പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് ഗംഭീര വരവേൽപ്പൊരുക്കി വിദ്യാലയങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് ഗംഭീര വരവേൽപ്പൊരുക്കി വിദ്യാലയങ്ങൾ. രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്നുമുതൽ സ്കൂളുകൾ പൂർണസജീവം. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കഴക്കൂട്ടം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.റസൂൽ പൂക്കുട്ടി പ്രവേശനോത്സവത്തിന്റെ മുഖ്യാതിഥിയായി.
12,869 സ്കൂളുകളിലായി നാല് ലക്ഷത്തോളം കുട്ടികളാണ് ഇത്തവണ പുതുതായി എത്തിയത്. മുന്നേറാം മികവോടെ എന്നതാണ് ഇത്തവണ പ്രവേശനോത്സവ മുദ്രാവാക്യം. വിദ്യാലയങ്ങളിലേക്ക് ആദ്യമായി എത്തുന്ന കുരുന്നുകൾക്ക് നടൻ മോഹൻലാൽ അടക്കം നിരവധി പേർ ആശംസകളറിയിച്ച് പ്രവേശനോത്സവത്തിന്റെ ഭാഗമായി
യൂണിഫോമും മാസ്കും ധരിച്ചെത്തിയ കുട്ടികളെ മധുരപലഹാരങ്ങളും കളിപ്പാട്ടങ്ങളും നൽകിയാണ് അധ്യാപകർ വരവേറ്റത്. വിദ്യാലയങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. വിദ്യാർഥികൾക്കും അധ്യാപകർക്കും മുഖാവരണം നിർബന്ധമായി ധരിക്കണമെന്നും സാനിറ്റൈസർ ഉപയോഗിക്കണമെന്നും മന്ത്രി ഓർമ്മപ്പെടുത്തി.കലോത്സവം, കായികമേള, ശാസ്ത്രമേള തുടങ്ങി മുടങ്ങിക്കിടക്കുന്ന എല്ലാ പാഠ്യേതര പ്രവർത്തനങ്ങളും ഈ വർഷം പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
12, 869 സ്‌കൂളുകളിലായി നാല് ലക്ഷത്തോളം കുട്ടികളാണ് ഇത്തവണ പുതുതായി എത്തിയത്