സംസ്ഥാന തല പിടിഎ അവാർഡ് പായിപ്ര ഗവ.യുപി സ്കൂൾ ഏറ്റുവാങ്ങി

September 06, 2022 - By School Pathram Academy

സംസ്ഥാന തല പിടിഎ അവാർഡ് പായിപ്ര ഗവ.യുപി സ്കൂൾ ഏറ്റുവാങ്ങി.

 

മൂവാറ്റുപുഴ : സംസ്ഥാനത്തെ മികച്ച പിടിഎ അവാർഡ് നേടിയ പായിപ്ര ഗവ.യുപി സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയിൽ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങി.

സംസ്ഥാന തലത്തിൽ നാലാം സ്ഥാനം നേടിയ പായിപ്ര ഗവ യു പി സ്കൂളിന് രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും കണ്ണൂരിൽ നടന്ന അധ്യാപക ദിനാഘോഷത്തിൽ വെച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി കൈമാറി.

ജില്ലയിൽ നിന്നും പ്രൈമറി, സെക്കണ്ടറി മേഖലയിൽ നിന്ന് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാലയമായിരുന്നു പായിപ്ര ഗവ.യുപി സ്കൂൾ.കഴിഞ്ഞ രണ്ട് വർഷ കാലയളവിൽ വിദ്യാലയത്തിൽ പി ടി എ യുടെ നേതൃത്വത്തിൽ നടത്തിയ പാഠ്യ-പാഠ്യേതര മികവുകൾക്ക് ലഭിച്ച അംഗീകാരമാണ് ഈ അവാർഡ്.

മികച്ച അക്കാദമിക പ്രവർത്തനങ്ങളുടെ ഫലമായി കുട്ടികളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ് മൂലം ഈ അധ്യയന വർഷം മൂന്ന് പുതിയ ഡിവിഷനുകളും മുന്നൂറോളം കുട്ടികളും വിദ്യാലയത്തിൽ പഠിക്കുന്നു. കഴിഞ്ഞ വർഷം ജില്ലയിൽ മികവ് മത്സരത്തിൽ രണ്ടാം സ്ഥാനവും സംസ്ഥാന അധ്യാപക അവാർഡ് ഈ വിദ്യാലയത്തിലെ കെ എം നൗഫലിന് ലഭിക്കുകയും ചെയ്തു.പിടിഎ പ്രസിഡന്റ് നസീമ സുനിൽ ഹെഡ്മിസ്ട്രസ് വി എ റഹീമ ബീവി, പിടിഎ അംഗങ്ങളായ അസീസ് പുഴക്കര, നവാസ് പിഎം, പ്രസാദ് എകെ, നിസാർ പാലി, മൊയ്തീൻ സി കെ, അധ്യാപകരായ കെ എം നൗഫൽ, സലീന എ, അജിത രാജ്, വിദ്യാർത്ഥി പ്രതിനിധി മുഹമ്മദ് ഈസ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. പായിപ്ര ഗ്രാമ പഞ്ചായത്തിന്റെ സഹായങ്ങളും കഴിഞ്ഞ കാലങ്ങളിൽ വിദ്യാലയം ഏറ്റെടുത്ത വിവിധ പ്രവർത്തനങ്ങൾക്ക് കിട്ടിയ അംഗീകാരവുമാണ് സംസ്ഥാന പിടിഎ അവാർഡെന്ന് പിടിഎ പ്രസിഡന്റ് നസീമ സുനിലും ഹെഡ്മിസ്ട്രസ് വി എ റഹീമ ബീവിയും പറഞ്ഞു.

 

സംസ്ഥാന പിടിഎ അവാർഡ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയിൽ നിന്നും പായിപ്ര ഗവ.യുപി സ്കൂളിലെ പിടിഎ അംഗങ്ങളും അധ്യാപകരും ചേർന്ന് ഏറ്റുവാങ്ങുന്നു.

Category: News