പ്രിയപ്പെട്ട കുട്ടികളെ, ഇന്ന് നിങ്ങൾക്ക് ഞാൻ ഒരു ചേട്ടനെ പരിചയപ്പെടുത്തി തരാം.
പ്രിയപ്പെട്ട കുട്ടികളെ,
ഇന്ന് നിങ്ങൾക്ക് ഞാൻ ഒരു ചേട്ടനെ പരിചയപ്പെടുത്തി തരാം. ചിലപ്പോ നേരത്തെ തന്നെ ഈ ചേട്ടനെ നിങ്ങൾ ടി.വി.യിലും പത്രത്തിലുമൊക്കെയായി കണ്ടു കാണും കേട്ടാ. നമ്മുടെ നാടിന് തന്നെ അഭിമാനമായി മാറിയ ആഷ്ലിൻ അലക്സാണ്ടറാണ് ആ മിടുക്കനായ ചേട്ടൻ. ഭോപ്പാലിൽ നടന്ന ദേശീയ യൂത്ത് മീറ്റിൽ 100 മീറ്റർ ഓട്ടം 10.87 സെക്കന്റിൽ ഫിനിഷ് ചെയ്ത് സ്വർണ്ണം കരസ്ഥമാക്കിയ മിന്നും താരമാണ് ആഷ്ലിൻ.
ഈ ചേട്ടനെ പരിചയപ്പെടാനും അഭിനന്ദിക്കാനും കഴിഞ്ഞത് ഏറെ അഭിമാനത്തോടെയാണ് ഞാൻ കാണുന്നത്. ഒരു അത്ലറ്റിക് സ്വർണം നേടി എന്ന് കേൾക്കുമ്പോൾ ചിലരെങ്കിലും അതിനെ നിസാരവത്കരിക്കാറുണ്ട്. എന്നാൽ ഇതിന് പിന്നിൽ വലിയ ശ്രമമാണ് ഉള്ളത്.
ആഷ്‌ലിന്റെ നാല് വർഷത്തെ കൃത്യതയോടെയുള്ള പരിശ്രമത്തിന്റേയും കഠിനാധ്വാനത്തിൻറേയും ഫലമാണ് ഈ വിജയം. രാവിലെയും വൈകിട്ടുമായി ദിവസവും അഞ്ച് മണിക്കൂറോളം സമയമാണ് പ്രാക്ടിസ് ചെയ്യാനായി എടുത്തത്. മഴയെയും തണുപ്പിനെയും ഒക്കെ അവഗണിച്ച് വെളുപ്പിനെ അഞ്ച് മണി മുതലാണ് പരിശീലനം ആരംഭിക്കുക. സ്കൂൾ പഠന സമയം കഴിഞ്ഞ ശേഷം വൈകിട്ട് ഏഴര വരെയും പരിശീലനം തുടരും. ഗ്രൗണ്ടിലും റോഡിലും സിന്തറ്റിക് ട്രാക്കിലും ഒക്കെയാണ് പരിശീലനം നടത്തിയിരുന്നത്. പഠനത്തെ ഒട്ടും ബാധിക്കാത്ത തരത്തിൽ ആയിരുന്നു കേട്ടോ ഇതെല്ലാം.
എന്റെ പ്രിയപ്പെട്ട എല്ലാ കുട്ടികളും ഈ ചേട്ടനെ മാതൃകയാക്കണം. നിങ്ങളുടെ ഉള്ളിലുള്ള ആഗ്രഹം നേടിയെടുക്കാനായി എല്ലാവരും നല്ലത് പോലെ പരിശ്രിമക്കണം കേട്ടോ. എപ്പോഴെങ്കിലും തോറ്റ് പോയത് കൊണ്ടോ വീട്ടിലെ മറ്റ് ബുദ്ധിമുട്ടുകൾ കൊണ്ടോ ആരും സ്വന്തം ആഗ്രഹങ്ങളെ വേണ്ടെന്ന് വെയ്ക്കരുത്. ആഗ്രഹങ്ങളിലേക്ക് എത്താനായി എല്ലാവരും തീവ്രമായി പരിശ്രമിക്കണം. ഒരുനാൾ നിങ്ങൾ ഉറപ്പായും വിജയിച്ചിരിക്കും.
നിങ്ങൾക്ക് എല്ലാവിധ പിന്തുണയുമായി ഞാനും ജില്ലാ ഭരണകൂടവും എന്നും ഒപ്പമുണ്ട് കേട്ടോ…
ആഷ്‌ലിനെ ഈ വിജയം കരസ്ഥമാക്കാൻ പ്രാപ്തമാക്കിയ അച്ഛൻ അലക്സാണ്ടർ, അമ്മ ജാൻസി, ലിയോ അത്ലറ്റിക് അക്കാദമിയിലെ കോച്ചുമാർ എന്നിവർക്ക് എല്ലാ അഭിനന്ദനങ്ങളും.
നിങ്ങളെ സ്വന്തം 😍
DISTRICT COLLECTOR ALAPUZHA