പരീക്ഷയിലുള്ള ഭയം കാരണം പഠിച്ചതും കൂടി മറന്നു പോകുന്നു

August 24, 2022 - By School Pathram Academy

സ്കൂളില്‍ പോകുന്നത് എന്തിനാണ്? എന്തെങ്കിലും പഠിക്കാനാണോ, അതോ മിടുക്കനാണ്, സമര്‍ത്ഥനാണ് എന്നൊക്കെ തെളിയിക്കാനാണോ? അതാണ്‌ ആദ്യം തീരുമാനിക്കേണ്ടത്. എന്തെങ്കിലുമൊക്കെ കാണാപ്പാഠം പഠിച്ചതുകൊണ്ട് ജീവിതത്തിന്റെ ഗുണനിലവാരത്തില്‍ ഗണ്യമായ മാറ്റമൊന്നുമുണ്ടാകാന്‍ പോകുന്നില്ല.

ഭയം, പ്രത്യേകിച്ച് പരീക്ഷാഭയം മേന്മയുള്ള എന്തോ ആയിട്ടാണ് പലരും ധരിച്ച്‌ വെച്ചിരിക്കുന്നത്. മാര്‍ക്കു കുറഞ്ഞുപോകും എന്ന ഭയമുണ്ടെങ്കിലല്ലേ കുട്ടി മെനക്കെട്ടു പഠിക്കുകയുള്ളു? വാസ്തവത്തില്‍ അത് ശരിയല്ല. ഭയം നിങ്ങളെ ഒന്നിനും കൊള്ളരുതാത്തവനാക്കുകയാണ് ചെയ്യുന്നത്.

ഇനിയും സംഭവിച്ചിട്ടില്ലാത്ത ഒരു കാര്യത്തെ കുറിച്ചാണ് നമ്മള്‍ എപ്പോഴും ഭയപ്പെടുന്നത്. ഈ നിമിഷം നിലനില്‍ക്കുന്ന ഒന്നിനെ കുറിച്ചല്ല ഭയം, എന്തു സംഭവിക്കും എന്നോര്‍ത്താണ് നമ്മുടെ ഭയം. അതിലെന്തെങ്കിലും അര്‍ത്ഥമുണ്ടോ?
സ്കൂളില്‍ പോകുന്നത് എന്തിനാണ്? എന്തെങ്കിലും പഠിക്കാനാണോ, അതോ മിടുക്കനാണ്, സമര്‍ത്ഥനാണ് എന്നൊക്കെ തെളിയിക്കാനാണോ? അതാണ്‌ ആദ്യം തീരുമാനിക്കേണ്ടത്. പ്രത്യേകിച്ച് എന്തെങ്കിലും തെളിയിക്കാനാണ് താല്പര്യമെങ്കില്‍ ജയിക്കുമോ തോല്‍ക്കുമോ എന്ന ഉത്കണ്ഠ സ്വാഭാവികമായും ഉണ്ടാകും. എന്നാല്‍ പഠിത്തത്തിലാണ്, കാര്യഗ്രഹണത്തിലാണ് ശ്രദ്ധ എങ്കില്‍ അങ്ങിനെയൊരു ഉത്കണ്ഠയുടെ ആവശ്യമില്ല. ജയപരാജയങ്ങള്‍ക്ക് അവിടെ പ്രസക്തിയില്ല. അവിടെ വേണ്ടത് ശ്രദ്ധയും പ്രയത്നവും മാത്രമാണ്. ചിലര്‍ കാര്യങ്ങള്‍ വേഗത്തില്‍ ഗ്രഹിച്ചെടുക്കുന്നു, വേറെ ചിലര്‍ കുറച്ചു കാലമെടുത്തിട്ടു ഗ്രഹിച്ചെടുക്കുന്നു. പഠനവിഷയങ്ങള്‍ തിടുക്കത്തില്‍ കാണാപ്പാഠം ഉരുവിടാന്‍ പറ്റുന്നതിലല്ല, പ്രയത്നിക്കാനുള്ള സന്നദ്ധത – അതിനാണ്‌ ഇവിടെ പ്രധാനം. വിവരങ്ങള്‍ ഗ്രഹിക്കുന്നതിലാണ് താല്പര്യമെങ്കില്‍, ക്ഷമയോടുകൂടി തുടര്‍ച്ചയായി പ്രയത്നിച്ചു കൊണ്ടിരിക്കുക, അതാണ്‌ ശരിയായ പഠനം.
ഒന്നും വേണ്ടതുപോലെ ഓര്‍മ്മ വെക്കാന്‍ കഴിയുന്നില്ല എന്ന വിഷമം വേണ്ട, അറിയാവുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കു.
സ്കൂളില്‍ പോകുന്നത് വിഷയപരമായ കുറെ കാര്യങ്ങള്‍ ഓര്‍മ്മ വെയ്ക്കാന്‍ വേണ്ടി മാത്രമല്ല, നല്ല കാര്യങ്ങള്‍ മനസിലാക്കാനും അതുവഴി ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുമാണ്. നാം ജീവിക്കുന്ന ചുറ്റുപാടുകളെക്കുറിച്ച് സാമാന്യമായൊരു ബോധം നമുക്കുണ്ടായിരിക്കണം, അതിനു വേണ്ടിയുള്ളതാണ് സയന്‍സും, ഗണിതവും, സാമൂഹ്യശാസ്ത്രവും, ഭൂമിശാസ്ത്രവും എല്ലാം.
സ്കൂളില്‍ പോകുന്നത് പൊതുവിജ്ഞാനം കൂട്ടാനും ലോകത്തിനെപ്പറ്റിയുള്ള അറിവ് നേടാനുമാണ്, അല്ലാതെ കുറേ പേജുകള്‍ കാണാപ്പാഠം പഠിക്കാനല്ല. അതുവഴി മാര്‍ക്കു കൂടുതല്‍ നേടാം, അതു മാത്രമാണ് ഗുണം.
സ്കൂള്‍ പരീക്ഷയില്‍ നിങ്ങള്‍ക്കു കിട്ടുന്ന മാര്‍ക്കല്ല നിങ്ങളുടെ ജീവിതത്തിന്റെ ഗുണനിലവാരത്തിന്റെ അളവുകോല്‍. എത്രത്തോളം വിവേകവും മൂല്യബോധവുമുണ്ടോ, അതാണു നിങ്ങളുടെ ജീവിതത്തിന്റെ മേന്മ നിശ്ചയിക്കുന്നത്. അതുകൊണ്ട് ഉത്തരങ്ങള്‍ അറിയില്ല എന്ന് തോന്നിയാല്‍ ആ ചോദ്യം വിട്ടുകളഞ്ഞേക്കൂ, അതിനെകുറിച്ചോര്‍ത്ത് പശ്ചാത്തപിക്കുകയുമരുത്. വേണമെന്നുണ്ടെങ്കില്‍ പഠിക്കാന്‍ ഒരു വര്‍ഷം കൂടുതലായി എടുത്തോളൂ, അതുകൊണ്ട് ദോഷമൊന്നും വരുകയില്ല. യോഗാഭ്യാസം ശീലിച്ചാല്‍ ആയുസ്സും കൂടും. പരീക്ഷ എന്ന നിസ്സാര കാര്യത്തിനു വേണ്ടിയുള്ള “കോപ്പിയടി” നിങ്ങളുടെ മനസിന്റെ താളം തെറ്റിക്കും. പിന്നീട് ജീവിതത്തില്‍ വലിയ പരീക്ഷകള്‍ നേരിടേണ്ടി വരുമ്പോള്‍, ഒന്നിനുമാവാതെ പേടിച്ചു പിന്തിരിയേണ്ട അവസ്ഥയിലാകും.
പരീക്ഷകളില്‍ മാര്‍ക്ക് കുറച്ചു കൂടുതലോ കുറവോ ആയെന്നുവരാം, ജീവിതത്തെ സംബന്ധിച്ചിടത്തോളം അത് വലിയൊരു വിഷയമല്ല, എന്നാല്‍ ആ ചെറിയ കാലയളവില്‍ എന്തെല്ലാം പഠിച്ചു, എത്രത്തോളം അറിവ് നേടി – അത് പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. അതിലാണ് ശ്രദ്ധ പതിപ്പിക്കേണ്ടത്. പല വിദ്യാര്‍ത്ഥികളും ചെയ്യുന്നത് എന്താണെന്നോ? അവര്‍ പുസ്തകം അപ്പാടെ വിഴുങ്ങുന്നു, പരീക്ഷയുടെ സമയത്ത് അതെല്ലാം ഛര്‍ദ്ദിക്കുകയും ചെയ്യുന്നു. പരീക്ഷ കഴിയുന്നതോടെ തലയില്‍ നിന്നെല്ലാം ഒഴിഞ്ഞു ശുദ്ധമാവുന്നു. ചുരുക്കത്തില്‍ പഠിച്ചതൊന്നും അവരില്‍ അവശേഷിക്കുന്നില്ല. പരീക്ഷയില്‍ ജയിച്ചാല്‍ മാത്രം മതി എന്നുള്ളവര്‍ക്ക് ഈ പരിപാടി നന്ന്, എന്നാല്‍ അത് തനിക്കോ, സമൂഹത്തിനോ, ലോകത്തിനോ ഒരു വിധത്തിലും പ്രയോജനകരമാകുന്നില്ല. നിങ്ങള്‍ അത്തരക്കാരാവരുത്.

സ്കൂള്‍ പഠിപ്പ് അവസാനിക്കുമ്പോഴേക്കും നിങ്ങളാല്‍ എത്രത്തോളം പറ്റുമോ, അത്രത്തോളം അറിവ് നേടിയിരിക്കണം. വേണ്ടത്ര അറിവും, കഴിവും, ഭാവിയെ നേരിടാനുള്ള കാര്യപ്രാപ്തിയും ഉണ്ടാക്കിയെടുക്കണം. നാളെ വിശാലമായ ഈ ലോകത്തിലേക്ക് കടന്നു ചെല്ലുമ്പോള്‍ അതിനെ വിവേകപൂര്‍വ്വം നേരിടാനുള്ള അറിവും കഴിവും നിങ്ങള്‍ക്കുണ്ടായിരിക്കണം. ഓര്‍മ്മശക്തിയെ പറ്റി ആലോചിച്ചു വെറിപിടിക്കണ്ട. ഓര്‍മ്മശക്തി കൂടുതല്‍ ഉള്ളവര്‍ മാര്‍ക്ക് കൂടുതല്‍ വാങ്ങട്ടെ. ജീവിതത്തിന്‍റെ പരീക്ഷയില്‍ വിജയിക്കാന്‍ നിങ്ങള്‍ക്കാകണം, അല്ലാതെ സ്കൂള്‍ പരീക്ഷയില്‍ മാര്‍ക്ക് വാരിക്കൂട്ടി, ജീവിതത്തെ നേരിടാനാവാതെ വന്നിട്ടെന്തു കാര്യം?

എന്നെ നോക്കൂ, ഒരു കാര്യവും എനിക്കോര്‍മ്മയില്ല. ഓര്‍മ്മകളുടെ ഭാരം എന്റെ സ്വൈര്യം കെടുത്തുന്നില്ല. സ്വന്തം ജീവിതം എത്രത്തോളം തന്റേടത്തോടെ, സാമര്‍ത്ഥ്യത്തോടെ പ്രയോജനപ്രദമായി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുന്നു, അതിനാണു പ്രാധാന്യം കൊടുക്കേണ്ടത്.

Category: News