മഴക്കാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താം വെളുത്തുള്ളി; ഗുണങ്ങള്‍ ഇതാണ്…

July 03, 2022 - By School Pathram Academy

മഴക്കാലം എന്നാല്‍ പലവിധ അണുബാധകളുടെ കാലമാണ്. ചിലര്‍ക്ക് ഒന്ന് തണുപ്പടിച്ചാല്‍ മതി ജലദോഷം ( Cold ) വരാന്‍. മഴക്കാലത്ത് സാധാരണഗതിയില്‍ കാണപ്പെടുന്ന അസുഖങ്ങളാണ് തുമ്മലും, ജലദോഷവും, തൊണ്ടവേദനയും (throat pain), ചുമയും (cough) പനിയുമൊക്കെ (Fever).

പ്രതിരോധശേഷി (immunity) മെച്ചപ്പെടുത്തുക എന്നതാണ് ഇതിനുള്ള പരിഹാര മാര്‍ഗം. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ മഴക്കാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒരു ചേരുവയാണ് വെളുത്തുള്ളി (Garlic). നമ്മുടെ അടുക്കളകളില്‍ നിത്യേന കാണപ്പെടുന്ന ചേരുവകളിലൊന്ന് കൂടിയാണ് വെളുത്തുള്ളി.

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ വെളുത്തുള്ളി ജലദോഷത്തിനും പനിക്കും ചുമയ്ക്കുമൊക്കെ ആശ്വാസമാകും. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും വെളുത്തുള്ളിക്ക് വലിയ പങ്കുണ്ട്. വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള നിരവധി ആന്‍റി ഓക്‌സിഡന്‍റുകള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്നു.

അറിയാം വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങള്‍…

ഒന്ന്…

തുമ്മല്‍, ജലദോഷം, ചുമ, പനി എന്നിവയുടെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാന്‍ വെളുത്തുള്ളിക്ക് കഴിയും. ഒപ്പം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. അതിനാല്‍ മഴക്കാലത്ത് വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്.

രണ്ട്…

ശരീരഭാരം കുറയ്ക്കാനും വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിനാവശ്യമല്ലാത്ത കലോറികളെരിച്ച് കളഞ്ഞ്, എപ്പോഴും ഊര്‍ജ്ജസ്വലതയോടെയിരിക്കാന്‍ വെളുത്തുള്ളി സഹായിക്കും. വിശപ്പിനെ അടക്കിനിര്‍ത്താനുള്ള കഴിവാണ് വെളുത്തുള്ളിയുടെ മറ്റൊരു പ്രത്യേകത. വിശപ്പ് അടക്കിനിര്‍ത്തുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനാകും. അതുവഴി വണ്ണം കുറയ്ക്കാന്‍ സഹായിക്കും.

മൂന്ന്…

ശ്വാസകോശ സംബന്ധമായ വിഷമതകള്‍ക്കും വെളുത്തുള്ളി ആശ്വാസമാകും. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്‍റിബാക്ടീരിയല്‍ ഘടകങ്ങള്‍ ആണ് ഇതിന് സഹായിക്കുന്നത്.

നാല്…

ഡയറ്റില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുന്നതിലൂടെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സാധിക്കും. ഇതിന്റെ ഫലമായി ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയുന്നു. കൂടാതെ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും വെളുത്തുള്ളി സഹായിക്കും.

അഞ്ച്…

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വെളുത്തുള്ളി നല്ലതാണ്. ആന്‍റി ഓക്‌സിഡന്‍റ്, ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഫംഗല്‍ ഗുണങ്ങള്‍ മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നതിലൂടെ ചര്‍മ്മത്തിലെ പാടുകള്‍ മായ്ക്കും. മുഖക്കുരുവിന് മുകളില്‍ വെളുത്തുള്ളി പുരട്ടുന്നത് നല്ലതാണെന്ന് ചില പഠനങ്ങളും പറയുന്നു.

Category: News