കുട്ടികൾക്ക് നൽകുന്ന അമിത സ്വാതന്ത്ര്യം ഗുണമാണോ ദോഷമാണോ ഉണ്ടാക്കുന്നത് ? ഒരു അധ്യാപികയുടെ കുറിപ്പ്

February 14, 2025 - By School Pathram Academy

” കുട്ടികളെ കെട്ടഴിച്ചു വിട്ട പട്ടത്തെപ്പോലെ വളർത്തരുത്…. ” പഴയ കാല കാരണവന്മാരുടെ ഉപദേശമാണിത്…

സ്വയം നിയന്ത്രിക്കാൻ കഴിയുന്ന, വികാരങ്ങളെ സർഗാത്മക ജീവിതത്തിന് അനുഗുണമായ വിധത്തിൽ സ്വയം മാറ്റാൻ കഴിയുന്ന കുട്ടികളായി മാറണമെങ്കിൽ അതിന് കഴിയുന്ന അനുഭവപാഠങ്ങൾ സ്വന്തം വീടകങ്ങളിൽ നിന്ന് തന്നെ ലഭിക്കണം.

ദിനം പ്രതി ഇപ്പോൾ പുറത്തു വരുന്ന കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇത്തരമൊരു കുറിപ്പിന് ആധാരം..

ഇത്തരം പ്രശ്നങ്ങൾക്ക് ഒരു ഒറ്റമൂലി നിർദ്ദേശിക്കാൻ ആർക്കും കഴിയില്ല…

കുട്ടികൾക്ക് നൽകുന്ന അമിത സ്വാതന്ത്ര്യം ഗുണമാണോ ദോഷമാണോ ഉണ്ടാക്കുന്നത്?

തീർച്ചയായും വളരെ പ്രാധാന്യത്തോടെ ചർച്ച ചെയ്യേണ്ട കാര്യം തന്നെയാണിത്.

ഇക്കാലത്തെ കുട്ടികൾക്ക് ഏറ്റവും അധികം വേണ്ടത് സുരക്ഷിതവലയത്തിനുള്ളിലുള്ള സോപാധിക സ്വാതന്ത്ര്യമാണ്. കുട്ടികൾക്ക് ഭയരഹിതമായി സ്വതന്ത്രമായി പറയാനും പ്രവർത്തിക്കാനുമുള്ള അവസരങ്ങൾ വീട്ടിലും വിദ്യാലയങ്ങളിലും ഒരുക്കണം. ഏത് കാര്യത്തിനും “അരുത്” എന്ന പതിവു പല്ലവി രക്ഷിതാക്കളും മാറ്റണം. ഇത് കുട്ടികളെ അന്തർമുഖരാക്കി മാറ്റുന്നു. സ്വന്തം സ്വപ്നങ്ങളും ഇഷ്ടങ്ങളും നടപ്പിലാക്കാനുള്ള കരുക്കളായി കുട്ടികളെ മാറ്റാതിരിക്കാനും രക്ഷിതാക്കൾ ശ്രദ്ധിക്കണം…

എല്ലാ കാര്യത്തിലും കുട്ടികളെ നിരുത്സാഹപ്പെടുത്തുന്നത് അവരുടെ സർവ്വതോൻമുഖമായ വളർച്ചയ്ക്ക് തടസ്സം ഉണ്ടാക്കുമെന്നതിൽ സംശയമില്ല.കുട്ടികളിൽ സഹകരണ മനോഭാവവും സാമൂഹ്യബോധവും ഇല്ലാതാക്കുകയും, പകരം എല്ലാത്തിനും ഒരു ഭയം ഉടലെടുക്കുകയും ചെയ്യും.

സമപ്രായത്തിലുള്ള കുട്ടികളുമായി കളിക്കാനും കൂട്ടുകൂടാനും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കണം.എന്നാൽ പരിചയമില്ലാത്ത മുതിർന്ന കുട്ടികളുമായുള്ള കൂട്ടുകൂടൽ ഒഴിവാക്കുകയും വേണം.

” എൻ്റെ കുട്ടി ആരോടൊപ്പമാണ് ഉള്ളത് ? എവിടെയാണ് ഉള്ളത് ? അവൻ സുരക്ഷിതനാണോ ?” ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം രക്ഷിതാവിൻ്റെ മനസ്സിൽ എപ്പോഴും ഉണ്ടാവണം.

കുട്ടികൾക്ക് ആവശ്യത്തിലധികം കരുതൽ രക്ഷിതാക്കളുടെ ഭാഗത്തു നിന്നും നൽകുമ്പോൾ അവർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു. കുട്ടികൾ കുഴപ്പം പിടിച്ച കൂട്ടുകെട്ടിൽ ഏർപ്പെട്ടു പോകുമെന്ന് പേടിച്ച് വീട്ടിനുള്ളിൽ തന്നെ ഇരുത്തുന്നത് കുട്ടികൾ മൊബൈൽ ഗെയിമുകളോടും ഫോണിനോടുമുള്ള അമിതാസക്തി വളർത്താനും കാരണമാകും.

സ്വന്തം സ്വാതന്ത്ര്യത്തിനായി സ്മാർട്ട് ഫോണുകൾക്കും ഇൻ്റർനെറ്റ് സൗകര്യങ്ങളും OTT കണക്ഷനും ഉള്ള TV യ്ക്ക് മുന്നിലും കുട്ടിയെ തളച്ചിടരുത് …

കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ അവർക്ക് ചെയ്ത തെറ്റ് എന്താണെന്ന് ബോധ്യപ്പെടുത്തിയിട്ട് വേണം ശാസിക്കാനും ശിക്ഷിക്കാനും. ഒരിക്കലും മറ്റുള്ളവരുടെ മുന്നിൽ വച്ച് ആകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

കുട്ടികൾ കള്ളം പറയുകയോ ചെറിയ കള്ളത്തരങ്ങൾ കാണിക്കാനും മുതിരാറുണ്ട്.അത് കണ്ടെത്തുമ്പോൾ ഉടൻതന്നെ ശിക്ഷിക്കാനോ മറ്റുള്ളവരെ അറിയിക്കാനോ തുടങ്ങാതെ അതിന്റെ വരും വരായ്കകളെക്കുറിച്ച് സമാധാനത്തോടെ ബോധ്യപ്പെടുത്തി ആ ശീലങ്ങളിൽ നിന്ന് അവരെ ബോധപൂർവ്വം മാറ്റണം. ഒരിക്കലും അത് പ്രോത്സാഹിപ്പിക്കാനും പാടില്ല …

കുട്ടികളുടെ മുന്നിൽ മുതിർന്നവർ നല്ല മാതൃകകൾ ആയിരിക്കുകയും വേണം. ഒരിക്കലും മറ്റു കുട്ടികളെ വച്ച് താരതമ്യം ചെയ്യാനും പാടില്ല. അതുപോലെ അനാവശ്യ വാക്കുകൾ കുടുംബാംഗങ്ങൾ തമ്മിലോ, കുട്ടികളോടോ, പറയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളത് അനവസരങ്ങളിൽ പ്രയോഗിക്കും. കുട്ടികൾക്ക് വീട്ടിലോ കളിസ്ഥലത്തോ യാത്രയിലോ വിദ്യാലയത്തിലോ എന്ത് ബുദ്ധിമുട്ട് വന്നാലും ഒളിച്ചു വയ്ക്കാതെ അമ്മയോടും അച്ഛനോടും അധ്യാപകരോടും തുറന്നു പറയാനുള്ള മനോഭാവവും ആത്മവിശ്വാസവും കുട്ടിക്കാലത്ത് തന്നെ വളർത്തിയെടുക്കണം.

ഏത് പ്രതിസന്ധിഘട്ടത്തിലും അധ്യാപകരോ രക്ഷിതാക്കളോ കൂടെ ഉണ്ട് എന്ന തോന്നൽ കുട്ടികളിൽ ഉണ്ടാക്കിയാൽ അവർ ഒരിക്കലും ഒരു കാര്യവും ഒളിച്ചു വയ്ക്കില്ല. പലപ്പോഴും കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പില്ലായ്മ കുട്ടികളെ മാനസികമായി തകർക്കുകയും അവർ പല തെറ്റുകളിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു. കുട്ടികൾക്ക് അമിതമായ സ്വാതന്ത്ര്യവും അമിതമായ വിലക്കും അമിതമായ ലാളനയും ഗുണത്തിന് പകരം ദോഷമേ ഉണ്ടാക്കൂ.

മറ്റൊരു ഘടകം മാധ്യമങ്ങളും സിനിമകളുമാണ്…

അടുത്ത കാലത്തിറങ്ങുന്ന സിനിമകളിൽ പലതും ഹൃദയം നിലച്ചു പോകുന്ന തരത്തിലുള്ള അക്രമ രംഗങ്ങൾ കുത്തിനിറച്ചിരിക്കുന്നു…

അത് കാണാൻ കൂട്ടമായെത്തുന്നവരിൽ ഭൂരിഭാഗവും കുട്ടികളും കൗമാരക്കാരുമാണ്…

ക്രൂരമായ സംഘട്ടനങ്ങളും കൊലയും കാണുന്നത് മറ്റൊരു ലഹരിയായി മാറുന്ന അവസ്ഥ …. വീഡിയോ ഗെയിമുകളിലും കുട്ടികൾക്ക് ഇഷ്ടം യുദ്ധങ്ങളും അതുമായി ബന്ധപ്പെട്ട ആയുധങ്ങളുടെ പ്രയോഗങ്ങളുമാണ്…

ലഹരി വസ്തുക്കളുടെ ഉപയോഗത്തെ കുറിച്ചുള്ള അവബോധം രക്ഷിതാക്കളിൽ കുറയുന്നതും മറ്റൊരു കാരണമാണ്… രക്ഷിതാക്കൾക്ക് ഇതിനൊന്നും നേരമില്ലാത്ത അവസ്ഥ … മുമ്പ് മദ്യവും പുകവലിയുമാണ് ലഹരി വസ്തുക്കളിൽ പ്രധാനമായിരുന്നത്. പെട്ടെന്ന് ഇത് തിരിച്ചറിയാൻ കഴിയുമായിരുന്നു. മയക്കു മരുന്നുകളുടെ ഉപയോഗം ശക്തമായതോടെ അതിനും കഴിയാതെയായി…

എത്രമാത്രം ഗുണാത്മക അനുഭവങ്ങളാണ് കുട്ടികൾക്ക് വീട്ടിലും വിദ്യാലയത്തിലും ലഭിക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനം…

ട്യൂഷനും കൗൺസിലിംഗും ഏർപ്പെടുത്തിയാൽ എല്ലാം ശുഭം… എന്ന ചിന്തയും മാറ്റി വയ്ക്കണം . കുട്ടിയുടെ ചുറ്റുമുള്ള കുടുംബാന്തരീക്ഷവും വിദ്യാലയ അന്തരീക്ഷവും സാമൂഹികാന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനുള്ള കഠിനമായ ശ്രമമാണ് വേണ്ടത്… അതിന് കൂട്ടായ ശ്രമമാണ് അനിവാര്യം

“സ്വാതന്ത്ര്യം ആസ്വദിക്കണമെങ്കിൽ നമ്മൾ സ്വയം നിയന്ത്രിക്കണം “എന്ന വിർജീനിയ വൂൾഫിന്റെ വാക്കുകൾ കൂടി കൂട്ടുകാരെ ഓർമ്മിപ്പിക്കണേ…

( കടപ്പാട് – ദിനകുറിപ്പ് , ശ്രീമതി ശ്യാമ ടീച്ചർ , ഗവ.JBS നെയ്യാറ്റിൻകര )

Recent

Load More