അധ്യാപകർക്ക് കുട്ടികളെ നിയന്ത്രിക്കാൻ പറ്റുന്നില്ല … നാം എങ്ങോട്ട് ?

ഭയമാകുന്നു… എനിക്ക് പേടിയാകുന്നു…എനിക്ക്
എന്താണ് നമ്മുടെ നാടുകളിൽ നടക്കുന്നത്. ഒരു ഭാഗത്ത് അച്ഛനെ മകൻ വെട്ടിക്കൊല്ലുന്നു.മറ്റൊരു ഭാഗത്ത് മകനെ അച്ഛൻ വെട്ടിക്കൊല്ലുന്നു. മകൻ അമ്മയെ കുത്തി കൊല്ലുന്നു.സഹപാഠിയെ കുത്തിക്കൊല്ലാൻ യാതൊരു മടിയും ഇല്ലാത്ത നമ്മുടെ നാട്. റാഗിംഗ് ഇന്ന് നമ്മുടെ നാടിന്റെ ഒരു തീരാ ശാപമായി മാറിയിരിക്കുന്നു. എല്ലാവർക്കും എല്ലാവരെയും ഭയമാണ് .കുട്ടികൾക്ക് അധ്യാപകരെ ഭയമാണ്. അധ്യാപകർക്ക് കുട്ടികളെ ഭയമാണ്. എന്തിനധികം പോലീസ് ഡിപ്പാർട്ട്മെൻ്റിന് പോലും ഇന്ന് ഭയമായിരിക്കുന്നു.
ഭയത്തോടുകൂടിയാണ് എല്ലാവരും എല്ലാവരെയും സമീപിക്കുന്നത്. യാത്ര ചെയ്യുമ്പോൾ .. വാഹനം ഡ്രൈവ് ചെയ്യുമ്പോൾ… കാൽനടയാത്രക്കാർ വാഹനങ്ങൾക്ക് കുറുകെ നടക്കുമ്പോഴൊക്കെ നമുക്ക് ഭയമാണ്.
എന്താണ് ഇതിന്റെയൊക്കെ പിന്നിലുള്ള കാര്യം എന്ന് ആലോചിക്കുമ്പോൾ ഒരു എത്തും പിടിയും കിട്ടുന്നില്ല. ഒരുഭാഗത്ത് ലഹരി പിടിമുറുക്കുമ്പോൾ.. റാഗിങ്ങിന്റെ കൂത്തരങ്ങളായി കാമ്പസുകൾ മാറുമ്പോൾ.. ഇതിനൊരു അറുതി വരുത്താൻ ആർക്കാണ് കഴിയുക. നിസ്സാര കാര്യങ്ങൾ പറഞ്ഞ് കുട്ടികൾ ടെറസിന്റെ മുകളിൽ നിന്ന് താഴേക്ക് എടുത്ത് ചാടി ആത്മഹത്യ ചെയ്യുന്നു. മൊബൈൽ ചോദിച്ചാൽ കൊടുത്തില്ലെങ്കിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ കുട്ടികൾ ആത്മഹത്യ ചെയ്യുന്നു… മൊബൈലിൽ റീചാർജ് ചെയ്തില്ലെങ്കിൽ കുട്ടികൾ വീടുവിട്ടിറങ്ങുന്നു. സഹപാഠിയെ കുത്തിക്കൊല്ലുന്നു. കാമുകൻ കാമുകിയെ സംശയത്തിന്റെ പേരിൽ കൊല ചെയ്യുന്നു. കൊലപാതകത്തിന്റെയും വേദനയുടെയും വേദനിപ്പിക്കുന്നതിന്റെയും കഥകൾ മാത്രമാണ് നമുക്കിന്ന് കേൾക്കാൻ പറ്റുന്നുള്ളൂ.
തിരുവനന്തപുരത്ത് ഒരു സ്കൂളിലെ ഒരു ക്ലർക്കുമായി ബന്ധപ്പെട്ട എന്തോ പ്രശ്നത്തിന്റെ പേരിലാണ് ഒരു കുട്ടി കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്.
അധ്യാപകർക്ക് കുട്ടികളെ നിയന്ത്രിക്കാൻ ആകുന്നില്ല. കുട്ടികൾ എന്തു പറയുന്നുവൊ അതിനൊപ്പം ഇന്ന് അധ്യാപകരും ചലിക്കുകയാണ്. പണ്ടുകാലത്ത് അങ്ങനെ ആയിരുന്നില്ല. അധ്യാപകർ പറഞ്ഞാൽ അവർ പറയുന്നത് നല്ല കാര്യമാണെന്ന ചിന്തയോടെ മാതാപിതാക്കളും കുട്ടികളും അതിനെ പിന്തുണ നൽകുമായിരുന്നു. ഇന്ന് ആരും സപ്പോർട്ട് ചെയ്യുന്നില്ല.
മനുഷ്യൻറെ മൂല്യങ്ങൾ നശിച്ചു കൊണ്ടിരിക്കുന്നു. ഓരോ ദിനവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യങ്ങളെ തിരിച്ചുപിടിക്കാൻ ഇനി എന്താണ് ഒരു പോംവഴി ?
ഈ ചിന്ത എല്ലായിടത്തും ഓടി നടക്കുന്നുണ്ട്. സ്കൂളുകളിൽ പല നല്ല കാര്യങ്ങളും ചെയ്തുകൊണ്ടിരുന്ന പല അധ്യാപകരും ഇന്ന് പിന്നോക്കം പോയിരിക്കുന്നു.കുട്ടികൾ ചീത്ത പ്രവണതകൾ ചെയ്താലും അവരെ ഉപദേശിക്കുവാനോ അവർക്ക് ആവശ്യമായ മാർഗ്ഗനിർദേശം നൽകുവാനോ പല അധ്യാപകർക്കും എന്ന് ഭയമാണ്, താല്പര്യമില്ലായ്മയാണ് പലയിടത്തും കാണുന്നത്. അധ്യാപകന്റെ മുന്നിൽവച്ച് തന്റെ സഹപാഠിയായ വിദ്യാർഥിയെ എന്തും ചെയ്യുന്ന ഒരു അവസ്ഥയിലേക്ക് ഇന്ന് നമ്മുടെ വിദ്യാലയങ്ങൾ മാറിക്കൊണ്ടിരിക്കുന്നു.
സ്കൂളുകൾ അടയ്ക്കുന്ന ദിവസം ആഘോഷത്തിന്റെ പേരിൽ കൂട്ടത്തല്ലുകളാണ്. സ്കൂളുകൾ അടച്ച് അവധി നൽകുന്ന ദിവസം റോഡ് സൈഡിൽ കുട്ടികളുടെ പരസ്പരമുള്ള പോർവിളികളാണ് കാണുന്നത്. ആനിവേഴ്സറികൾ നടത്താൻ ഇന്ന് സ്കൂളുകൾക്ക് ഭയമാണ്. ആനിവേഴ്സറിയുടെ പിന്നിലും പല രീതിയിലുള്ള പ്രശ്നങ്ങളാണ് ഇന്ന് രൂപപ്പെട്ടു വരുന്നത്.
കോട്ടയത്ത് 5 വിദ്യാർത്ഥികളാണ് കോളേജിൽ പഠിക്കുന്ന സഹപാഠിയെ റാഗിംഗ് ചെയ്തത്. എത്ര ക്രൂരമാണ്.എങ്ങനെ ഇവർക്ക് ഇത് ചെയ്യാൻ സാധിക്കുന്നു ? അതിൻ്റെ വീഡിയോ കാണുമ്പോൾ നമുക്ക് ഭീതിയും ഭയവും ഒക്കെ അനുഭവപ്പെടുകയാണ്.സഹിക്കാവുന്നതിനപ്പുറമാണ് ഇതൊക്കെ എങ്ങനെ ചെയ്യുന്നുവെന്ന് ചോദിച്ചാൽ ഉത്തരമില്ല. എല്ലാവരും കൈ മലർത്തുകയാണ്. എല്ലാവരും തള്ളിപ്പറയുകയാണ്. പക്ഷേ വയനാട്ടിലെ സിദ്ധാർത്ഥും ഇത്തരത്തിൽ മരണത്തിന് വിധേയമായപ്പോൾ നമ്മൾ കൂട്ടക്കരച്ചിൽ നടത്തി. പരിഹാരമുണ്ടായില്ല.
ഇനിയും ഇത് ആവർത്തിക്കും. ഇതിന്റെ പിന്നിലെ ശക്തികൾ ആരായാലും അവരെ തേടിപ്പിടിച്ച് ഇല്ലായ്മ ചെയ്യുന്നതുവരെ ഈ ഈ ക്രൂരതയും അക്രമവാസനയും തുടർന്നുകൊണ്ടേയിരിക്കും. അവസാനിക്കണം.അവസാനിപ്പിക്കണം ഈ അക്രമ ക്രൂര വാസനകളെ. അതിന് നാം ഉണരേണ്ടിയിരിക്കുന്നു.
എന്താണ് ഇതിനൊരു പരിഹാരം എന്ന് എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ചോദിക്കുന്നു . ആരാണ് ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്തേണ്ടത് ? എങ്ങനെ ഇതിനൊരു അവസാനം ഉണ്ടാകും ? പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ചോദിച്ചുകൊണ്ട് നടക്കുന്ന സമകാലിക ലോകത്തിൽ ഇനിയെന്ത് ! നാളെ എന്ത് ! എന്ന് ചിന്തിക്കാനേ വയ്യ. വിദൂര ഭാവിയിൽ ഒരു പരിഹാരം ഉണ്ടാകും എന്നൊന്നും നമുക്ക് പ്രതീക്ഷിക്കാൻ വയ്യ. എങ്കിലും നമുക്ക് നല്ലൊരു നാളെ സ്വപ്നം കാണാൻ കഴിയും.കഴിയട്ടെ എന്ന പ്രതീക്ഷയോടെ
നിങ്ങളുടെ സ്വന്തം കൂട്ടുകാരൻ.
മൊയ്തീൻഷാ