കോപ്പിയടിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥിനിയെ അധ്യാപിക അപമാനിച്ചതായി പരാതി.

October 19, 2022 - By School Pathram Academy

കോപ്പിയടിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥിനിയെ അധ്യാപിക അപമാനിച്ചതായി പരാതി. വയനാട് ബത്തേരി സെന്റ് മേരീസ് കോളജില്‍ നടന്ന പരീക്ഷയ്ക്കിടെയാണ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപിക മോശമായി പെരുമാറിയത്. അധ്യാപികയ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ കോളജില്‍ പ്രതിഷേധ പ്രകടനം നടത്തി.

കോളജിലെ പൊളിറ്റിക്കല്‍ സയന്‍സ് മൂന്നാം വിദ്യാര്‍ത്ഥികള്‍ക്കാണ് ദുരനുഭവമുണ്ടായത്. കഴിഞ്ഞ ദിവസം പരീക്ഷ നടക്കുന്നതിനിടെ കോപ്പിയടി സംശയിച്ച അധ്യാപിക വിദ്യാര്‍ഥിനിയെ പരീക്ഷാ ഹാളില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്നാണ് ആരോപണം. പരീക്ഷാ പേപ്പര്‍ പിടിച്ചുവാങ്ങിയെന്നും ചോദ്യം ചെയ്ത സഹപാഠികളെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നുമാണ് പരാതി.

അധ്യാപികയുടെ നടപടി ചോദ്യം ചെയ്താല്‍ പ്രതികാര നടപടി നേരിടേണ്ടി വരുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇന്റേണല്‍ മാര്‍ക്ക് ഉള്‍പ്പെടെ വെട്ടിക്കുറയ്ക്കും. രക്ഷിതാക്കള്‍ക്കിടയില്‍ പോലും തെറ്റിദ്ധാരണ പരത്തുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

അധ്യാപികയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ കോളജ് പ്രിന്‍സിപ്പലിന് രേഖാമൂലം പരാതി നല്‍കി. വിദ്യാര്‍ഥികളുടെ പരാതി കിട്ടിയതായും പരിശോധിച്ച വരികയാണെന്നുമാണ് പ്രിന്‍സിപ്പലിന്റെ വിശദീകരണം.

Category: News