ചോദ്യപേപ്പറും ഉത്തരവും സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് ഡി ഡി ഇ

March 26, 2023 - By School Pathram Academy

മലപ്പുറം: നെയ്മർ ആരാധികയുടെ ചോദ്യപേപ്പറും ഉത്തരവും സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് ഡിഡിഇ.

ഉത്തരക്കടലാസ് എങ്ങനെയാണ് വൈറലായതെന്ന് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്. ഇക്കാര്യത്തിൽ മലപ്പുറം ജില്ലയിലെ വിവിധ സ്കൂളുകളോട് വിശദീകരണം തേടിയിട്ടുണ്ട്.

മറുപടി തൃപ്തികരമല്ലെങ്കിൽ സ്കൂളുകൾക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.കഴിഞ്ഞ ദിവസമാണ് മലപ്പുറം ജില്ലയിലെ ചില സ്കൂളുകളിലെ നാലാം ക്ലാസ് ചോദ്യപേപ്പറാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. അർജന്റീനൻ ഫുട്ബോൾ താരം മെസ്സിയെക്കുറിച്ചുള്ള ചോദ്യത്തിന് നെയ്മർ ആരാധികയായ വിദ്യാർത്ഥിനി ഉത്തരമെഴുതാൻ വിസമ്മതിച്ച് വിയോജനക്കുറിപ്പ് എഴുതിയതും വലിയ ചർച്ചയായി.

ഞാൻ എഴുതൂല, ഞാൻ ബ്രസീൽ ഫാൻ ആണ്. എനിക്ക് നെയ്മറിനെയാണ് ഇഷ്ടം. മെസ്സിയെ ഇഷ്ടമല്ല.’ എന്നായിരുന്നു മെസ്സിയെക്കുറിച്ചുള്ള ചോദ്യത്തിന് കുഞ്ഞു നെയ്മർ ആരാധിക ഉത്തരക്കടലാസിൽ എഴുതിയത്

Category: News