പാറശ്ശാല ഇവാൻസ് ടി.ടി ഐ യ്ക്ക് മുന്നിലെ പുളിമരച്ചോട്ടിൽ ഞങ്ങൾ പഴയ കളിക്കൂട്ടുകാരായി മാറി…
![](https://www.schoolpathram.com/wp-content/uploads/2023/05/IMG_20230514_083251.jpg)
കഴിഞ്ഞ ദിവസം ടി.ടി.സി ക്കാലത്ത് ഒപ്പം പഠിച്ചിച്ചിരുന്ന ചില കൂട്ടുകാർ ക്കൊപ്പം ഞങ്ങളുടെ പഴയ വിദ്യാലയത്തിൽ ഒത്തു ചേർന്നു. പാറശ്ശാല ഇവാൻസ് ടി.ടി ഐ യ്ക്ക് മുന്നിലെ പുളിമരച്ചോട്ടിൽ ഞങ്ങൾ പഴയ കളിക്കൂട്ടുകാരായി മാറി…
പാഠ്യപദ്ധതിയും പഠന തന്ത്രങ്ങളും ,പഠന പ്രവർത്തനങ്ങളുടെ ആസൂത്രണം , ടീച്ചിംഗ് മാന്വൽ എന്നിവയെ കുറിച്ച് സമഗ്ര ധാരണ ലഭിച്ചത് ഈ പരിശീലന കാലഘട്ടത്തിലാണ്. ടീച്ചിംഗ് എയ്ഡ്സ് നിർമ്മിച്ചും അമ്പതോളം റിക്കാർഡുകൾ എഴുതിക്കൂട്ടിയും അധ്യാപകനാവാനുള്ള തയ്യാറെടുപ്പിന് ഒപ്പം കൂടിയവരായിരുന്നു ഈ ദിനത്തിൽ 38 വർഷങ്ങൾക്ക് ശേഷം ഒത്തു കൂടിയത്. പഠനോപകരണങ്ങളും റിക്കാർഡുകളും അടുക്കി വച്ച് അതിന് കാവലായി മാറി കമ്മീഷനെ നേരിട്ട അനുഭവങ്ങളും അന്ന് അനുഭവിച്ച ടെൻഷനും ഞങ്ങൾ ഓർത്തെടുത്ത് പങ്കു വച്ചു.
ഒപ്പം ഇരുന്ന് പഠിച്ച ക്ലാസ് മുറികളും സംവാദങ്ങൾക്ക് വേദിയായ ലൈബ്രറിയും നിറയെ മനോഹരമായ പൂക്കൾ തലയാട്ടി നിന്നിരുന്ന ചെമ്പരത്തികൾ അതിരിട്ട പൂന്തോട്ടവും കരിങ്കല്ലുകൾ കൊണ്ട് കെട്ടിപ്പൊക്കിയ സ്കൂൾ കെട്ടിടങ്ങളും വീണ്ടുമൊരിക്കൽ കൂടി ഞങ്ങൾ നടന്ന് കണ്ടു. രാവിലെ അസംബ്ലിയിൽ ഒപ്പം ചേർന്നിരുന്ന പുളിമരച്ചോട്ടിൽ മരത്തണലിന്റെ തണുപ്പാസ്വദിച്ച് ഞങ്ങൾ വിശേഷങ്ങൾ പങ്കു വച്ചു.
നാല്പതോളം പേർ ഒരുമിച്ച് കഴിഞ്ഞിരുന്ന പഴയ ഹോസ്റ്റൽ മുറിയിലിരുന്ന് കൊണ്ടു വന്ന പലഹാരങ്ങൾ പങ്കിട്ട് കഴിച്ചു. പഠന കാലത്ത് കാട്ടിയ കുറുമ്പുകളും ക്ലാസ് മുറിയിലെ പഴയ കാല രസകരമായ ഓർമ്മകളും പങ്കു വച്ച് ഏറെ നേരം ചിരിച്ചു. പുതിയ തലമുറയിലെ കുറെ കൂട്ടുകാരും അധ്യാപകരും അവധിക്കാലത്ത് നടക്കുന്ന ക്യാമ്പിന്റെ മുന്നൊരുക്കത്തിലായിരുന്നു. സ്കൂൾ പാർലമെന്റ് പ്രവർത്തനങ്ങൾ , വായന പ്രവർത്തനങ്ങൾ എന്നിവയിൽ സജീവമായി പങ്കെടുത്തതിന്റെ ഓർമ്മകൾ ഇന്നും സജീവമായി പലരുടെയും മനസ്സുകളിലുണ്ട്.
ഒപ്പം പഠിച്ചിരുന്ന ചില കൂട്ടുകാരുടെയും പഠിപ്പിച്ച അധ്യാപകരുടെയും മരണവും അവരെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കാനും ഈ കൂടിച്ചേരൽ ഇടയാക്കി… ആഗസ്റ്റിൽ വീണ്ടും വിപുലമായ ഒരു കൂടിച്ചേരൽ ആസൂത്രണം ചെയ്ത ശേഷമാണ് ഞങ്ങൾ പിരിഞ്ഞത്.
Prem Jith