എല്‍ദോസ്. പി. കുന്നപ്പിള്ളില്‍ എം.എല്‍.എ ജൂലൈ 9,2024 -ൽ ഉന്നയിച്ചിട്ടുള്ള “ഹൈസ്കൂള്‍ വരെയുള്ള ക്ളാസുകളില്‍ ശനിയാഴ്ച അവധി പുനഃസ്ഥാപിക്കുന്ന” വിഷയം സംബന്ധിച്ച് സബ്മിഷനുള്ള മറുപടി

July 09, 2024 - By School Pathram Academy

ശ്രീ.എല്‍ദോസ്. പി. കുന്നപ്പിള്ളില്‍ എം.എല്‍.എ ജൂലൈ 9,2024 -ൽ ഉന്നയിച്ചിട്ടുള്ള “ഹൈസ്കൂള്‍ വരെയുള്ള ക്ളാസുകളില്‍ ശനിയാഴ്ച അവധി പുനഃസ്ഥാപിക്കുന്ന” വിഷയം സംബന്ധിച്ച് സബ്മിഷനുള്ള മറുപടി.

 

     കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ അധ്യായം VIIചട്ടം 3 പ്രകാരം ഓരോ സ്കൂള്‍ വര്‍ഷത്തിലും സാധാരണഗതിയില്‍ ചുരുങ്ങിയത്‌ പരീക്ഷാദിവസങ്ങള്‍ കൂടാതെ 220 സാദ്ധ്യായ ദിവസങ്ങൾ ഉണ്ടായിരിക്കണമെന്നും പ്രത്യേക സാഹചര്യങ്ങളില്‍ ആവശ്യമെങ്കില്‍ ഒരു അധ്യയന വര്‍ഷം 20 ദിവസം വരെ സാദ്ധ്യായ ദിവസങ്ങള്‍ എഡ്യൂക്കേഷണല്‍ ഓഫീസര്‍ക്കും അതില്‍ കൂടുതൽ ഉള്ളത്‌ ഡയറക്ടര്‍ക്കും ഇളവ്‌ ചെയ്യാവുന്നതാണ്‌ എന്നും വ്യവസ്ഥ ചെയ്യുന്നു. 2023-24 അധ്യയന വർഷത്തിലെ വിദ്യാഭ്യാസ കലണ്ടറില്‍ 220 പ്രവൃത്തി ദിനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനു പൊതു വിദ്യാഭ്യാസ വകുപ്പിന് നിർദേശം നല്കണമെന്ന് ആവശ്യപ്പെട്ടു ഫയൽ ചെയ്തിരുന്ന WP(C) 25120/2023 കേസിലെ 26/02/2024 ലെ ബഹു. ഹൈക്കോടതിയുടെ വിധിന്യായം പാലിച്ചുകൊണ്ട് പുറപ്പെടുവിച്ച 25/04/2024 ലെ ഉത്തരവില്‍, വരും വര്‍ഷങ്ങളില്‍ കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ അധ്യായം VIIചട്ടം 3 പ്രകാരമുള്ള പ്രവൃത്തി ദിനങ്ങൾ‍ ഉറപ്പാക്കുന്നതിനുള്ള നടപടി കൈക്കൊള്ളുമെന്ന്‌ അറിയിച്ചിരുന്നു. എന്നാൽ ഇതിനിടയിൽ ഹർജിക്കാരൻ ഫയൽ ചെയ്ത കോടതിയലക്ഷ്യ കേസിലെ 23/05/2024 ലെ ബഹു. ഹൈക്കോടതിയുടെ ഉത്തരവ് പാലിച്ചുകൊണ്ട്‌ 220 പ്രവൃത്തി ദിനങ്ങള്‍ ഉള്‍പ്പെടുത്തി അക്കാദമിക് കലണ്ടര്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. 

    2024-25 അധ്യയന വര്‍ഷത്തില്‍ അക്കാദമിക് കലണ്ടര്‍ പ്രകാരം 25 ശനിയാഴ്ചകള്‍ പ്രവൃത്തിദിനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ക്ലസ്റ്റര്‍ പരിശീലനത്തിനായി നീക്കിവച്ചിട്ടുളള 6 ശനിയാഴ്ചകളും, പരീക്ഷകള്‍ക്കിടയില്‍ വരുന്ന 3 ശനിയാഴ്ചകളും, ആഴ്ചയില്‍ 6 പ്രവൃത്തിദിനം വരാത്ത രീതിയില്‍ ഉള്ള 9 ശനിയാഴ്ചകളും, 6 പ്രവര്‍ത്തിദിനം വരുന്ന 7 ശനിയാഴ്ചകളും ഉൾപ്പെട്ടിട്ടുണ്ട്. 2023-24 ലെ വിദ്യാഭ്യാസകലണ്ടറില്‍ 13 ശനിയാഴ്ചകള്‍ പ്രവര്‍ത്തിദിനമായി ഉള്‍പ്പെടുത്തിയിരുന്നു.  

 ആഴ്ചയില്‍ ആറാം പ്രവൃത്തി ദിനം വരുന്ന 7 ശനിയാഴ്ചകള്‍ ഉൾപ്പെടുത്തിയത് 220 പ്രവൃത്തിദിനങ്ങള്‍ തികയ്ക്കാനാണ്. ആറാം പ്രവൃത്തി ദിനം വരുന്ന ശനിയാഴ്ചകള്‍ പൊതുവിദ്യാലയങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കെ.ഇ.ആര്‍ പ്രകാരം നിയമ തടസ്സമില്ല.

     220 പ്രവൃത്തി ദിനങ്ങളുള്ള വിദ്യാഭ്യാസ കലണ്ടറില്‍ ആഴ്ചയില്‍ ആറ് പ്രവൃത്തി ദിനം വരുന്ന തരത്തിലുള്ള 7 ശനിയാഴ്ചകള്‍ മാത്രമാണ് ഉള്‍ക്കൊളളിച്ചിട്ടുളളത്. 220 പ്രവൃത്തി ദിനത്തില്‍ ഒന്നാം പാദവാര്‍ഷിക പരീക്ഷയ്ക്കായി എട്ട് പ്രവൃത്തി ദിനങ്ങളും, രണ്ടാം പാദവാര്‍ഷിക പരീക്ഷയ്ക്കായി ആറ് പ്രവൃത്തി ദിനങ്ങളും, വാര്‍ഷിക പരീക്ഷയ്ക്കായി 22 പ്രവൃത്തി ദിനങ്ങളും നീക്കിവച്ചിട്ടുണ്ട്. ഓണം, ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി രണ്ട് ദിവസം അടക്കം 38 ദിനങ്ങള്‍ 220 പ്രവൃത്തി ദിനങ്ങളില്‍ നിന്നും മാറ്റി വയ്ക്കേണ്ടതായി വരും. കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുളള ശനിയാഴ്ചകളിലെ ആറ് ക്ലസ്റ്റര്‍ യോഗങ്ങൾക്ക് അവധി നല്‍കേണ്ടി വരുന്നതുമൂലം ആകെ 38 + 6 = 44 പ്രവൃത്തി ദിനങ്ങള്‍ ബോധന ദിനങ്ങള്‍ അല്ലാതായി മാറും. മഴക്കെടുതികള്‍, മറ്റേതെങ്കിലും വിധത്തിലുണ്ടാകുന്ന പ്രാദേശിക അവധികള്‍ എന്നിവ കണക്കിലെടുത്ത് ശരാശരി ആറ് ദിവസം കൂടി പ്രവൃത്തി ദിനങ്ങളില്‍ നിന്ന് നഷ്ടപ്പെടുന്നുണ്ട്. തന്മൂലം ലഭിക്കാവുന്ന പ്രവൃത്തി ദിനങ്ങള്‍ 170 ആണ്.

    2024-25 വര്‍ഷത്തെ അക്കാദമിക് കലണ്ടറില്‍ 220 പ്രവൃത്തി ദിനങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ അധ്യാപക സംഘടനകള്‍ ബഹു. ഹൈക്കോടതിയില്‍ WP(c)21811/2024 പ്രകാരം ഹര്‍ജി നല്‍കിയിട്ടുണ്ട്. അതിന്മേലുള്ള കോടതി നടപടിക്രമം പൂര്‍ത്തിയാകുന്ന മുറയ്ക്ക് മാത്രമേ ഈ വിഷയത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളുവാൻ സാധിക്കുകയുള്ളൂ.

Category: News