സ്റ്റേറ്റ് , സി.ബി.എസ്.സി , ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയങ്ങൾ ഉൾപ്പെടെ കേരളത്തിലെ എല്ലാ സിലബസ്സിലെ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തുന്ന സംസ്ഥാനതല കായിക മത്സരം
ആദ്യ കേരള സ്‌കൂൾ ഗെയിംസ് ഒക്ടോബറിൽ
തിരുവനന്തപുരം: കേരള ഒളിമ്പിക് അസോസിയേഷൻ ഒക്ടോബറിൽ സംഘടിപ്പിക്കുന്ന പ്രഥമ കേരള സ്‌കൂൾ ഗെയിംസിന്റെ ആദ്യ ഓർഗനൈസിംഗ് കമ്മിറ്റി രൂപീകരണ യോഗം നടന്നു.
കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് വി. സുനിൽകുമാറിന്‍റെ അദ്ധ്യക്ഷതയിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് , സി.ബി.എസ്.സി , ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയങ്ങൾ ഉൾപ്പെടെ കേരളത്തിലെ എല്ലാ സിലബസ്സിലെ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തുന്ന സംസ്ഥാനതല കായിക മത്സരം കേരളത്തിലെ ആദ്യ ചുവടുവായ്പ്പാണെന്ന് അദ്ദേഹം പറഞ്ഞു.25 മത്സരഇനങ്ങളിലായി 14 ജില്ലകളിൽ നിന്നുമുള്ള സ്‌കൂൾ വിദ്യാർത്ഥികൾ കേരള ഗെയിംസിന്റെ ഭാഗമാകും. ഓരോ ജില്ലയിലും 30,000 കുട്ടികളെ പങ്കെടുപ്പിക്കുന്ന ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കുകയും അതിൽ ജേതാക്കളാകുന്ന 10 ,000 കുട്ടികളെ സംസ്ഥാന തലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്ന ബൃഹത്തായ കായിക മുന്നേറ്റമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറൽ എസ്. രാജീവ്, ട്രഷറർ എം.ആർ. രഞ്ജിത്, സീനിയർ വൈസ് പ്രസിഡന്റ് പി. മോഹൻ ദാസ്,റിട്ടയേർഡ് ജസ്റ്റിസ് എം. ആർ. ഹരിഹരൻ നായർ, സി.ബി.എസ്.സി. നാഷണൽ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ഇന്ദിരാ രാജൻ, ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്. എസ്. സുധീർ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് കെ. എസ്. ബാലഗോപാൽ എന്നിവർ പങ്കെടുത്തു.