ടീച്ചിംഗ് മാന്വൽ ഷെയറിംഗ് ടീച്ചേഴ്സ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൻറെ അഡ്മിൻ സ്കൂൾ പത്രത്തോട് പ്രതികരിക്കുന്നു. പതിനേഴാം തീയതി രാത്രി നൂറുകണക്കിന് കോളുകളും മെസ്സേജുകളും അസഭ്യവർഷങ്ങളും എനിക്ക് അഭിമുഖീകരിക്കേണ്ടിവന്നു. തുടർന്ന് എന്നോട് യാതൊരു വിശദീകരണവും ചോദിക്കാതെ മാതൃഭൂമിയിൽ ഒരു വാർത്തയും പ്രത്യക്ഷപ്പെട്ടു. ഒരു സ്ത്രീ എന്ന നിലയിൽ മാനസികമായി വളരെ സമ്മർദ്ദം നേരിട്ട ഞാൻ കുടുംബാംഗങ്ങളുടെ നിർദ്ദേശപ്രകാരം ഗ്രൂപ്പുകളിൽ നിന്നും പിന്മാറി
സർ,
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാൻ അധ്യാപകർക്കായി നടത്തിയിരുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകളെ പറ്റി വന്ന ആരോപണങ്ങളും പത്രവാർത്തയും അങ്ങ് ശ്രദ്ധിച്ചിരിക്കുമല്ലോ. ഒരു blog നടത്തുന്ന താങ്കൾ ആവശ്യപ്പെട്ടതിനാൽ വസ്തുതകൾ ബോധ്യപ്പെടുത്തേണ്ട ധാർമികമായ ഉത്തരവാദിത്വം ഉള്ളതുകൊണ്ടാണ് ഇത് എഴുതുന്നത്.
2000 മുതൽ educationobserver എന്ന സൈറ്റ് നടത്തുന്ന ഞാൻ 2019 മുതൽ പഠനവിഭവങ്ങൾ പങ്കുവെക്കാനായി എസ്എസ്എൽസി വിദ്യാർത്ഥികൾക്കായാണ് വാട്സ്ആപ്പ് ഗ്രൂപ്പുകൾ നടത്തിവന്നിരുന്നത്. ഓണപ്പരീക്ഷയോടെ ആരംഭിക്കുകയും എസ്എസ്എൽസി പരീക്ഷയോടെ അവസാനിക്കുകയും ചെയ്യുന്ന രീതിയിലാണ് ഗ്രൂപ്പുകൾ നടന്നിരുന്നത്. കഴിഞ്ഞവർഷം പതിനായിരത്തോളം വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് തയ്യാറെടുക്കാനായി സഹായിക്കാൻ കഴിഞ്ഞു. ഈ വർഷം ടെക്സ്റ്റ് ബുക്കുകൾ മാറിയതിനാൽ അധ്യാപകർക്ക് വേണ്ടത്ര മെറ്റീരിയലുകൾ ഇല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എന്നു പറഞ്ഞ ഒരു അധ്യാപകൻ യുപി വിഭാഗം ഇംഗ്ലീഷ് നായി തുടങ്ങിയ ഒരു ഗ്രൂപ്പ് നന്നായി പോകുന്നു എന്നും അധ്യാപകർക്ക് ഉപകാരപ്പെടുന്നുണ്ടെന്നും പറഞ്ഞു. എല്ലാ വിഷയങ്ങൾക്കും ഇത്തരം ഗ്രൂപ്പുകൾ തുടങ്ങുകയാണെങ്കിൽ ഈ സാഹചര്യത്തിൽ അത് വളരെ ഉപകാരമായിരിക്കും എന്ന് അദ്ദേഹം നിർദ്ദേശിച്ച പ്രകാരമാണ് ഈ ഗ്രൂപ്പുകൾ ആരംഭിച്ചത്. തുടക്കത്തിൽ യുപി വരെയുള്ള ക്ലാസുകളെയാണ് ഫോക്കസ് ചെയ്തത്. ഈ ഗ്രൂപ്പുകളിൽ നല്ല രീതിയിൽ അധ്യാപകർ വിഭവങ്ങൾ ഷെയർ ചെയ്യാൻ ആരംഭിക്കുകയും ചെയ്തു. എന്നെക്കൊണ്ടാവുന്ന രീതിയിൽ ഞാനും വിഭവങ്ങൾ നിർമ്മിച്ചത് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. നിരവധി അധ്യാപകർ പേഴ്സണലായി ഹൈസ്കൂളിലും ഇത്തരം ഗ്രൂപ്പുകൾ തുടങ്ങികൂടെ എന്ന് ചോദിച്ചതിനാൽ ഏതാണ്ട് ഒരു മാസത്തിനു ശേഷം ഹൈസ്കൂൾ വിഭാഗത്തിനും ഗ്രൂപ്പുകൾ ആരംഭിച്ചു. 40 ഓളം ഗ്രൂപ്പുകൾ ഉണ്ടായിരുന്നതിനാൽ പലപ്പോഴും സംഗതികൾ മാനേജ് ചെയ്യാൻ കഴിയുന്നതിനും അപ്പുറത്തായിരുന്നു. എങ്കിലും കഴിഞ്ഞ മാസങ്ങളിൽ കാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ടുപോയി.
യാതൊരുവിധത്തിലും സാമ്പത്തിക ലാഭം ആഗ്രഹിച്ചു കൊണ്ടല്ല കഴിഞ്ഞവർഷങ്ങളിലും ഈ വർഷവും ഇത്തരം ഗ്രൂപ്പുകൾ നടത്തിയിരുന്നത്. നമ്മൾ കൊടുക്കുന്ന മെറ്റീരിയലും മറ്റുള്ളവർ ഷെയർ ചെയ്യുന്നതും അനേകർക്ക് ഉപകാരപ്പെടുന്നതും അതിനൊരു മാധ്യമം ആവുന്നതും നൽകുന്ന സന്തോഷവും സംതൃപ്തിയും ആയിരുന്നു ഈ ഗ്രൂപ്പുകൾ മുന്നോട്ടു കൊണ്ടുപോകാൻ പ്രേരകമായിരുന്നത്.
ഈ ഗ്രൂപ്പുകളിൽ ചേരാനായി ഞാൻ ആരെയും നിർബന്ധിക്കുകയോ ചേർന്ന ആളുകളുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്താൻ നിർദ്ദേശിക്കുകയോ ചെയ്തിട്ടില്ല. പബ്ലിക്കായി മറ്റ് ഗ്രൂപ്പുകളിലും വാട്സ്ആപ്പ് ചാനലുകളിലും വെബ്സൈറ്റുകളിലും ലഭ്യമാകുന്ന വിഭവങ്ങളും ഞാൻ തന്നെ നിർമ്മിച്ച പഠന വിഭവങ്ങളും അല്ലാതെ മറ്റൊന്നും ഈ ഗ്രൂപ്പുകളിൽ കൂടി ഷെയർ ചെയ്യപ്പെട്ടിട്ടില്ല. (ഏറ്റവും കൂടുതൽ ആ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യപ്പെട്ട ലിങ്കുകളിൽ ഒന്ന് താങ്കളുടെ ബ്ലോഗിന്റേതായിരുന്നു)
ഗ്രൂപ്പിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഉപകാരപ്പെടുന്ന വിഭവങ്ങളും വെബ്സൈറ്റുകളുടെയും യൂട്യൂബ് വീഡിയോകളുടെയും ലിങ്കുകളും പോസ്റ്റ് ചെയ്യുന്നതിന് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നില്ല. കേരളത്തിൽ നിലവിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ ബ്ലോഗുകളുടെയും ലിങ്കുകൾ ഷെയർ ചെയ്യപ്പെട്ടു. രാഷ്ട്രീയമായ ഭിന്നത ഉണ്ടാക്കുന്ന പോസ്റ്റുകൾ ഒഴികെ മറ്റ് അധ്യാപകർക്ക് ഉപകാരപ്പെടുന്ന എല്ലാ പോസ്റ്റുകളും അനുവദിക്കപ്പെട്ടിരുന്നു.
ഓഗസ്റ്റ് മാസം 25-30 ഓടുകൂടി 5 7 9 ക്ലാസുകളിലെ ഫസ്റ്റ് ടേം മോഡൽ ചോദ്യപേപ്പർ മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകളെ അടിസ്ഥാനമാക്കി ഞാൻ തന്നെ തയ്യാറാക്കി വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തു. ലിങ്ക് ഇവിടെ നൽകുകയും ചെയ്തു. അതും ആയിരക്കണക്കിന് അധ്യാപകർക്ക് ഉപകാരപ്പെട്ടു.
പക്ഷേ 4 ദിവസം മുമ്പ് ഗ്രൂപ്പിൽ ഇവിടുന്ന് കാര്യങ്ങൾ മോഷ്ടിച്ചുകൊണ്ട് പോകുന്ന ഒരാളാണ് ഞാൻ എന്ന രീതിയിലുള്ള ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. അത് അതിവേഗം എല്ലാ ഗ്രൂപ്പുകളിലും പ്രചരിച്ചു. അധ്യാപകരുടെ ഡാറ്റ മോഷ്ടിച്ചു എന്നതായിരുന്നു കുറ്റം. പതിനേഴാം തീയതി രാത്രി നൂറുകണക്കിന് കോളുകളും മെസ്സേജുകളും അസഭ്യവർഷങ്ങളും എനിക്ക് അഭിമുഖീകരിക്കേണ്ടിവന്നു. തുടർന്ന് എന്നോട് യാതൊരു വിശദീകരണവും ചോദിക്കാതെ മാതൃഭൂമിയിൽ ഒരു വാർത്തയും പ്രത്യക്ഷപ്പെട്ടു.
ഒരു സ്ത്രീ എന്ന നിലയിൽ മാനസികമായി വളരെ സമ്മർദ്ദം നേരിട്ട ഞാൻ കുടുംബാംഗങ്ങളുടെ നിർദ്ദേശപ്രകാരം ഗ്രൂപ്പുകളിൽ നിന്നും പിന്മാറി.
ഗ്രൂപ്പിൽ നിന്നും ചിലരെ അമിതമായി പ്രമോഷണൽ മെസ്സേജുകളും, വിശ്വസനീയമല്ല എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന ഗ്രൂപ്പുകളിലേക്കുള്ള ക്ഷണങ്ങളും പോസ്റ്റ് ചെയ്ത ചിലരെ ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിൽ നിന്നും സാമ്പത്തിക ലാഭം പ്രതീക്ഷിക്കാത്തതുകൊണ്ട് ഗ്രൂപ്പുകളിൽ പരസ്യവും യൂട്യൂബ് ലിങ്കുകളും പോസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ച ചിലരോട് പറ്റില്ല എന്ന് പറയേണ്ടിയും വന്നിരുന്നു. അവരാണോ അതോ ഓണ പരീക്ഷയിൽ നടന്ന ചോദ്യപേപ്പർ ചോർച്ചയിൽ ഒരു പുകമറ സൃഷ്ടിക്കാനാണോ അതോ നിലവിൽ അധ്യാപകർക്കായി പ്രവർത്തിച്ചുവരുന്ന ചില ഗ്രൂപ്പുകളുടെ അഡ്മിന്മാർക്ക് ഉണ്ടായ അസ്വസ്ഥതയാണോ ഇത്തരം ഒരു നീക്കത്തിനു പിന്നിൽ എന്ന് അറിഞ്ഞുകൂടാ.
യാഥാർത്ഥ്യം അറിയാവുന്ന അനേകം അധ്യാപകർ പിന്തുണ വാഗ്ദാനം ചെയ്തു എന്നത് നന്ദിയോടെ ഓർക്കുന്നു. എങ്കിലും
മാനസിക സന്തോഷത്തിനായി ചെയ്യുന്ന കാര്യങ്ങൾ വലിയ സമ്മർദ്ദങ്ങൾക്ക് ഇടവരുത്തുന്നതിനാൽ ഈ ഉദ്യമത്തിൽ നിന്ന് ഞാൻ പിന്മാറുകയാണ്.
ഗ്രൂപ്പിലെ വിഭവങ്ങൾ ഉപയോഗപ്പെടുത്തിയിരുന്ന വളരെയധികം പേരെ ഈ തീരുമാനം വിഷമത്തിലാക്കിയിട്ടുണ്ട് എന്ന് അറിയാം. ഗ്രൂപ്പുകളിൽ എന്താണ് നടന്നുകൊണ്ടിരുന്നത് എന്ന് കൃത്യമായി അറിയണമെങ്കിൽ ഈ ഗ്രൂപ്പുകൾ അവസാനിപ്പിച്ചതിനുശേഷം വന്ന അനേകം മെസ്സേജുകളിൽ രണ്ടെണ്ണം ഇവിടെ നൽകുന്നു.
താങ്കളുടെ പിന്തുണയ്ക്ക് നന്ദി.