പാഠ്യ പദ്ധതി പരിഷ്ക്കരണം. ഒരോ വിദ്യാർഥിയേയും ഓരോ യൂണിറ്റായി പരിഗണിച്ചുകൊണ്ടുള്ള അക്കാദമിക പ്രവർത്തനങ്ങളുടെ ആസൂത്രണവും നിർവഹണവുമാണു ലക്ഷ്യം

June 16, 2022 - By School Pathram Academy

സംസ്ഥാനത്തെ പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരണത്തിനു മുന്നോടിയായുള്ള സംസ്ഥാനതല ആശയരൂപീകരണ ശിൽപശാല ആരംഭിച്ചു

. കരിക്കുലം കമ്മിറ്റി അംഗങ്ങളും കോർ കമ്മിറ്റി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. ഉച്ചയ്ക്കുശേഷം നടക്കുന്ന കരിക്കുലം, കോർകമ്മിറ്റി സംയുക്ത യോഗത്തിൽ പരിഷ്‌കരണ രൂപരേഖ ചർച്ച ചെയ്യും.

ഓരോ വിദ്യാർഥിയേയും ഓരോ യൂണിറ്റായി പരിഗണിച്ചുകൊണ്ടുള്ള അക്കാദമിക പ്രവർത്തനങ്ങളുടെ ആസൂത്രണവും നിർവഹണവുമാണു ലക്ഷ്യമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി അക്കാദമിക മാസ്റ്റർപ്ലാൻ, അക്കാദമിക നിലവാരം തുടങ്ങിയവ ഉയർത്താനുള്ള നിരവധി പ്രവർത്തനങ്ങളും നടന്നുവരുന്നു.

2007 ലാണു കേരളത്തിൽ സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണം നടന്നത്. കഴിഞ്ഞ 10 വർഷത്തിലധികമായി ഒരേ പാഠപുസ്തകങ്ങളാണ് കുട്ടികൾ പഠിച്ചുകൊണ്ടിരിക്കുന്നത്. വൈജ്ഞാനിക സമൂഹത്തിന്റെ നിർമിതിയിലൂടെ നവകേരളം സൃഷ്ടിക്കുവാനുള്ള സുപ്രധാന അവസരമായാണു പാഠ്യപദ്ധതി പരിഷ്‌കരണത്തെ കാണുന്നത്. പ്രീപ്രൈമറി വിദ്യാഭ്യാസം, സ്‌കൂൾ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം തുടങ്ങിയ നാലു മേഖലകളിലാണു സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നത്. ഇതിനു സഹായകരമായി 25 ഫോക്കസ് ഏരിയകളും പൊസിഷൻ പേപ്പറുകളും രൂപീകരിക്കും. പരിഷ്‌കരണ നടപടികളുടെ അന്തിമഘട്ടത്തിലാണ് പാഠപുസ്തകങ്ങൾ, ടീച്ചർ ടെക്സ്റ്റുകൾ തുടങ്ങിയവയുടെ നിർമാണത്തിലേക്ക് പ്രവേശിക്കുന്നത്.

വിവിധ വിഷയങ്ങളിലായി 563 ടൈറ്റിൽ പാഠപുസ്തകങ്ങളാണ് നിലവിൽ എസ്.സി.ഇ.ആർ.ടി. തയാറാക്കുന്നത്. മതേതരത്വം, ജനാധിപത്യം, സമഭാവന, സഹിഷ്ണുത, മാനവിക ബോധം, ഭരണഘടനാ മൂല്യങ്ങൾ എല്ലാം കേരളീയ പാഠ്യപദ്ധതി ചർച്ചയിൽ മുന്നിൽ നിൽക്കും. ദേശീയ വിദ്യാഭ്യാസ നയം ഇത്തരം കാര്യങ്ങളിൽ മൗനം പാലിക്കുമ്പോൾ കേരളം ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കും. സമഗ്രമായ ഈ പാഠ്യപദ്ധതി പരിഷ്‌കരണ നടപടികൾ പൂർത്തിയാവാൻ രണ്ടു വർഷമെങ്കിലും വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

Category: News