ഖിച്ചടിയിൽ ഉപ്പ് കൂടിപ്പോയതിന് ഭർത്താവ് ഭാര്യയെ തുണി ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
പ്രഭാത ഭക്ഷണത്തിൽ ഉപ്പ് കൂടിപ്പോയെന്നാരോപിച്ച് ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മഹാരാഷ്ട്ര താനെ ജില്ലയിലെ ഭയന്ദറിലാണ് സംഭവം. നിർമ്മല (40) ആണ് കൊല്ലപ്പെട്ടത്. ഖിച്ചടിയിൽ ഉപ്പ് കൂടിപ്പോയതിനാണ് ഭർത്താവ് നിലേഷ് ഘാഗ് (46) ഭാര്യയെ തുണി ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.
“രാവിലെ 9.30 ഓടെയാണ് യുവതി മരിച്ചത്. ഖിച്ചടിയിൽ ഉപ്പ് കൂടിപ്പോയെന്നു പറഞ്ഞാണ് ഭാര്യയെ നിലേഷ് കൊലപ്പെടുത്തിയത്.” പോലീസ് പറഞ്ഞു. നീളമുള്ള തുണി ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് നിർമ്മലയെ കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
നിർമ്മലയുടെ മൃതദേഹം ഫോറൻസിക് പരിശോധനയ്ക്കായി പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. പ്രതിക്കെതിരെ ഐപിസി 302 പ്രകാരം കേസെടുത്തതായി പോലീസ് വ്യക്തമാക്കി.