മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ കുറിപ്പ്
മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ കുറിപ്പ്
മയക്കുമരുന്ന് സാമൂഹിക വിപത്ത്
മയക്കുമരുന്ന് അഥവാ മനം മാറ്റുന്ന മരുന്ന് (Mind Altering Drug – MAD) സാമൂഹിക സുരക്ഷയ്ക്ക് അനിർവ്വചനീയമായ വെല്ലുവിളികൾ ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ സർവ്വതല സ്പർശിയായ ഒരു ജനകീയ യജ്ഞം ഉയർന്നു വരണം. ജനങ്ങളുടെ കൂട്ടായ പ്രതിരോധത്തിലൂടെ മാത്രമേ ഈ പ്രശ്നത്തെ പരിഹരിക്കുവാനാകൂ.
മയക്കുന്നവയും ഉത്തേജകങ്ങളും (stimulants) വിഭ്രാന്തിജനകങ്ങളും (Hallucination) ആയ രാസപദാർത്ഥങ്ങളാണ് മയക്കുമരുന്നുകൾ. സസ്യങ്ങളിൽ നിന്നും ജീവികളിൽ നിന്നും വിക സിപ്പിച്ചെടുക്കുന്ന തന്മാത്രകളും കൃത്രിമമായി നിർമ്മിച്ചെടുക്കുന്ന തന്മാത്രകളും ഉണ്ട്. ഇവ യിൽ കൃത്രിമ തന്മാത്രകൾ വളരെക്കൂടുതൽ അപകടകാരികളാണ്.
ഈ സൂക്ഷ്മ തന്മാത്രകൾ തലച്ചോറിലെ കേന്ദ്ര നാഡീവ്യൂഹത്തെയാണ് (Central Nervous System) ആദ്യം ബാധിക്കുക. രക്തത്തിലെത്തിയാൽ നിമിഷങ്ങൾക്കുള്ളിൽ ഇവ തലച്ചോറിലെത്തും. മനുഷ്യ മസ്തിഷ്കത്തിനകത്ത് കോടിക്കണക്കിന് നാഡീകോശങ്ങൾ ഉണ്ട്. ഓരോ കോശവും ഉപശാഖകളായി നീളം കൂടിയ ആക്സോണുകളായും വീണ്ടും പിരിഞ്ഞ് ആറ്റ്സ്, ഡെൻഡ്രോൺസ്, ഡെൻഡറ്റ്സ് എന്നായി വിഭജിക്കപ്പെട്ട് അതിസങ്കീർണ്ണമായ നെറ്റ് വർക്കായി തീരുന്നു. കോശ സന്ധികൾ ആയിരക്കണക്കിന് പ്രേഷകരാസപ ദാർത്ഥങ്ങളെ (Neurotransmiters) ഉദ്പാദിപ്പിക്കുന്നു. ഇവയെ സ്വീകരിച്ചുകൊണ്ടാണ് സ്വീകരണികൾ ശരീരത്തിനാവശ്യമായ മറ്റ് രാസവസ്തുക്കളെ ഉൽപാദിപ്പിക്കുന്നത്. ഇത്തരം കോശ സന്ധികളേയും സ്വീകരണികളേയും അമിതമായി സ്വാധീനിച്ച് രാസ ഉൽപാദനം കൂട്ടുക യും കുറയ്ക്കുകയും ചെയ്യുന്ന വസ്തുക്കളാണ് മയക്കുമരുന്നുകൾ. കേന്ദ്ര നാഡീവ്യൂഹത്തെ പ്രകമ്പം കൊള്ളിക്കുവാൻ കഴിയുന്ന രാസവസ്തുക്കളാണ് മയക്കുമരുന്നുകൾ.
ഇങ്ങനെ മയക്കുമരുന്നുകൾ ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും സന്തുലിതമായി ആവ ശ്യമായ രാസവസ്തുക്കളെ അമിതമായി കൂട്ടിയും കുറച്ചും അവയെ സർവ്വനാശത്തിലേക്ക് എത്തിക്കുന്നു. നാഡീ തളർച്ചയുടെ വഴി ഇതാണ്. മയക്കുമരുന്ന് ഉപയോഗിച്ച് ശീലിച്ചാൽ അടിമത്തത്തിലെത്തും. പിന്നെ രക്ഷപ്പെടുവാൻ ബുദ്ധിമുട്ടാണ്. അതിനാൽ രുചിച്ചു നോക്കുകപോലും ചെയ്യരുത്.
അതി സങ്കീർണ്ണമായ തലച്ചോറിലേക്ക് അനാവശ്യമായ രാസവസ്തുക്കൾ എത്തിപ്പെടാതിരിക്കുവാൻ വേണ്ടി പ്രകൃതിദത്തമായി തന്നെ ഒരു തടസ്സം ഉണ്ട്. അതിനെ രക്തമസ്തിഷ്ക്ക പ്രതിബന്ധം എന്ന് പറയും (Blood Brain Barrier) സൂക്ഷ്മ തന്മാത്രകളെ പോലും ഈ BBB തടയും. പക്ഷെ അതിനേക്കാൾ ചെറിയ തന്മാത്രകളാണ് LSD ( Lysergic Acid Diethyl Amide) MDMA (Methylene Dioxy Methamphetamine), GHB (Gamma Hydroxy Butyric Acid) പോലെയുള്ള മയക്കുമരുന്ന് തന്മാത്രകൾ, പ്രത്യേകിച്ച് കൃത്രിമ തന്മാത്രകൾ. BBB യുടെ ഇടയിലൂടെ ഈ തന്മാത്രകൾ എളുപ്പത്തിൽ കേന്ദ്ര നാഡീവ്യൂഹത്തിലേക്ക് ഇരമ്പിക്കയറി വിഭ്രാന്തി ഉണ്ടാക്കും. ബോധം കെടുത്തുന്നതിനും വേദന നശിപ്പിക്കുന്നതിനും ഈ രീതിയെയാണ് വൈദ്യ ശാസ്ത്രം (മോർഫിൻ തുടങ്ങിയ രാസവസ്തുക്കൾ) പ്രയോജനപ്പെടുത്തുന്നത്. ഇങ്ങനെ ഇരമ്പിയെത്തുന്ന മയക്കുമരുന്ന് തന്മാത്രകൾ കോശനാഡികളേയും സ്വീകരണികളേയും പലവിധത്തിലും സ്വാധീനിച്ചാണ് ശരീരത്തെ ഉത്തേജിപ്പിക്കുന്നതും മയക്കുന്നതും വിഭ്രമ ത്തിലാക്കുകയും ചെയ്യുന്നത്. കോശങ്ങളുടെയും സ്വീകരണികളുടേയും ഇലാസ്തികത നഷ്ട പ്പെടുമ്പോൾ അവക്ക് പഴയ അവസ്ഥയിലേക്ക് തിരിച്ചെത്താൻ കഴിയില്ല. അപ്പോൾ ശരീരം നിഷ്പ്രഭമായി തളർന്നുപോകും. രാസവസ്തുക്കളുടെ ഏറ്റക്കുറച്ചിൽ ഹൃദയം, കരൾ, ശ്വാസ കോശം തുടങ്ങിയ അവയവങ്ങളെ ഗുരുതരമായി ബാധിക്കും. രക്തസമ്മർദ്ദ വ്യതിയാനം ശ്വാസതടസ്സങ്ങൾ, ഭക്ഷണ – ദഹന പ്രശ്നങ്ങൾ ഇവ വർദ്ധിക്കും. കാൻസർ, നാഡി തളർച്ച, മാനസിക പ്രശ്നങ്ങൾ പോലുള്ള മാരക രോഗങ്ങൾ ഉറപ്പാണ്. ഇഞ്ചിഞ്ചായി ശരീരത്തെ നശിപ്പിക്കുന്ന മാരക വിഷവസ്തുക്കളാണ് മയക്കുമരുന്നുകളെന്നോർക്കുക. സാമ്പത്തികമായും സാംസ്കാരികമായും വ്യക്തിയേയും കുടുംബത്തേയും അത് തകർക്കും.
ശരീരത്തിന്റെ നാശം കുടുംബത്തിന്റേയും സമൂഹത്തിന്റേയും നാശത്തിലേക്കാണ് വഴിയൊരുക്കുക. ഇതപര്യന്തമുള്ള മാനവീക വികാസത്തിന്റെ അപരിഹാര്യമായ തകർച്ചക്കുള്ള വഴിയായിരിക്കും ലഹരി ഉപഭോഗം.
നിഷ്കളങ്കവും നിർമ്മലവുമായ സ്നേഹം ആവോളം ലഭിക്കണമെന്നത് മനുഷ്യന്റെ നൈസർഗ്ഗികമായ ആഗ്രഹമാണ്. അതിൽ കുറവു വരുമ്പോൾ സ്വാഭാവികമായും മനുഷ്യൻ സ്നേഹത്തിനുവേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കും. ഈ തീവ്ര വേദനയെ വഴിതിരിച്ച് ഒഴുക്കുവാൻ പ്രലോഭനങ്ങൾക്ക് കഴിയും. ഈ പ്രലോഭനമാണ് മയക്ക്, ലഹരി മരുന്നുകൾ പിച്ചവെച്ച് കടന്നുവരുന്ന നിശ്ശബ്ദ വീഥി. ഈ രീതിശാസ്ത്രത്തെ തിരിച്ചറിഞ്ഞ് ശാസ്ത്രീയ മായി കുരുന്നു ജീവിതങ്ങളിൽ ഇടപെടുക എന്ന ജനകീയ മുന്നേറ്റം അനിവാര്യമായിരിക്കുന്നു. കേരളം അതിനും മാതൃകയാകുന്നു.