഴ മണ്ണിനു മീതെ പെയ്‌ത മഴ മരത്തിനു മീതെ പെയ്‌ത മഴ കടലിനു മീതെ പെയ്‌ത മഴ ആഹാ എന്തു രസമി മഴ നനയാൻ വായോ കൂട്ടുകാരേ പുഴയുടെ മീതെ പെയ്‌ത മഴ

പ്രവർത്തനം: 6

മീനു എഴുതിയത്

അമ്മയുടെ വീടായ മാങ്കുന്നിലേക്ക് അമ്മയോ ടൊപ്പം ബസിലാണ് പോയത്. ബസ്‌സ്‌റ്റാൻഡിൽ നിന്നപ്പോൾ ധാരാളം ആളുകളെ കണ്ടു. അതിലൊരാൾ പെട്ടെന്ന് എന്റെ ശ്രദ്ധയിൽ പ്പെട്ടു. ഒരു ലോട്ടറിക്കച്ചവടക്കാരനായിരുന്നു അത്. രണ്ടു കാലുകൾക്കും സ്വാധീനമില്ല. നിലത്തുകൂടി നിരങ്ങി നിരങ്ങി നീങ്ങി ലോട്ടറി വിൽക്കുന്നു. എനിക്കത് കണ്ടപ്പോൾ സങ്കടം തോന്നി. അതിലുമപ്പുറം തൊഴിലെടുത്തു ജീവിക്കാനുള്ള അദ്ദേഹത്തിൻ്റെ മനസ്സാർ ത്ത് അഭിമാനവും.