പീഡന പരാതി :അധ്യാപകന് എതിരെ കേസ്

May 11, 2022 - By School Pathram Academy

മലപ്പുറം നഗരസഭയിലെ സി.പി.എം കൗൺസിലർ കെ വി ശശികുമാറിനെതിരെ പീഡന പരാതി. ശശികുമാര്‍ അധ്യാപകനായിരുന്ന മലപ്പുറത്തെ എയ്ഡഡ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിനികളാണ് പരാതി നല്‍കിയത്. അധ്യാപകനായിരുന്ന 30 വർഷത്തിനിടെ സ്‌കൂളിലെ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ആരോപണത്തെ തുടർന്ന് ശശികുമാർ നഗരസഭാ അംഗത്വം രാജിവെച്ചു.

 

കഴിഞ്ഞ മാര്‍ച്ചിലാണ് ശശികുമാര്‍ സ്കൂളില്‍ നിന്ന് വിരമിച്ചത്. വിരമിച്ചതിനു പിന്നാലെ അധ്യാപക ജീവിതത്തെ കുറിച്ച് ശശികുമാര്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അധ്യാപകനില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന് ഒരു പൂര്‍വ വിദ്യാര്‍ഥിനി ഈ പോസ്റ്റിനു താഴെ കമന്‍റിട്ടു. പിന്നാലെയാണ് ചില പൂര്‍വ വിദ്യാര്‍ഥിനികള്‍ പൊലീസില്‍ പരാതി നല്‍കിയത്. അധ്യാപകനായിരിക്കെ ശശികുമാര്‍ ലൈംഗികാതിക്രമം നടത്തി എന്നായിരുന്നു പരാതി.

പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം തുടങ്ങി. അറുപതോളം വിദ്യാര്‍ഥിനികള്‍ പീഡിപ്പിക്കപ്പെട്ടെന്ന് സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പറയുന്നു. 2019ല്‍ സ്കൂള്‍ അധികൃതരോട് ചില വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ പരാതിയില്‍ നടപടിയുണ്ടായിട്ടില്ലെന്ന് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പറയുന്നു.

Category: News