അധ്യാപകര്‍ക്കുവേണ്ടി മാറ്റിവച്ച പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് സ്കൂള്‍ അധ്യാപകന്റെ മര്‍ദ്ദനമേറ്റ് ഒമ്പത് വയസ്സുള്ള ദലിത് വിദ്യാര്‍ത്ഥി മരിച്ചു
അധ്യാപകര്‍ക്കുവേണ്ടി മാറ്റിവച്ച പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് സ്കൂള്‍ അധ്യാപകന്റെ മര്‍ദ്ദനമേറ്റ് ഒമ്പത് വയസ്സുള്ള ദലിത് വിദ്യാര്‍ത്ഥി മരിച്ചു.
ജയ്പൂര്‍: രാജസ്ഥാനില്‍ അധ്യാപകര്‍ക്കുവേണ്ടി മാറ്റിവച്ച പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് സ്കൂള്‍ അധ്യാപകന്റെ മര്‍ദ്ദനമേറ്റ് ഒമ്പത് വയസ്സുള്ള ദലിത് വിദ്യാര്‍ത്ഥി മരിച്ചു. സംഭവത്തില്‍ അധ്യാപകനെ പോലിസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ജലോര്‍ ജില്ലയിലെ സൈല ഗ്രാമത്തിലെ ഒരു സ്വകാര്യ സ്കൂളില്‍ ജൂലൈ 20നാണ് സംഭവം.
കണ്ണിനും ചെവിക്കും പരിക്കേറ്റ കുട്ടിയെ ചികിത്സയ്ക്കായി 300 കിലോമീറ്റര്‍ അകലെയുള്ള അഹമ്മദാബാദിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ കുട്ടി മരിച്ചതായി പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപംകൊള്ളാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തലില്‍ ഇന്റര്‍നെറ്റ് സര്‍വീസ് റദ്ദാക്കി. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അനുശോചനം രേഖപ്പെടുത്തി.
അന്വേഷണം ത്വരിതപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ‘ഇരയുടെ കുടുംബത്തിന് എത്രയും വേഗം നീതി ഉറപ്പാക്കും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ കുടുംബത്തിന് നല്‍കും,’ അദ്ദേഹം ട്വീറ്റ് ചെയ്തു. പോസ്റ്റ്മോര്‍ട്ടത്തിനായി പോലിസ് സംഘത്തെ അഹമ്മദാബാദിലേക്ക് അയച്ചിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
അധ്യാപകന് ചൈല് സിംഗിനെ അറസ്റ്റ് ചെയ്ത് പട്ടികജാതി പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം കൊലപാതകക്കുറ്റം ചുമത്തി. കുടിവെള്ള പാത്രത്തില്‍ തൊട്ടതിന് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചതായി കുട്ടിയുടെ കുടുംബം നല്കിയ പരാതിയില്‍ പറയുന്നു. ‘പാത്രത്തിലെ വെള്ളം കുടിച്ചതിന് എന്റെ മകനെ ടീച്ചര്‍ ചൈല് സിംഗ് മര്‍ദിക്കുകയും ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു.
കുട്ടിക്ക് രക്തസ്രാവമുണ്ടായി, ഞാന്‍ അവനെ ചികിത്സയ്ക്കായി ഉദയ്പൂരിലേക്കും തുടര്‍ന്ന് അഹമ്മദാബാദിലേക്കും കൊണ്ടുപോയി, അവിടെ വച്ച് മരിച്ചു,’ കുട്ടിയുടെ പിതാവ് ദേവറാം മേഘ്വാള് പറഞ്ഞു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചു,