വളയംപിടിച്ച് വൈറലായി ആൻ മേരി അൻസലൻ
വളയംപിടിച്ച് വൈറലായി ആൻ മേരി അൻസലൻ
കൂവപ്പടി ജി. ഹരികുമാർ
കൊച്ചി: തിരക്കേറിയ എറണാകുളം നഗരത്തിലൂടെ ഒട്ടനവധി ട്രാഫിക്ക് ബ്ലോക്കുകളും പിന്നിട്ട് സമയനിഷ്ഠ പാലിയ്ക്കാനാകാതെ ലക്ഷ്യസ്ഥാനത്തെത്താൻ സിറ്റി ബസ്സുകൾ ചീറിപ്പായിക്കുന്ന പുരുഷ ഡ്രൈവർമാർക്കിടയിലേയ്ക്ക് ബസ്സ് ഡ്രൈവറായി എത്തിയ
ഒരു കൊച്ചുമിടുക്കിയുണ്ട് കൊച്ചിക്കാർക്കിടയിൽ. അവളുടെ പേരാണ് ആൻ മേരി അൻസലൻ. വയസ്സ് ഇരുപത്തൊന്നു മാത്രം. ഇന്നവൾ സോഷ്യൽ മീഡിയയിലെ താരമാണ്. തിങ്കൾ മുതൽ ശനി വരെ എറണാകുളം ഗവണ്മെന്റ് ലോ കോളേജിൽ പഠനം. ഞായറാഴ്ചയായാൽ
അസാമാന്യ ധൈര്യത്തോടെ അതിലേറെ സന്തോഷത്തോടെ കാക്കി കുപ്പായവുമണിയഞ്ഞ്, കാക്കനാട് പെരുമ്പടപ്പ് റൂട്ടിൽ ഓടുന്ന ഹെയ്ഡേ ബസ്സിന്റെ ഡ്രൈവർ സീറ്റിലേയ്ക്ക്. അനായാസമായി പുരുഷഡ്രൈവർമാരെപ്പോലും അസൂയാലുക്കളാക്കുംവിധം യാത്രക്കാർക്ക് സുരക്ഷിതയാത്രയൊരുക്കുന്ന ഈ കൊച്ചുമിടുക്കിയുടെ സ്റ്റിയറിംഗ് കൈയ്യടക്കം കണ്ട് യാത്രക്കാർപോലും അന്തംവിടുകയാണ്. ശ്രമകരമായ ബസ്സ് ഡ്രൈവിംഗ് ആൻ മേരിയ്ക്ക് ഒരു ഹോബിയാണ്. ഏറെ ആസ്വദിച്ചാണ് ഞായറാഴ്ചകളിൽ ആൻ ഈ ജോലിയിൽ ഏർപ്പെടുന്നത്. കൊച്ചി പോലെ തിരക്കുള്ള ഒരു സിറ്റിയിൽ അപകടരഹിതമായി ബസ്സ് ഓടിക്കുക എന്നത് ഏറെ ശ്രമകരമായ ഒരു കാര്യമാണെന്ന് പയറ്റി തെളിഞ്ഞ ഡ്രൈവർമാർ പോലും സമ്മതിക്കുന്ന കാര്യമാണ്. ഹോബി എന്നതിലുപരി ഒരു ജനസേവനം കൂടിയായി ഈ ജോലിയെ ആൻ മേരി കാണുന്നു. എല്ലാ ഞായറാഴ്ചകളിലും ഒരു മുഴുവൻദിന ഡ്രൈവർ ഡ്യൂട്ടി എടുക്കുന്ന ആൻ പ്രതിഫലമായി ഒരൊറ്റ രൂപ പോലും ‘ഹെയ് ഡേ’യുടെ മുതലാളിയോട് വാങ്ങാറില്ല എന്നതാണ് ഏറ്റവും അതിശയകരം. സിറ്റിയിലെ തിരക്കുകൾക്കിടയിലൂടെ ചെറിയ വാഹനങ്ങൾ പോലും ഓടിയ്ക്കാൻ പേടിയുള്ള സ്ത്രീകൾ ധാരാളമുള്ളപ്പോഴാണ് ഈ ചെറുപ്രായത്തിൽ ഹെവി വണ്ടിയിൽ നിറയെ യാത്രക്കാരുമായി കൃത്യമായ ട്രാഫിക്ക് നിയമങ്ങൾ പാലിച്ച് ആൻ അനായാസം വണ്ടിയോടിയ്ക്കുന്നത്. ബസ്സുകളോടു മാത്രമല്ല കമ്പം, ഹെവിഡ്യൂട്ടി ലോറികളും ട്രക്കുകളും ഓടിയ്ക്കാൻ ആൻ ഇഷ്ടപ്പെടുന്നുണ്ട്. പതിനഞ്ചാമത്തെ വയസ്സിൽ അച്ഛന്റെ എൻഫീൽഡ് ബുള്ളറ്റ് ഓടിയ്ക്കാൻ ധൈര്യം കാണിച്ചവളാണ്. പതിനെട്ടു വയസ്സു പൂർത്തിയായതു മുതൽ ബുള്ളറ്റിൽ കോളേജിലെത്താനും തുടങ്ങി. ഒന്നരമണിക്കൂർ വേണം കാക്കനാട് മുതൽ പെരുമ്പടപ്പ് വരെ ഓടിയെത്താൻ. തിരക്കുള്ള സമയങ്ങളിൽ അത് ഇതിലും കൂടും. എട്ടുമാസമായി ഈ റൂട്ടിലൂടെ ബസ്സോടിയ്ക്കാൻ തുടങ്ങിയിട്ട്. കോൺട്രാക്ടറായ പി. ജി അൻസലന്റെയും പാലക്കാട് അഡിഷണൽ ഡിസ്ട്രിക്ട് ജഡ്ജ് ആയ സ്മിത ജോർജ്ജിന്റെയും മകളായ ആൻ, ലൈൻ ബസ്സോടിച്ച് വരുമാനം ഉണ്ടാക്കി ജീവിതം കരുപ്പിടിപ്പിയ്ക്കാനിറങ്ങിയതല്ല. മറിച്ച് കൗമാരകാലത്ത് ഡ്രൈവിംഗ് ഒരു കലയായി ആസ്വദിയ്ക്കുക എന്നതു മാത്രമാണ് ഈ നാലാം വർഷ നിയമബിരുദ വിദ്യാർത്ഥിനിയുടെ ലൈൻ. ഞായറാഴ്ചകളിലും മറ്റു ഒഴിവു സമയങ്ങളിലും വണ്ടിയുടെ വളയം പിടിക്കാൻ കിട്ടുന്ന ഒരു ചാൻസു പോലും ആൻ മേരി കളയാറില്ല. മിക്ക ദിവസവും രാത്രി സ്ഥിരം ഡ്രൈവർ, പമ്പിൽ നിർത്തി ഇടുന്ന വണ്ടി ഒറ്റയ്ക്ക് ഓടിച്ചു കുറച്ചു അപ്പുറത്തുള്ള മുതലാളിയുടെ വീട്ടിൽ കൊണ്ട് ഇടുന്നതും ആൻ മേരി തന്നെയാണ്. ആദ്യമൊക്കെ തന്റെ വണ്ടിയിൽ കയറാൻ മടിച്ചും പേടിച്ചും ഒക്കെ നിന്ന യാത്രക്കാർ ഇപ്പോൾ താൻ ഓടിക്കുന്ന വണ്ടിയ്ക്കായി കാത്തു നിൽക്കുന്നതും പതിവാണെന്ന് ആൻ മേരി പറയുന്നു.