പാഠ്യേതര വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സിലബസ് പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: കുട്ടികളുടെ സര്‍ഗവാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്ത്രബോധം വളര്‍ത്തുന്നതിനും ഉതകുന്നതരത്തില്‍ പാഠ്യേതര വിഷയങ്ങള്‍ക്കുകൂടി പ്രാധാന്യം നല്‍കിയാകും സിലബസ് പരിഷ്‌കരണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ദേശീയ ഊര്‍ജ്ജ സംരക്ഷണ പക്ഷാചരണത്തിന്റെ ഭാഗമായി ബ്യുറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയുടെയും കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിന്റെ സംസ്ഥാനതല മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ക്കും പഠനത്തില്‍ മുന്തിയ പരിഗണന നല്‍കണം. സമൂഹവുമായി ഇഴുകിച്ചേരാനും കാര്‍ഷിക രംഗത്ത് ഇടപെടല്‍ നടത്താനും മണ്ണിന്റെ മണമറിഞ്ഞ് നല്ല മനുഷ്യന്റെ മുഖമാകുന്നതിനുമെല്ലാം വിദ്യാര്‍ഥികളെ പ്രാപ്തരാക്കണം. ഈ രീതയിലേക്കു പാഠ്യരീതിയും മാറ്റപ്പെടേണ്ടതുണ്ട്. ഊര്‍ജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു വിദ്യാര്‍ഥികളില്‍ അവബോധം പകരുന്നതിനും ഇതിനായി പ്രോത്സാഹനം നല്‍കുന്നതിനും വിദ്യാഭ്യാസ വകുപ്പ് ശ്രമങ്ങള്‍ നടത്തിവരികയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷം ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ‘എനര്‍ജി എഫിഷ്യന്റ് ഇന്ത്യ, ക്ലീനര്‍ പ്ലാനറ്റ്’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം സംസ്ഥാനത്ത് 41 കേന്ദ്രങ്ങളില്‍ നടന്നു. എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, എന്‍.ടി.പി.സി കായംകുളം, പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണു മത്സരങ്ങള്‍ സംഘടിപ്പിച്ചത്.