മരങ്ങളെയും പുഴകളെയും സ്നേഹിക്കുന്ന തട്ട എൻ.എസ്.എസ് . ഹൈസ്കൂളിലെ അധ്യാപകനായ വി.ഹരി ഗോവിന്ദൻ മാഷ്

August 25, 2024 - By School Pathram Academy

മരങ്ങളെയും പുഴകളെയും സ്നേഹിക്കുന്ന

വി.ഹരി ഗോവിന്ദൻ മാഷ്

 

മനുഷ്യത്വം പോലും മരിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് മണ്ണിനെയും,മരങ്ങളെയും,പുഴകളെയും ഹൃദയത്തോടു ചേർത്ത് ഒരു അധ്യാപകൻ…. പഠനത്തോടൊപ്പം തൻ്റെ വിദ്യാർഥികൾക്ക് പ്രകൃതി സ്നേഹത്തിൻറെ ബാലപാഠങ്ങൾ കൂടി പറഞ്ഞു കൊടുക്കുന്ന മഹത്തായ  

പ്രവർത്തനങ്ങളാണ് തട്ട എൻ.എസ്.എസ് . ഹൈസ്കൂളിലെ അധ്യാപകനായ ഹരിഗോവിന്ദൻ മാഷ് നടത്തിവരുന്നത്. 

 

14 വർഷം ജോലി ചെയ്ത വിദ്യാലയങ്ങളിലും, ഇടക്കാലത്ത് സമഗ്ര ശിക്ഷ കേരള, ചെങ്ങന്നൂർ ബി.ആർ.സി ക്ലസ്റ്റർ കോർഡിനേറ്ററായി ജോലി ചെയ്ത് കാലയളവിലും തൻ്റെ വിദ്യാലയ ത്തോടൊപ്പം, വിവിധ സ്കൂളുകളിൽ സന്നദ്ധ സംഘടനകളുമായി ചേർന്ന് “മധുരവനം” പദ്ധതി നടപ്പാക്കിയിട്ടുണ്ട്.

 കീടനാശിനികൾ, രാസവളങ്ങൾ, പ്ലാസ്റ്റിക് എന്നിവയുടെ അമിത    ഉപയോഗത്തിനെതിരെ കുട്ടികളുമായി ചേർന്ന് നടത്തിയ പോരാട്ടങ്ങൾക്ക് ഫലം കണ്ടു. 

വീട്ടിലെ ഒരു മരക്കൊമ്പ് വെട്ടിമാറ്റിയാൽ രക്ഷിതാക്കളോട് കലഹിക്കുന്ന ഒരു വിദ്യാർഥി സമൂഹത്തെ രൂപപ്പെടുത്തി എടുക്കുവാൻ കഴിഞ്ഞു എന്ന സന്തോഷത്തിലാണ് മാഷ്. 

കേരളത്തിലെ ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷണ സംഘടനയായ നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ പത്തനംതിട്ട ജില്ലാ കോഡിനേറ്റർ,പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന തിരുവിതാംകൂർ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.കോവിഡ് കാലയളവിൽ ആലപ്പുഴ ജില്ലയിലെ ചെറിയനാട് ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലെ കുട്ടികളെയും ഉൾക്കൊള്ളിച്ചുകൊണ്ട് “നന്മ മരം” എന്നപേരിൽ നടത്തിയ വൃക്ഷ വ്യാപന പദ്ധതി ഏറെ ശ്രദ്ധേയമാണ്.തൻ്റെ വീടിൻ്റെ സമീപത്തുള്ള തിരുവല്ല ചന്ത തോടിനെ വീണ്ടെടുക്കുവാൻ പരിസ്ഥിതി പ്രവർത്തകരുമായി ചേർന്ന് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് മാഷ് .താമസിക്കുന്ന വീടിനോടുചേർന്ന് വംശനാശം നേരിടുന്ന മുന്നൂറിൽപ്പരം ഔഷധസസ്യങ്ങൾ സംരക്ഷിച്ചുവരുന്നു. രുദ്രാക്ഷം ,ദന്തപാല, സോമലത,മൃതസഞ്ജീവനി, കടമ്പ്, വിവിധ ഇനം തുളസിച്ചെടികൾ എന്നിവ ഇതിൽ പ്രധാന സസ്യങ്ങൾ ആണ്. 

സ്കൂൾ തലത്തിൽ ദേശീയ ഹരിതസേന എക്കോ ക്ലബ്ബ്,ഫോറസ്ട്രി ക്ലബ്, എന്നിവയുടെ കോ-ഓർഡിനേറ്ററായി പ്രവർത്തിച്ചുവരുന്നു. വിവിധ പരിസ്ഥിതി പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടത്തിവരുന്നു. “പ്ലാൻ്റ്സ് ഫോർ മദർ ” എന്ന വൃക്ഷ വ്യാപന പദ്ധതി ഇതിൽ പ്രധാന പ്രവർത്തനമാണ്. 

പത്തനംതിട്ട ജില്ലാ സോഷ്യൽ ഫോറസ്ട്രിയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളിൽ മാഷ് സജീവമാണ്.

ലോക സർപ്പ ദിനത്തിൽ സർപ്പ ആപ്പ് പൊതുജനങ്ങൾക്ക് പരിചയ പ്പെടുത്തുന്നപരിപാടികൾക്ക്

 നേതൃത്വം വഹിച്ചു. കൂടാതെ മദ്ധ്യതിരുവിതാംകൂറിലെ വിവിധ ആരാധനാലയങ്ങൾ, വിവിധ പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ വൃക്ഷവ്യാപന പദ്ധതികൾ 

നടപ്പാക്കിവരുന്നു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ പരമാവധി ജനങ്ങളിൽ എത്തിക്കുവാൻ വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്നു .പ്ലാസ്റ്റിക്കി നെതിരെ പോരാടുവാൻ സ്കൂളിലെ കുട്ടികളുമായി ചേർന്ന് തുണിസ ഞ്ചികൾ വീടുകളിൽ നൽകി പ്ലാസ്റ്റിക് അവബോധം ജനങ്ങളിലെത്തിക്കുന്ന പ്രവർത്തനം മാഷ് നടത്തിയത് പൊതുജന അംഗീകാരം ലഭിച്ച ഒരു പരിപാടിയാണ്. 

2023 ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ അംബേദ്കർ പരിസ്ഥിതി മിത്ര പുരസ്കാരം, 

പരിസ്ഥിതി പ്രവർത്തകർക്ക് നൽകുന്ന സുന്ദർലാൽ ബഹുഗുണ ബെസ്റ്റ് ടീച്ചേഴ്സ് അവാർഡ്, ട്രാവൻകൂർ ജനസേവ ചാരിറ്റബിൾ ഫൗണ്ടേഷൻ 

നടപ്പാക്കിയ യുവ പരിസ്ഥിതി പ്രവർത്തക അവാർഡ് എന്നിവ മാഷിനെ തേടിയെത്തി. 

കുട്ടികളിലെ ലഹരി പ്രവണത ഒഴിവാക്കുവാൻ പരിസ്ഥിതി, കാർഷിക മേഖലകളിലുള്ള 

 പ്രവർത്തനങ്ങളിൽ കുട്ടികൾ കൂടുതൽ സജീവമാകുന്നത് നല്ലതാണ് എന്നൊരു അഭിപ്രായം മാഷിനുണ്ട്.പരിസ്ഥിതി സ്നേഹം വാക്കുകളിൽ അല്ല മറിച്ച് പ്രവൃത്തിയിലാണ് എന്ന ഉറച്ച നിലപാടിൽ നിൽക്കുന്ന മാഷ് വിദ്യാലയത്തെ പരിസ്ഥിതി സൗഹൃദ കേന്ദ്രമാക്കി മാറ്റുവാനുള്ള ശ്രമത്തിലാണ്.റിട്ടേഡ് ബാങ്ക് ഉദ്യോഗസ്ഥനായ പിതാവ് എം.ജി വിജയകുമാറും, മാതാവ് 

രമാദേവിയും, അധ്യാപികയായ ഭാര്യ ജ്യോതിലക്ഷ്മിയും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ മാലതിയും എല്ലാ പ്രവർത്തനങ്ങൾക്കും പൂർണപിന്തുണയുമായി മാഷിനൊപ്പം ഉണ്ട്.

Category: NewsSchool News