ഡെങ്കി കനത്ത ജാഗ്രത; ലക്ഷണങ്ങൾ ശ്രദ്ധിക്കാം;മുളയിലേ നുള്ളണം ; കടിയേൽക്കാതെ നോക്കണേ
ഡെങ്കിയിൽ കനത്ത ജാഗ്രത
മരണകാരണം വെസ്റ്റ്നൈൽ അല്ല
കൊച്ചി
കുമ്പളങ്ങിയിൽ വയോധികൻ മരിച്ചത് കൊതുകുജന്യരോഗമായ വെസ്റ്റ്നൈൽ ബാധിച്ചല്ലെന്ന് സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പിസിആർ ടെസ്റ്റിലാണ് മരണകാരണം വെസ്റ്റ്നൈൽ അല്ലെന്ന് സ്ഥിരീകരിച്ചത്. എന്നാൽ, ജില്ലയിൽ ഡെങ്കിപ്പനി വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും കൊതുകിന്റെ ഉറവിടനശീകരണം ഊർജിതമാക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസ് നിർദേശിച്ചു.
ക്യുലെക്സ് കൊതുക് പരത്തുന്ന വെസ്റ്റ്നൈൽ പനി ലക്ഷണങ്ങൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ഞായറാഴ്ച കുമ്പളങ്ങിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചത് വെസ്റ്റ്നൈൽ ബാധിച്ചാണെന്നായിരുന്നു ആദ്യപരിശോധനാ റിപ്പോർട്ട്. ആലപ്പുഴ വൈറോളജി ലാബിലെ ഐജിഎം ടെസ്റ്റ് റിപ്പോർട്ടുപ്രകാരമായിരുന്നു ഇത്. ഈ റിസൽറ്റുപ്രകാരം ഡെങ്കിപ്പനിയും സംശയിക്കാമെന്നതിനാൽ കൂടുതൽ കൃത്യമായ ഫലത്തിനായി പിസിആർ ടെസ്റ്റും നടത്തി. അതിലാണ് ഫലം നെഗറ്റീവായത്. നേരത്തേ ജില്ലയിൽ വെസ്റ്റ്നൈൽ പനി റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ മരണമുണ്ടായിട്ടില്ല.
കോന്തുരുത്തി, ചൂർണിക്കര, ഇടത്തല, വാഴക്കുളം, മൂക്കന്നൂർ, കുട്ടമ്പുഴ, പായിപ്ര, തൃക്കാക്കര പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്തത്. അവിടങ്ങളിൽ വീടുകൾ, ഫ്ലാറ്റുകൾ, സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് രോഗനിയന്ത്രണ പ്രവർത്തനങ്ങൾ ശക്തമാക്കി. ഹോട്ട്സ്പോട്ടുകളിൽ ആരോഗ്യവകുപ്പ് സ്ക്വാഡ് രൂപീകരിച്ച്, ഉറവിടനശീകരണവും ഫോഗിങ്ങും നടത്തുന്നു. വെള്ളത്തിൽ വളരുന്ന അലങ്കാരച്ചെടികൾ വളർത്തുന്നയിടങ്ങളിലാണ് ഈഡിസ് കൊതുകുകളെ കൂടുതലായി കണ്ടെത്തിയിട്ടുള്ളത്.
- ലക്ഷണങ്ങൾ ശ്രദ്ധിക്കാം
പനിയോടൊപ്പം തലവേദന, കണ്ണിനുപുറകിൽ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ശരീരത്തിൽ ചുവന്നുതടിച്ച പാടുകളും ഉണ്ടാകാം. തുടർച്ചയായ ഛർദി, വയറുവേദന, ശരീരഭാഗങ്ങളിൽനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്ത് മരവിക്കുക, തളർച്ച, രക്തസമ്മർദം വല്ലാതെ താഴുക, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ തുടങ്ങിയവ ഡെങ്കിപ്പനിയുടെ അപായസൂചനകളാണ്.
രോഗലക്ഷണങ്ങൾ കാര്യമായി പ്രകടമാക്കാതെ വൈറൽ പനിപോലെയും ഡെങ്കി വരാം. ചിലപ്പോൾ രോഗം സങ്കീണമായി ജീവനുതന്നെ ഭീഷണിയാകുന്ന ഡെങ്കു ഹെമറേജിക് ഫീവർ, ഡെങ്കു ഷോക്ക് സിൻഡ്രോം എന്നീ ഗുരുതരാവസ്ഥയുമുണ്ടാകാം. ഡെങ്കിപ്പനി രണ്ടാമതും വന്നാൽ കൂടുതൽ ഗുരുതരമാകാം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. പനി മാറിയാലും 3–-4 ദിവസംകൂടി സമ്പൂർണ വിശ്രമം തുടരണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം തുടങ്ങി ധാരാളം പാനീയങ്ങൾ കഴിക്കാം.
- മുളയിലേ നുള്ളണം
ഈഡിസ് കൊതുകിന്റെ നിയന്ത്രണമാണ് പ്രധാന പ്രതിരോധം. ഞായറാഴ്ചകളിൽ വീടുകളിലും വെള്ളിയാഴ്ച സ്കൂളിലും ശനിയാഴ്ചകളിൽ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ഉറവിടനശീകരണം പതിവാക്കണം. ചെറിയ അളവ് വെള്ളത്തിൽപ്പോലും ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകും. ഓരോ പ്രാവശ്യവും 100 മുതൽ 200 വരെ മുട്ടകളിടും. ഒരുവർഷത്തോളം മുട്ട കേടുകൂടാതെയിരിക്കും. ഈർപ്പം തട്ടിയാൽ ഒരാഴ്ചകൊണ്ട് വിരിഞ്ഞ് കൊതുകാകും. വൈറസ് ബാധയുള്ള കൊതുകിന്റെ മുട്ടകളിലും വൈറസ് സാന്നിധ്യമുണ്ടാകും.
- കടിയേൽക്കാതെ നോക്കണേ
പകലാണ് ഈഡിസ് കൊതുകുകൾ കടിക്കുന്നത്. കൊതുകുകടി തടയാനുള്ള ലേപനങ്ങൾ, റിപ്പലെന്റ്സ്, കൊതുകുവല എന്നിവ ഉപയോഗിക്കണം. ജോലി ചെയ്യുന്നവർ ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിക്കണം.