ഫിറ്റ്‌നസ് ഇല്ല; അടുത്ത അധ്യയനവർഷം സ്‌കൂൾ തുറക്കുമോയെന്ന ആശങ്കയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും
ബത്തേരി : കെട്ടിടത്തിന് സുരക്ഷിതത്വ സർട്ടിഫിക്കറ്റ് ഇല്ലാതായതോടെ ചെട്ട്യാലത്തൂർ ഗവ. എൽപി സ്‌കൂളിന്റെ ഭാവി അനിശ്ചിതത്വത്തിൽ.
നൂൽപ്പുഴ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഉൾപ്പെട്ട ഗ്രാമമാണ് നാലുവശവും വനത്താൽ ചുറ്റപ്പെട്ട ചെട്ട്യാലത്തൂർ. സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ട ഗ്രാമത്തിൽനിന്ന് നാല് വർഷം മുമ്പ് പകുതിയോളം കുടുംബങ്ങൾ പുനരധിവാസ പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റി ഗ്രാമത്തിന് പുറത്തേക്ക് താമസം മാറ്റിയിരുന്നു.
ശേഷിച്ച എഴുപതോളം കുടുംബങ്ങളാണ് ഇപ്പോഴും വൈദ്യുതി എത്തിയിട്ടില്ലാത്ത ഗ്രാമത്തിൽ കഴിയുന്നത്. 45 വർഷം മുമ്പാണ് ഇവിടെ ഗവ. എൽപി സ്‌കൂൾ സ്ഥാപിച്ചത്. തുടക്കത്തിൽ 55 കുട്ടികൾവരെ പഠിച്ചിരുന്ന സ്‌കൂളിൽ കഴിഞ്ഞ അധ്യയനവർഷം പഠിച്ചത് 18 കുട്ടികളാണ്. ഇവരിൽ എല്ലാവരും ഗോത്രവർഗത്തിലെ കാട്ടുനായ്‌ക്ക, പണിയ വിഭാഗങ്ങളിലുള്ളവരാണ്. ആസ്‌ബസ്‌റ്റോസ് ഷീറ്റിട്ട മേൽക്കൂരയായതിനാൽ പഞ്ചായത്തിലെ അസി. എൻജിനിയർ ആറ് മാസം മുമ്പ് കെട്ടിടത്തിന് ഫിറ്റ്‌നസ് സർടിഫിക്കറ്റ് നിഷേധിച്ചിരുന്നു.
ആസ്‌ബസ്‌റ്റോസ് ഷീറ്റിന് പകരം മേൽക്കൂര നിർമിക്കുന്നതിന് പഞ്ചായത്ത് ഫണ്ട് അനുവദിച്ചെങ്കിലും സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയുടെ പേരിൽ നിർമാണത്തിന് വനം വകുപ്പ് അനുമതി നൽകിയിട്ടില്ല. ഒന്നുമുതൽ നാലുവരെ ക്ലാസുകൾ പ്രവർത്തിക്കുന്ന സ്‌കൂളിൽ പ്രധാനാധ്യാപകനടക്കം അഞ്ച് അധ്യാപകരും രണ്ട് ജീവനക്കാരുമാണുള്ളത്. അധ്യാപകർക്ക് താമസിക്കാനുള്ള ക്വാർട്ടേഴ്‌സ് സൗകര്യവുമുണ്ട്. അടുത്ത അധ്യയനവർഷം സ്‌കൂൾ തുറക്കുമോയെന്ന ആശങ്കയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും.