മരണത്തിലും ഗോപിക ടീച്ചറുടെ കാരുണ്യസ്പർശം; അവയവദാനത്തിലൂടെ ജീവിതം തിരിച്ചുകിട്ടിയത് മൂന്നുപേർക്ക്

August 25, 2022 - By School Pathram Academy

തിരുവനന്തപുരം: ഗോപിക ടീച്ചർ വിദ്യാർഥികൾക്കെന്നും വിസ്മയമായിരുന്നു.

ഒരു അധ്യാപികയെന്നതിനപ്പുറം സ്നേഹത്തിന്റെ നിറകുടമായ ടീച്ചറുടെ വിയോഗം സ്വന്തം കുടുംബാംഗങ്ങളെപ്പോലെതന്നെ ശാസ്തമംഗലം ആർ.കെ.ഡി. എൻ.എസ്.എസ് ഹയർസെക്കന്ററി സ്കൂളിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും താങ്ങാവുന്നതിലുമപ്പുറമാണ്.

ആറുദിവസം മുമ്പാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് പക്ഷാഘാതമുണ്ടായി വലിയവിള കുണ്ടമൺകടവ് ബാലഭാരതി സ്കൂളിനുസമീപം ശ്രീവല്ലഭയിൽ ഗോപികാറാണി(47) എന്ന ഗോപിക ടീച്ചർ ശ്രീചിത്ര മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കപ്പെട്ടത്.

ആരോഗ്യനില മോശമായി തുടരുകയും ബുധനാഴ്ചമസ്തിഷ്കമരണം സ്ഥിരീകരിക്കുകയുമായിരുന്നു.
ഒരു അധ്യാപികയെന്ന നിലയിൽ കുട്ടികളിൽ സഹജീവികളോടുള്ള സ്നേഹം, മനുഷ്യത്വം, ദയ തുടങ്ങിയ സദ്ഗുണങ്ങൾ നിർലോഭം പകർന്നു നൽകുന്ന ടീച്ചറുടെ ജീവിതസന്ദേശം മരണശേഷവും തുടരണമെന്ന് ബന്ധുക്കൾ ആഗ്രഹിച്ചു.

ഭർത്താവ് പ്രദീപ് കുമാറും മകൻ പ്രാൺ പ്രവീണും ബന്ധുക്കളുമെല്ലാം ചേർന്ന് ഏകകണ്ഠമായെടുത്ത തീരുമാനം മൂന്നുപേരുടെ ജീവിതമാണ് മടക്കിനൽകുന്നത്.

കേരളാ സ്റ്റേറ്റ് ഓർഗൻ ആന്റ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനുമായി (കെ സോട്ടോ) ബന്ധപ്പെട്ട ബന്ധുക്കളുടെ തീരുമാനത്തെ അധികൃതർ അത്യന്തം ആദരവോടെയാണ് സ്വീകരിച്ചത്. തുടർന്ന് അവയവദാന നടപടികൾ പുരോഗമിച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച ശസ്ത്രക്രിയ രാത്രിയോടെ അവസാനിച്ചു.
കരൾ, വൃക്കകൾ, ഹൃദയ വാൽവ് എന്നിവയാണ് വിവിധ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികൾക്ക് ദാനം ചെയ്യുന്നത്.

കരൾ കിംസ് ആശുപത്രിയിലും വൃക്കകൾ യഥാക്രമം തിരുവനന്തപുരം ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിലും പുഷ്പഗിരി മെഡിക്കൽ കോളേജിലും ഹൃദയ വാൽവ് ശ്രീ ചിത്രയിലും ചികിത്സയിലുള്ള രോഗികൾക്കാണ് നൽകിയത്.പ്രസിദ്ധ ചിത്രകാരൻ ചിറയിൻകീഴ് ശ്രീകണ്ഠൻ നായരുടെയും ഗിരിജാകുമാരി (റിട്ട. പ്രധാനാധ്യാപിക) യുടെയും മകളാണ് ഗോപികാറാണി. മൃതദേഹം വ്യാഴം പകൽ 2.30 ന് ശാസ്തമംഗലം സ്കൂളിൽ പൊതു ദർശനത്തിനു വയ്ക്കും. സംസ്കാരം വൈകുന്നേരം 4.30 ന് ശാന്തികവാടത്തിൽ.

Category: News