സവര്‍ണനായ ഗുരുനാഥന്റെ അടിയേറ്റ് മരിച്ച ദളിത് ബാലന്റെ ദുരന്താനുഭവം മന:സാക്ഷിയുള്ളവരുടെ നെഞ്ചകം പിളര്‍ക്കുന്നതാണ്…
സവര്‍ണനായ ഗുരുനാഥന്റെ അടിയേറ്റ് മരിച്ച ദളിത് ബാലന്റെ ദുരന്താനുഭവം മന:സാക്ഷിയുള്ളവരുടെ നെഞ്ചകം പിളര്‍ക്കുന്നതാണ്. സ്കൂളില്‍ അധ്യാപകന്റെ മര്‍ദനമേറ്റ് ഗുരുതരമായി പരുക്കേറ്റ ദളിത് ബാലനെയും കൊണ്ട് 24 ദിവസത്തിനുള്ളില്‍ പിതാവ് കയറിയിറങ്ങിയത് 6 ആശുപത്രികള്‍.
എന്നിട്ടും കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ല. നീരുവച്ച് വീര്‍ത്ത് അടഞ്ഞുപോയ കണ്ണുകളുമായി മൂന്നാംക്ലാസുകാരനായ ദളിത്ബാലന് ബോധരഹിതനായി ആശുപത്രിയില്‍ കിടക്കുന്ന ഫോട്ടോ ലോകം കണ്ടത് സ്വാതന്ത്ര്യദിനത്തലേന്നാണ്.
മേല്ജാതിക്കാരന്റെ പാത്രത്തില്‍ തൊട്ടതിന് കീഴ്ജാതിക്കാരനായ കുഞ്ഞ് അടികൊണ്ട് മരിക്കേണ്ടിവന്നത് രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ആഘോഷിക്കുന്നതിനിടയിലാണ്.
സ്കൂളിലെ മണ്കൂജയില് നിന്ന് ദാഹജലം എടുത്തുകുടിച്ചെന്ന കുറ്റത്തിനാണ് രാജസ്ഥാനിലെ ജലോര്‍ ജില്ലയിലെ സുരാനയിലെ സരസ്വതി വിദ്യാമന്ദിറിലെ മൂന്നാംക്ലസ് വിദ്യാര്‍ത്ഥിയായ ഇന്ദ്രകുമാര്‍ മേഘവാള്‍ (9) എന്ന കുട്ടിയെ അധ്യാപകനും സ്കൂള്‍ മാനേജരുമായ ചൈല്സിംഗ് (40) ക്രൂരമായി മര്‍ദിച്ചുകൊന്നത്.
ചില റിപ്പോര്‍ട്ടുകളില്‍ ഉള്ളത് വെള്ളം കുടിച്ചില്ല, കുടിവെള്ള പാത്രത്തില്‍ തൊട്ടതേയുള്ളൂ അപ്പോഴേ അധ്യാപകന് കണ്ട് മര്ദനമാരംഭിച്ചു എന്നാണ്. മുഖത്തും ചെവിയിലും മര്‍ദനമേറ്റു ബാലന് അബോധാവസ്ഥയിലായി. എത്രത്തോളം ക്രൂരമായാണ് ബാലനെ മര്‍ദിച്ചതെന്നാണ്
ഇത് തെളിയിക്കുന്നതെന്ന് ഈ വിവരം പുറത്തുവിട്ട ദേശീയ പട്ടികജാതി കമ്മീഷന് ചെയര്മാന് വിജയ് സാംപ്ല ചൂണ്ടിക്കാട്ടി.
2022 ആഗസ്റ്റ് 13ന് അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ വച്ച് കുട്ടി മരിച്ചു. മരണദിവസംവരെ പോലീസ് കേസെടുക്കുകയോ എഫ്.ഐ.ആര് തയ്യാറാക്കുകയോ ചെയ്തിരുന്നില്ല. മരണശേഷമാണ് അധ്യാപകനെതിരെ കേസെടുത്തതും അറസ്റ്റ് ചെയ്തതും.
മാനേജര്‍കൂടിയായ അധ്യാപകനെതിരെ സാക്ഷിപറയാന്പോലും സ്കൂളിലെ പട്ടികജാതി വിഭാഗത്തില്‍പെട്ട ജീവനക്കാര്‍പോലും തയ്യാറായില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പട്ടികജാതിയില്‍ പെട്ട ഒരു കുഞ്ഞിനെ ഗുരുനാഥന്‍തന്നെ കൊലചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ ശരിയായ നടപടികള്‍ സ്വീകരിച്ചില്ലെന്നാരോപിച്ച് ഭരണകക്ഷിയിലെ തന്നെ എം.എല്‍.എ. ആയ പാനചന്ദ് മെഗ്വാള് സ്ഥാനം രാജിവച്ചു.
പട്ടികജാതി പട്ടികവര്‍ഗവിഭാഗ ത്തില്പ്പെട്ടവര്ക്കെതിരെ അതിക്രമം തടയാന്‍ ശക്തമായ നിയമങ്ങള്‍ ഉണ്ടെങ്കിലും ഫലപ്രദമാകാത്തതിന് കാരണം നീതി നേടാന്‍പോലും ഇരകള്‍ അശക്തരായതും സാക്ഷിപറയാന്‍ ആളില്ലാത്തതും അധികാരികളുടെ അനാസ്ഥയുമാണെന്ന് ഏതാനും മാസം മുന്‍പ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ദളിത് വിഭാഗത്തില്‍നിന്ന് ഒരാള്‍ രാഷ്ട്രപതിയാകുന്നതിലും വലിയകാര്യം രാജ്യത്തെ 20 കോടിയിലേറെ വരുന്ന ദളിതര്‍ക്ക് മനുഷ്യരെപോലെ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുക എന്നതാണ്. സവര്‍ണനായ ഗുരുനാഥന്റെ അടിയേറ്റുമരിച്ച ദളിത് ബാലന്റെ ദാഹം ഈരാജ്യത്തെ മുഴുവന്‍ ദളിതരുടേതുമാണ്. അവന്റെ നിലവിളി നമ്മുടെ ഉറക്കം കെടുത്തിക്കൊണ്ടേയിരിക്കും.
ഏറ്റവും മൂല്യമുള്ള സത്പ്രവൃത്തികളിലൊന്നാണ് അധ്യാപനം. അധ്യാപനം നടത്തുന്നവര്‍ മാത്രമല്ല അധ്യാപകര്‍. ധര്മാദിയെ പറഞ്ഞുതരുന്നവര്‍, അജ്ഞാനം നീക്കുന്നവര്‍, ദിശാബോധം പകരുന്നവര്‍ എന്നീ അര്‍ത്ഥതലങ്ങളിലാണ് അവരെ ഗുരുക്കന്മാരെന്ന് വിളിക്കുന്നത്. ഗര്‍ഭാധാനം നടത്തിയവര്‍, പഠിപ്പിച്ചവര്‍, അന്നംകൊടുത്തു വളര്‍ത്തിയവര്‍, ഭയങ്കരാവസ്ഥയില്‍ നിന്ന് രക്ഷിച്ചവര്‍ എന്നിവരെല്ലാം ഗുരുക്കന്മാരാണെന്നാണ് പൗരാണിക ഭാരതീയ സങ്കല്പം.
വിദ്യാഭ്യാസം ഒരു സംസ്കാര പ്രക്രിയയാണ്. സംസ്കാരത്തിന്റെ ശ്രേയസ്സ് ദൈവവിചാരത്തിലും ആത്മീയഭാഷയിലും ധാര്‍മിക മുന്നേറ്റത്തിലുമാണ്. ജാതീയത, വര്‍ഗീയത, വിഭാഗീയത, സങ്കുചിത കാഴ്ചപ്പാട് തുടങ്ങി പ്രതിലോമകരങ്ങളായ കാര്യങ്ങളെ തൂത്തെറിഞ്ഞ് രാഷ്ട്രബോധത്തിന്റെയും വിശ്വസാഹോദര്യത്തിന്റെയും മാനവികതയുടെയും മതേതരത്വത്തിന്റെയും വിത്തുകള്‍ കുട്ടിയുടെ ആത്മാവില്‍ പകര്‍ന്ന് നല്‍കേണ്ടവരാണ് അധ്യാപകര്‍.
നിര്‍മലവും സത്യസന്ധതയും പാവനവുമായ പാഠങ്ങള്‍ പകരേണ്ടവര്‍ തന്നെ കുട്ടികളുടെ അന്തകരാകുന്നത് അക്ഷന്തവ്യമായ അപരാധമാണ്. സ്കൂളുകള്‍ കുട്ടികളുടെ രണ്ടാംവീടാണ്. അധ്യാപകര്‍ സഹരക്ഷിതാക്കളുമാണ്. സുരക്ഷിതത്വവും പരിരക്ഷയും നല്കി അവരെ കാത്തുരക്ഷിക്കേണ്ടവരാണ് അധ്യാപകര്‍.
കേവലം വിജ്ഞാന വിനിമയവും വിജ്ഞാനമാര്ജിക്കലുമല്ല, മറിച്ച് മൂല്യബോധം പുതുതലമുറക്ക് പകരേണ്ടവരാണ് അധ്യാപകര്‍. ജാതി വിവേചനങ്ങള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കുമെതിരെ ശബ്ദിക്കാനും പോരാടാനും കുട്ടികളെ ശക്തരാക്കേവര്തന്നെ ജാതിഭീകരതയുടെ വിഷജന്തുക്കളായി പ്രത്യക്ഷപ്പെടുന്നത് എത്രയോ അപമാനകരമാണ്.
അധ്യാപകര്‍ സര്വഗുണങ്ങളുടയും വിളനിലമായിരിക്കണമന്നൊണ് ഭാരതീയ സങ്കല്പം. “തൈത്തരീയ” ഉപനിഷത്തില്‍ അധ്യാപകര്‍ ദൈവത്തിന്റെ പ്രതീകമാണ്. കഠോപനിഷത്തിന്റെ കാഴ്ചപ്പാടനുസരിച്ച് ഗുരു ദൈവത്തിന്റെ പ്രകാശവാഹകരാണ്.
നിത്യനന്മകളുടെ ഉറവിടമാകണം അധ്യാപകര്‍. ശിഷ്യരുടെ അന്ധകാരത്തെ അകറ്റി വെളിച്ചത്തിലേക്ക് നയിക്കേണ്ടവരാണ് ഗുരുക്കന്മാര്. അവര്‍ സ്വയം അന്ധകാരമായി മാറരുത്. ഗുരു നിത്യചൈതന്യയതി പറയുന്നു; “തന്റെ മുന്നിലിരിക്കുന്ന കുട്ടി തന്റേതല്ലെന്ന് തോന്നുന്നത് എപ്പോഴാണോ അപ്പോള്‍ അധ്യാപകര്‍ വിദ്യാലയത്തിന്റെ പടിയിറങ്ങണം”.
ഇന്ദ്രകുമാര്‍ മേഗവാള് എന്ന ദളിത് ബാലനെ സ്വന്തമായി കാണാന്‍ കഴിയാതെ പോയ ചൈല്സിംഗ് എന്ന അധ്യാപകന് ആ വിദ്യാലയത്തില്‍ നിന്ന് പടിയിറങ്ങണം. (8075789768)
-അഡ്വ. ചാര്‍ളി പോള്‍ MA.LL.B.,DSS