ബലൂണുകളിൽ വിസ്മയമൊരുക്കിയ റൈഹാന് ബാല പ്രതിഭ പുരസ്ക്കാരം

October 14, 2024 - By School Pathram Academy

ബലൂണുകളിൽ വിസ്മയമൊരുക്കിയ റൈഹാന് ബാല പ്രതിഭ പുരസ്ക്കാരം

 

ബലൂണുകളിൽ വർണ്ണവിസ്മയമൊരുക്കി വിവിധ രൂപങ്ങൾ ഒരുക്കി കൊച്ചു കൂട്ടുകാർക്ക് വിസ്മയവും ആഹ്ലാദവും നൽകുന്ന ബലൂൺ ആർട്ടിസ്റ്റായ റൈഹാൻ സമീറിന് എ പി. ജെ അബ്ദുൽ കലാം സ്റ്റഡി സെന്ററിൻ്റെ ഈ വർഷത്തെ ബാല പ്രതിഭ പുരസ്കാരം ലഭിച്ചു. നാളെ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സമ്മേളനത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങും.

 

കോവിഡ് ലോക്ക് ഡൗൺ കാലത്ത് ഓൺലൈൻ വഴി ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് ജേതാവായ ഷിജിന പ്രീതിന്റെ നേതൃത്വത്തിൽ നടത്തിയ ബലൂൺ ആർട്ട് കോഴ്സിൽ ചേർന്നാണ് റൈഹാൻ പഠിച്ചത്. മൊബൈൽ ഫോണിൽ സദാ സമയവും ചെലവഴിച്ചിരുന്ന മകനെ കുറച്ച് സമയമെങ്കിലും അതിൽ നിന്നും മാറ്റുവാൻ വേണ്ടിയാണ് ഇത്തരമൊരു കോഴ്സിന് ചേർത്തെതെന്ന് പിതാവും വി.എച്ച്. എസ് സ്കൂൾ അധ്യാപകനുമായ സമീർ സിദ്ദീഖി പറഞ്ഞു. ദി കേക്ക് ഗേൾ എന്ന ഹോം ബേക്കിംഗ് സ്ഥാപന ഉടമ കൂടിയായ തസ്നിം സമീറും റൈഹാന് പ്രചോദനമായി എല്ലായിപ്പോഴും ഒപ്പമുണ്ട്. ഇരിങ്ങോൾ ഗവൺമെൻ്റ് വി. എച്ച്. എസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് റൈഹാൻ സമീർ. സ്വന്തമായി റൈഹാൻ ടെക്ക് ആൻഡ് വ്ളോഗ്സ് എന്നേ പേരിൽ ഒരു യൂ ട്യൂബ് ചാനലുമുണ്ട്. അബാക്കസ് പരീക്ഷയിൽ എറണാകുളം ജില്ലയിൽ ഒന്നാം റാങ്ക് നേടിയിട്ടുണ്ട്. 

 

ജന്മദിനം, വിവാഹം, വിവാഹ വാർഷികം തുടങ്ങിയ വിവിധ ആഘോഷ ദിവസങ്ങളിൽ ബലൂൺ കൊണ്ട് വിവിധ രൂപങ്ങൾ തയ്യാറാക്കി അലങ്കരിക്കാൻ പോകാറുണ്ട്. ഇതിലൂടെ ചെറിയൊരു വരുമാനവും ലഭിക്കുന്നുണ്ട് ഈ കൊച്ചു മിടുക്കന്. അവധിക്കാലത്ത് നിരവധി സ്കൂളുകളിലും അങ്കണവാടികളിലും ബി.ആർ സി കളിലും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഓൺലൈൻ ആയും ഓഫ് ലൈനായും ക്ലാസുകൾ എടുത്ത് വരുകയാണ്. ബലൂണുകൾ വെറുതെ ഊതി വീർപ്പിച്ച് പൊട്ടിച്ചു കളയാനുള്ളതല്ലന്നും ബലൂൺ ആർട്ടിലൂടെ വർണ വിസ്മയമൊരുക്കി ആർക്കും വരുമാനം നേടാമെന്ന് പത്തു വയസുകാരൻ റൈഹാൻ സമീർ പറഞ്ഞു.

Category: NewsSchool News