മന്ത്രിയുടെ മിന്നല്‍ പരിശോധന PWD ഓഫീസില്‍

August 30, 2022 - By School Pathram Academy

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം പൂജപ്പുര സെക്ഷൻ അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ മിന്നൽ പരിശോധന. ഉദ്യോഗസ്ഥർ സമയത്തിന് ഓഫീസിൽ വരുന്നില്ലെന്നും തോന്നുമ്പോൾ വന്നു പോകുന്നു എന്നും നിരന്തരം പരാതിയെത്തുടർന്നായിരുന്നു റിയാസിന്റെ സന്ദർശനം.

പരിശോധിക്കാനെത്തിയപ്പോൾ എ.ഇ.അടക്കമുള്ള ഉദ്യോഗസ്ഥർ ഓഫീസിൽ ഉണ്ടായിരുന്നില്ല.
ഓഫീസിൽ രണ്ട് ഓവർസിയർമാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മന്ത്രി ആവശ്യപ്പെട്ട രേഖകളും ഓഫീസിൽ ഉണ്ടായിരുന്നില്ല. തുടർന്ന് മന്ത്രി ചീഫ് എൻജിനീയറോട് ഓഫീസിലെത്താൻ നിർദ്ദേശിക്കുകയും ചെയ്തു.

ഓഫീസുമായി ബന്ധപ്പെട്ട് തുടർച്ചയായ പരാതികളാണ് ജനങ്ങളിൽ നിന്ന് ലഭിച്ചിരിക്കുന്നത്. വന്നാൽ ഓഫീസിൽ ആരും ഇല്ല, ഓഫീസ് അടച്ചിടുന്നു എന്നാണ് പരാതി. ഇത് തുടർച്ചയായി വരുന്നതിന്റെ പശ്ചാത്തലത്തിലാണ് മിന്നൽ പരിശോധന നടത്തിയത്. കൂടുതൽ വിവരങ്ങൾ പരിശോധിക്കേണ്ടതുണ്ട്.

പരിശോധനയിൽ പരാതി ന്യായമാണെന്ന് കണ്ടെത്തിട്ടുണ്ട്. അറ്റൻഡൻസ് രജിസ്റ്റർ, മൂവ്മെന്റ് രജിസ്റ്റർ, ഡെയ്ലി കാഷ് രജിസ്റ്റർ, കാഷ്വൽ ലീവ് രജിസ്റ്റർ, ഇ ഓഫീസ് പ്രോഗ്രസ്, ഇതിൽ ഇ ഓഫീസ് പ്രോഗ്രസ് ഒഴികെ മറ്റു നാലെണ്ണവും പരിശോധിച്ചു. പരിശോധിച്ചതിൽ ചില കാര്യങ്ങൾ വസ്തുതയാണെന്ന് തോന്നി.

ചീഫ് എൻജിനീയർ കൂടി വരേണ്ടതുണ്ട്. വിവിധ വകുപ്പുകളുടെ ഒട്ടേറെ പ്രവൃത്തികൾ ഇവിടെ ഉണ്ട്. ആ പ്രവൃത്തികളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിൽ നിന്ന് വരുന്നവർക്കും ഇത്തരത്തിൽ ഉള്ള സമീപനം ഉണ്ട് എന്ന പരാതികളുണ്ട്. പരിശോധിച്ചപ്പോൾ തന്നെ ദീർഘകാലം ലീവ് എടുത്ത ആളുകളുണ്ട്. വരാത്ത ആളുകളുണ്ട്.വന്ന് ഒപ്പിട്ട് പോകുന്ന സ്ഥിതി ഉണ്ട്. രാവിലെ വരിക ഒപ്പിട്ട് പോകുക രണ്ട് ദിവസം കഴിഞ്ഞു വരിക എന്ന സ്ഥിതിയും ഉണ്ട്.

ഈ സ്ഥിതി തിരുത്തപ്പെടേണ്ടതാണ്. ബാക്കികാര്യങ്ങൾ ചീഫ് എഞ്ചിനിയറുമായി സംസാരിക്കും. ശക്തമായ നടപടി സ്വീകരിക്കും. ഇത് മറ്റ് എല്ലാ ഓഫീസുകൾക്കുമുള്ള സന്ദേശമാണ. മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Category: News