ഭക്ഷണവും തണുപ്പിനെ അതിജീവിക്കാനുള്ള വസ്ത്രങ്ങളും ഇല്ലെന്നും എംബസിയെ ബന്ധപ്പെടാന്‍ ആകുന്നില്ലെന്നും ലൈവിലെത്തി പല മലയാളി വിദ്യാര്‍ഥികളും പ്രതികരിക്കുന്നുണ്ട്
റഷ്യന്‍ സൈന്യം ഉക്രയ്ന് തലസ്ഥാനത്ത് ഉള്‍പ്പെടെ കടന്നുകയറിയതിന് പിന്നാലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ബങ്കറുകളിലും ഭൂഗര്‍ഭ മെട്രോകളിലും അഭയം തേടിയെന്ന് ഉക്രയ്നില്‍ എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റും മലയാളിയുമായ ഡോ. പാട്രിക് റോയ്സണ്‍.
കൊടും തണുപ്പിലാണ് പലരും. നിലവില്‍ കൈവശം ഭക്ഷണം ഉണ്ടെങ്കിലും കൂടുതല്‍ നേരം തുടരേണ്ടി വന്നാല്‍ ഇവിടേക്ക് ഭക്ഷണം എത്തിക്കുക സാധ്യമാകുമോ എന്നറിയില്ലെന്നും ഡോ. പാട്രിക് റോയ്സണ്‍ പറഞ്ഞു.
ഉക്രയ്ന്റെ വിവിധ മേഖലകളില്‍ നിരന്തരമായി അപായമണി മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. മൂന്ന് തവണ അടുപ്പിച്ച് സൈറണ്‍ മുഴങ്ങുമ്പോള്‍ ജനങ്ങള്‍ ഏറ്റവുമടുത്തുള്ള ബോംബ് ഷെല്‍ട്ടറുകളിലേക്ക് മാറണം എന്നാണ് ഉക്രയ്ന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍, അതിന് കാത്തുനില്‍ക്കാതെ പലരും സുരക്ഷിത താവളങ്ങളിലേക്ക് മാറിക്കഴിഞ്ഞു. വിവിധ അതിര്‍ത്തികള്‍ വഴി രക്ഷാദൗത്യം ആരംഭിക്കുന്നതായി എംബസി അറിയിച്ചിട്ടുണ്ട്. എന്നാല്‍, വിദ്യാര്‍ഥികളെ അതിര്‍ത്തികളിലേക്ക് എത്തിക്കാന്‍ തങ്ങളുടേത് അടക്കമുള്ള ഏജന്‍സികളോടാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
‘ഉക്രയ്ന്റെ പലഭാഗങ്ങളിലെ സര്‍വകലാശാലകളില്‍ പഠിക്കുന്ന കുട്ടികള്‍ 18ഉം 20ഉം മണിക്കൂറുകളിലധികം യാത്ര ചെയ്ത് വേണം അതിര്‍ത്തിയില്‍ എത്താന്‍. ഞങ്ങളുടെ ഏജന്‍സി സ്ഥിതി ചെയ്യുന്ന വിന്നിത്സിയയില് നിന്ന് ഏറ്റവും അടുത്ത അതിര്‍ത്തിയായ ഹംഗറിയില്‍ എത്താന്‍ 18 മണിക്കൂറിലധികം വേണം. വളരെ കുറവ് ട്രെയ്നുകളാണ് നിലവില്‍ ഓടുന്നത്. അവയിലൊന്നും ടിക്കറ്റ് ലഭ്യമല്ല. ബസ് സര്‍വീസ് നടത്തുന്ന പല കമ്പനികളെയും ഡ്രൈവര്‍മാരെയും വിളിച്ചെങ്കിലും വരാന്‍ ആരും തയ്യാറല്ല. ടാക്സികള്‍ ലഭ്യമല്ല. ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പുറത്ത് ഇറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനം വളരെ പരിഭ്രാന്തരാണ്. വ്യാഴാഴ്ച മുഴുവന്‍ ആളുകള്‍ യുദ്ധസാഹചര്യം മുന്നില്‍ക്കണ്ട് സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്നും മറ്റും സാധനങ്ങള്‍ വീടുകളില്‍ ശേഖരിക്കാന്‍ തിരക്കുകൂട്ടുകയായിരുന്നു. പലയിടത്തും സ്റ്റോക്ക് തീര്‍ന്നു. കീവിലടക്കം പല എടിഎമ്മുകളും കാലിയാണ്.
റഷ്യന്‍ സൈനികനീക്കത്തെ ശക്തമായി പ്രതിരോധിക്കുന്നു എന്ന് പൊതുജനങ്ങള്‍ക്ക് ഉക്രയ്ന് സര്‍ക്കാര്‍ വിവരം നല്‍കിയിട്ടുണ്ട്. സാഹചര്യം കൂടുതല്‍ വഷളായാല്‍ പരിശീലനം നല്‍കിയിട്ടുള്ള പൊതുജനങ്ങളെ അണിനിരത്തിയുള്ള പ്രതിരോത്തിനും തയ്യാറാകും. ഭക്ഷണവും തണുപ്പിനെ അതിജീവിക്കാനുള്ള വസ്ത്രങ്ങളും ഇല്ലെന്നും എംബസിയെ ബന്ധപ്പെടാന്‍ ആകുന്നില്ലെന്നും ലൈവിലെത്തി പല മലയാളി വിദ്യാര്‍ഥികളും പ്രതികരിക്കുന്നുണ്ട്.