സ്കൂൾ അസംബ്ലി ന്യൂസ്

January 02, 2022 - By School Pathram Academy

തിരുവനന്തപുരം:ബുധനാഴ്ചയൊഴികെ ആഴ്ചയിൽ ആറുദിവസവും ജനറൽ/ജില്ല/താലൂക്ക് ആശുപത്രികളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും കുട്ടികൾക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകും.

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം നീട്ടില്ല. നിലവിലുള്ള നിയന്ത്രണങ്ങൾ തിങ്കളാഴ്ച പുലർച്ചെയോടെ അവസാനിക്കും.

പാരീസ്: സൂപ്പർതാരം ലയണൽ മെസ്സിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മെസ്സിയ്ക്കൊപ്പം പി.എസ്.ജിയിലെ മറ്റ് മൂന്ന് താരങ്ങൾക്കും കോവിഡ് ബാധിച്ചു. പി.എസ്.ജിയാണ് ഈ വാർത്ത പുറത്തുവിട്ടത്.

തിരുവനന്തപുരം: കോവളത്ത് വിദേശിയായ ടൂറിസ്റ്റ് മദ്യമൊഴുക്കിക്കളഞ്ഞ സംഭവത്തിൽ നടപടി നേരിട്ട പോലീസ് ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. കോവളം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ടി.കെ ഷാജിയാണ് തെറ്റ് ചെയ്തിട്ടില്ലെന്ന് വിശദീകരിച്ച് പരാതി നൽകിയത്. സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിനും പരാതി നൽകിയിട്ടുണ്ട്.

കൊൽക്കത്ത: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ സർക്കാർ. സ്കൂളുകളും സിനിമാശാലകളും അടച്ചുപൂട്ടും. സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ എണ്ണം പകുതിയായും വെട്ടിക്കുറച്ചു.

നിലമ്പൂർ: ചാലിയാറിൽ കോളേജ് അധ്യാപകൻ മുങ്ങിമരിച്ചു. മയിലാടി അമൽ കോളേജിലെ കായികാധ്യാപകനും കണ്ണൂർ സ്വദേശിയുമായ മുഹമ്മദ് നജീബ് (38) ആണ് മരിച്ചത്. മയിലാടിക്കടവിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു