ഇന്ന് ലോക കേള്‍വി ദിനം.’എന്നെന്നും കേള്‍ക്കാനായ് കരുതലോടെ കേള്‍ക്കാം’ എന്നതാണ് ഈ വര്‍ഷത്തെ

March 03, 2022 - By School Pathram Academy

ഇന്ന് ലോക കേള്‍വി ദിനം.’എന്നെന്നും കേള്‍ക്കാനായ് കരുതലോടെ കേള്‍ക്കാം’ എന്നതാണ് ഈ വര്‍ഷത്തെ ലോക കേള്‍വി ദിനത്തിലെ സന്ദേശം.

ചികിത്സിച്ചുഭേദമാക്കാന്‍ കഴിയുന്ന കേള്‍വിക്കുറവിനെ ചികിത്സിക്കുകയും, പ്രതിരോധിക്കാന്‍ കഴിയുന്ന കേള്‍വിക്കുറവിനെ യഥാസമയം പ്രതിരോധിക്കുകയും ചെയ്യണമെന്നതാണ് ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം.

കുട്ടികളിലെ കേള്‍വി കുറവ് വേഗത്തില്‍ കണ്ടെത്തേണ്ടത് വളരെ അത്യാവശ്യമാണ്.കുട്ടികളില്‍ സംസാരഭാഷ, ആശയവിനിമയ കഴിവുകള്‍ എന്നിവ വികസിക്കുന്നതിന് ശ്രവണശേഷി വഹിക്കുന്ന പങ്ക് വളരെ വലുതാണ്.കുട്ടികളുടെ സംസാരിക്കുന്നതിനുള്ള കഴിവ്, വ്യക്തമായി സംഭാഷണം കേള്‍ക്കാനും അതിനോട് പ്രതികരിക്കാനുമുള്ള കഴിവിനെ അനുസരിച്ചാണ്. അതിനാല്‍ കേള്‍വിക്കുറവ് ഉണ്ടായാല്‍ അടിസ്ഥാന ഭാഷാ വികസനം പലപ്പോഴും വൈകിയേക്കാം. ഇതുമൂലം കുട്ടിക്ക് വളരുംതോറും നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വരും.കുട്ടിയുടെ സാമൂഹിക കഴിവുകള്‍ വികസിപ്പിക്കാനുള്ള കഴിവിനെ ഇത് ബാധിച്ചേക്കും,പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ പോകും. ഗര്‍ഭാവസ്ഥയിലായിരിക്കുമ്പോള്‍ തന്നെ കുഞ്ഞിന് ശബ്ദങ്ങള്‍ കേള്‍ക്കാനുള്ള കഴിവുണ്ട്.

ഒരു കുട്ടിക്ക് ജിവിതത്തില്‍ ഭാഷ പഠിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട സമയം ആദ്യ മൂന്ന് വര്‍ഷങ്ങളിലാണ്.

ജനിച്ച ആറു മാസത്തിനുള്ളില്‍ തന്നെ കുട്ടി ഭാഷ പഠിക്കാനാരംഭിക്കുന്നു.അതിനാല്‍ നേരത്തെയുള്ള കേള്‍വി നിര്‍ണയം അനിവാര്യമാണ്. പല കാരണങ്ങള്‍ കൊണ്ടും കേള്‍വികുറവുണ്ടാകാം. ജന്മനായുള്ളതും,ജനിച്ചതിന് ശേഷമുണ്ടാകുന്നതുമായ കേള്‍വി കുറവുകളുണ്ട്.ജന്മനായുള്ള കേള്‍വിക്കുറവ് ജനിതകപരമാവാം.ഗര്‍ഭാവസ്ഥയില്‍ മാതാവിനുണ്ടാകുന്ന ഇന്‍ഫെക്ഷന്‍സ് ഇതിന്റെ ഒരു കാരണമാണ്.ഗര്‍ഭാവസ്ഥയിലോ, പ്രസവസമയത്തോ പ്രസവത്തിന് ശേഷമോ കുഞ്ഞിന്റെ കേള്‍വിയുടെ ഞരമ്പിന് തകരാറുകള്‍ സംഭവിക്കുന്നതും കുട്ടിയുടെ കേള്‍വി ശക്തിയെ ബാധിച്ചേക്കാം.

ജനനശേഷമുള്ള കേള്‍വിക്കുറവിന്റെ

കാരണങ്ങള്‍ ചെവിയിലെ പഴുപ്പ്, നീര്‍കെട്ട് ഇന്‍ഫെക്ഷന്‍സ് ചില മരുന്നുകളുടെ ഉപയോഗം ഗുരുതരമായ തലക്ഷതം ചെവിയിലുണ്ടാകുന്ന ഇന്‍ഫക്ഷന്‍ ശബ്ദമലിനീകരണം കേള്‍വിക്കുറവ് മാതാപിതാക്കള്‍ക്ക് തിരിച്ചറിയാം നവജാത ശിശു ഉയര്‍ന്ന ശബ്ദം കേട്ടാല്‍ ഞെട്ടാതിരിക്കുക രണ്ടു മാസമായിട്ടും നിങ്ങളുടെ ശബ്ദത്തോട് കുട്ടി പ്രതികരിക്കാതിരിക്കുക നാല് അഞ്ച് മാസമാവുമ്പോള്‍ ഉയര്‍ന്ന ശബ്ദം വരുന്ന ദിശയിലേക്ക് കുഞ്ഞ് നോക്കാതിരിക്കുക ആറു മാസത്തിനിടയില്‍ കുഞ്ഞ് ചില ശബ്ദങ്ങള്‍ ഉണ്ടാക്കാതിരിക്കുക ഒമ്പതു മാസത്തിനുള്ളില്‍ കുട്ടി മൃദുല ശബ്ദത്തിന്റെ ദിശയിലേക്ക് തലതിരിക്കാതിരിക്കുക

 

നിങ്ങളുടെ കുട്ടി മേല്‍പറഞ്ഞ ഏതെങ്കിലും സൂചനകള്‍ കാണിക്കുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഒരു പീടിയാട്രീഷനെ സമീപിച്ച് ഓഡിയോളജിസ്റ്റ് മുഖേന കേള്‍വി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. കേള്‍വിക്കുറവ് പരിശോധിക്കാനായുള്ള ടെസ്റ്റുകള്‍ വിശദമായ പരിശോധനകളിലൂടെ കേള്‍വിക്കുറവിന്റെ സ്വഭാവം,ഏതുതരത്തില്‍ പെടുന്നതാണെന്നും അത് എത്രമാത്രം തീവ്രമാണെന്നും മനസ്സിലായെങ്കില്‍ മാത്രമേ കൃത്യമായ ചികിത്സ നേടാന്‍ സാധിക്കൂ.

1)ഓട്ടോ അകൗസ്റ്റിക്ക് ഇമിഷന്‍ ജനിച്ച ഉടനെയുള്ള സ്‌ക്രീനിംഗ് ടെസ്റ്റാണിത്.

2)ഓട്ടമേറ്റഡ് ഓഡിറ്ററി കുഞ്ഞ് ഉറങ്ങികിടക്കുമ്പോള്‍ മാത്രമാണ് ഇത് ചെയ്യാന്‍ സാധിക്കൂ.

മേല്‍പറഞ്ഞ ടെസ്റ്റ് വിജയിച്ചിട്ടില്ലെങ്കില്‍ ചെയ്യുന്ന ടെസ്റ്റ് ആണ് ഇത്. ഇതുവഴി ശബ്ദനാഡികള്‍ക്ക് പ്രശ്‌നമുണ്ടോയെന്ന് കണ്ടെത്താന്‍ സാധിക്കും.

 

ആറു മാസം വരെയുള്ള കേള്‍വിക്കുറവ് കണ്ടുപിടിക്കാനുള്ള ടെസ്റ്റുകളാണ് മേല്‍പറഞ്ഞവ. 6 മാസം മുതല്‍ 1 വയസ്സിന് മുമ്പു തന്നെ ഈ ഡയഗ്‌നോസുകള്‍ എല്ലാം നടത്തി ചികിത്സ നടത്തുകയാണെങ്കില്‍ സാധാരണ കുട്ടികളെപോലെ തന്നെ ജനിക്കുമ്പോള്‍ കേള്‍വിക്കുറവുള്ള കുഞ്ഞിനും സംസാരിക്കാന്‍ സാധിക്കും.

കേള്‍വിക്കുറവിനുള്ള പരിഹാരങ്ങള്‍

ഞരമ്പ് സംബന്ധമായ പ്രശ്‌നമാണെങ്കില്‍ അതിനുള്ള പരിഹാരം ഹിയറിംഗ് എയ്ഡുകളാണ്. ഇന്‍ഫെക്ഷന്‍ മൂലമുണ്ടാകുന്ന കേള്‍വിക്കുറവ് ആണെങ്കില്‍ അതിന് ഇഎന്‍ടി ഡോക്ടറുടെ അടുത്തുപോയി ചികിത്സ തേടണം. ഹിയറിംഗ് എയ്ഡുകള്‍ കുട്ടികള്‍ക്ക് നഷ്ടപ്പെട്ട കേള്‍വി വീണ്ടെടുക്കാന്‍ സഹായിക്കുന്ന ഒരു ഉപകരണമാണിത്. ഇത് ഉയര്‍ന്ന നിലവാരവും വിവിധതരം പവറുകളിലും മോഡലുകളിലും എല്ലായിടത്തും ലഭ്യമാണ്. കോക്ലിയ ഇംപ്ലാന്റ് ഹിയറിംഗ് എയ്ഡ് ഉപയോഗിച്ചിട്ടും ഫലം ഇല്ലാത്ത കുട്ടികള്‍ക്കുള്ള അടുത്ത ഒപ്ഷനാണ് ഇത്. ശസ്ത്രക്രിയ വഴി ഉപകരണം ഘടിപ്പിക്കുകയാണ് ചെയ്യുന്നത്.ഇതിന്റെയൊക്കെ കൂടെ തുടര്‍ച്ചയായി ഓഡിറ്ററി വെര്‍ബല്‍ തെറാപ്പി കുട്ടികള്‍ക്ക് നല്‍കണം. ശ്രവണ സഹായങ്ങള്‍ ധരിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ മനസ്സിലാക്കുന്നതിന് മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം,

കാരണം കുട്ടി ഭാഷ പഠിക്കാനും ആശയനവിനിമയം നടത്താനും മാത്രമല്ല ഇതുപകരിക്കുന്നത്. ശ്രവണ സഹായികള്‍ വഴിയുള്ള ശബ്ദശ്രേണികള്‍ ഇല്ലാതെ വന്നാല്‍ മസ്തിഷ്‌കത്തിലെ കേള്‍വിയുടെ ഭാഗങ്ങള്‍ ജോലി നിര്‍ത്തലാക്കാം. ശ്രവണ സഹായിയോടൊപ്പം മാതാപിതാക്കളുടെ പിന്തുണയും ഇക്കാര്യത്തില്‍ ആവശ്യമാണ്. കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ പോലെയുള്ള സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തി വേണ്ട സംസാരഭാഷാ പരിശീലനം സൗജന്യമായി സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ നടത്തിവരുന്നുണ്ട്.

Category: Day Celebration