കേരളത്തിലെ അംഗീകൃത തണ്ണീർത്തടങ്ങൾ ഏതൊക്കെ ?

February 03, 2022 - By School Pathram Academy

ലോക തണ്ണീർത്തട ദിനം

 

എല്ലാ വർഷവും ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നു. 1971 ഫെബ്രുവരി 2 ന് ഇറാനിലെ കാസ്പിയൻ കടൽത്തീരത്തിലെ റാംസർ നഗരത്തിൽ വച്ച് ലോക തണ്ണീർത്തട ഉടമ്പടി ഒപ്പു വെക്കുകയുണ്ടായി. ഈ ദിവസത്തിന്റെ ഓർമ്മ നിലനിർത്താനും തണ്ണീർത്തടങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും 1997 ഫെബ്രുവരി 2 മുതലാണ് ആഗോളതലത്തിൽ തണ്ണീർത്തടദിനമായി ആചരിക്കാൻ തുടങ്ങിയത്. ഈ ദിവസം നടക്കുന്ന വിവിധ പരിപാടികളിലൂടെ സാധാരണ ജനങ്ങളുടെ ഇടയിൽ തണ്ണീർത്തടങ്ങളുടെ പ്രത്യേകതകളും പ്രാധാന്യവും ഓർമ്മപ്പെടുത്തുക കൂടിയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.

 

കേരളത്തിലെ അംഗീകൃത തണ്ണീർത്തടങ്ങൾ തിരുത്തുക

അഷ്ടമുടി കായൽ

ശാസ്താംകോട്ട കായൽ

വേമ്പനാട് – കോൾ നിലങ്ങൾ

 

അഷ്ടമുടിക്കായൽ

 

വലിപ്പംകൊണ്ട് കേരളത്തിലെ രണ്ടാമത്തേതും ആഴമുള്ള നീർത്തട ആവാസവ്യവസ്ഥയുമുള്ള ഒരു കായലാണ്‌ കൊല്ലം ജില്ലയിലുള്ള അഷ്ടമുടിക്കായൽ. പനയാകൃതിയുള്ള ഈ വലിയ ജലസംഭരണി വലിപ്പത്തിൽ വേമ്പനാട് കായലിന്റെ തൊട്ടു പുറകിൽ സ്ഥാനമുറപ്പിക്കുന്നു. അഷ്ടമുടി എന്നതിന്റെ അർത്ഥം എട്ടു ശാഖകൾ എന്നാണ്‌ (അഷ്ട=എട്ട്;മുടി=ശാഖ,കൈവഴി). ഈ പേര്‌ കായലിന്റെ സ്ഥലചിത്രീകരണം സൂചിപ്പിക്കുന്നു;ബഹുശാഖകളുള്ള ഒരു കായൽ. കേരളത്തിലെ ശുദ്ധജലതടാകങ്ങളിലേക്കുള്ള കവാടം എന്നും ഈ കായലിനെ വിശേഷിപ്പിക്കുന്നു. നീർത്തടങ്ങളുടെ സം‌രക്ഷണവും അവയുടെ സന്തുലിത ഉപയോഗത്തെയും കുറിച്ചുള്ള റാംസർ ഉടമ്പടി പ്രകാരം അന്തർദേശീയ പ്രാധാന്യമുള്ള നീർത്തടങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതാണ്‌ അഷ്ടമുടി നീർത്തടം. കായലിന്റെ വലതുഭാഗത്ത് ചരിത്രപ്രാധാന്യമുള്ള തുറമുഖ നഗരമായ കൊല്ലം സ്ഥിതിചെയ്യുന്നു. കൊല്ലം ബോട്ട് ക്ലബ്ബിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ബോട്ടു സവാരി കൊല്ലത്തെ ആലപ്പുഴയുമായി ബന്ധിപ്പിക്കുന്നു. മറ്റു നിരവധി ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും ഈ ബോട്ട് സവാരി പ്രവേശനമൊരുക്കുന്നു. കൂടാതെ ആഡംബര ഹൗസ് ബോട്ടുകളും സേവനങ്ങൾ നത്തുന്നു. ഈ ജലസംഭരണിയിലൂടെയുള്ള ബോട്ട് സവാരി 8 മണിക്കൂർ സമയം വരുന്നതാണ്‌. തടാകങ്ങൾ,കനാലുകൾ,വെള്ളക്കെട്ടുകളുള്ള ഗ്രാമങ്ങൾ എന്നിവയിലൂടെയുള്ള ഈ സവാരി അഷ്ടമുടിക്കായലിന്റെ സമഗ്ര സൗന്ദര്യം നുകരാൻ അവസരമൊരുക്കുന്നു. മീൻപിടുത്തക്കാർ ഉപയോഗിക്കുന്ന ചീനവല ഈ കായലിലെ ഒരു സാധാരണ കാഴ്ചയാണ്‌.കായലും അതിന്റെ തീരത്തുള്ള കൊല്ലം നഗരവും നീണ്ടകര തുറമുഖവും സംസ്ഥാനത്തിന്റെ കശുവണ്ടി സംസ്കരണ-വ്യാപാരത്തിനും സമുദ്രോല്പന്ന വ്യവസായങ്ങൾക്കും ആവശ്യമായ ഗതാഗത മാർഗ്ഗമായി വർത്തിക്കുന്നു. കായലരികത്തായി താമസിക്കുന്ന ജനവിഭാഗങ്ങൾ മത്സ്യബന്ധനം,കയർ നിർമ്മാണത്തിലേക്കാവശ്യമായ ചകിരി വേർതിരിക്കുന്നതിനുള്ള ചകിരിപൂഴ്ത്തൽ,ഉൾനാടൻ ജലഗതാഗത സേവനം എന്നീ തൊഴിലുകളിലൂടെ ജീവിതോപാധി കണ്ടെത്തുന്നു.

 

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലകായലാണ് കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലുള്ള ശാസ്താംകോട്ട കായൽ. ഹരിത മനോഹരമായ കുന്നിൻ പ്രദേശങ്ങളും കുന്നുകൾക്കിടയിലെ നെൽ പാടങ്ങളും ഈ ശുദ്ധ ജല തടാകത്തെ മനോഹരമാക്കുന്നു. ചുറ്റും പ്രകൃതി രമണീയമായ ശാസ്താംകോട്ട ക്ഷേത്രം ഈ കായലിനടുത്താണ്. ധർമ്മശാസ്താവിന്റെ ക്ഷേത്രം ഇവിടെ ഉള്ളതുകൊണ്ട് ഈ നാടിന് ശാസ്താവിന്റെ കോട്ട എന്ന പേരുവന്നു. കായലിനു ചുറ്റും വളഞ്ഞു പുളഞ്ഞു നിൽക്കുന്ന കുന്നുകളാൽ സുഖവാസ കേന്ദ്രമായ ഈ കായലിന് എട്ടു ചതുരശ്ര മൈൽ വിസ്തീർണമുണ്ട്. കൊല്ലം നഗരം, തടാകത്തിനു ചുറ്റുമുള്ള മൈനാഗപ്പള്ളി, ശാസ്താംകോട്ട, കുന്നത്തൂർ, പോരുവഴി, പടിഞ്ഞാറെ കല്ലട, ശൂരനാട് തെക്ക് എന്നി പഞ്ചായത്തുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുന്നത് ഈ തടാകത്തിൽ നിന്നാണു്.

 

കോൾനിലങ്ങൾ

 

സമുദ്ര നിരപ്പിൽ നിന്നും താഴെ കിടക്കുന്ന വയൽ പ്രദേശങ്ങളാണ് കോൾനിലങ്ങൾ. കേരളത്തിൽ ആലപ്പുഴ, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഇത്തരം പാട ശേഖരങ്ങളുണ്ട്. തൃശ്ശൂർ ജില്ലയിലെ തൃശൂർ, മുകുന്ദപുരം, ചാവക്കാട്, തലപ്പിള്ളി (ഇപ്പോൾ കുന്നംകുളം) താലൂക്കുകളിലും, മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും ഉൾപ്പെടുന്ന; കോൾനിലം, കോൾപാടം എന്നീ പേരിൽ അറിയപ്പെടുന്ന പാടശേഖരം ഏതാണ്ട് പതിമൂവായിരത്തോളം ഹെക്റ്റർ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്നു. ഇവയിൽ തൃശൂർ, മുകുന്ദപുരം, ചാവക്കാട് എന്നീ താലൂക്കുകളിലെ കോൾപാടങ്ങളെ തൃശൂർ കോൾനിലമായും, തലപ്പിള്ളി (ഇപ്പോൾ കുന്നംകുളം), പൊന്നാനി എന്നീ താലൂക്കുകളിലെ കോൾപാടങ്ങളെ പൊന്നാനി കോൾനിലമായും തിരിച്ചിരിക്കുന്നു.

 

 

കോൾനിലത്തെ നെൽകൃഷി

കോൾനിലങ്ങൾ കേരളത്തിന്റെ പ്രധാനപ്പെട്ട നെല്ലുല്പാദനമേഖലയാണ്. കിഴക്കൻ മലകളിൽ നിന്നും മഴവെള്ളത്തോടൊപ്പം ഒഴികു വരുന്ന ഫലഭൂയിഷ്ടമായ മണ്ണ് ഇവിടെ അടിഞ്ഞു കൂടുകയും കൃഷിക്ക് അനുയോജ്യമാവുകയും ചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്നും 0.5 മീറ്റർ മുതൽ 1 മീറ്റർ വരെ താഴ്ന്നാണ്‌ സ്ഥിതിചെയ്യുന്ന ഇവിടെ മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നു. സമ്പന്നമായ തണ്ണീർത്തട ജൈവവ്യവസ്ഥ (Wetland eco-system) കൂടിയായ ഇവ ഒട്ടനവധി ജനുസ്സുകളിലെ ശുദ്ധജലമത്സ്യങ്ങൾക്കും ചെമ്മീൻ, തവള, ഞവിണി, കക്ക, ഞണ്ട് എന്നിവക്കും പാമ്പ്, കീരി, നീർനായ് പോലുള്ള സസ്തനികൾക്കും സ്ഥിരവാസികളും ദേശാടനക്കാരുമായ നിരവധി പക്ഷികൾക്കും ആവാസകേന്ദ്രമാണ്.

 

മഴക്കാലത്തിനു ശേഷം പാടത്തെ വെള്ളം പുറത്തേക്ക് (ഉയർന്ന പ്രദേശത്തേക്ക്) പമ്പ് ചെയ്ത് കളഞ്ഞാണു കൃഷിക്ക് നിലമൊരുക്കുന്നത്. പഴയ കാലത്ത് പൽ ചക്രങ്ങൾ ഘടിപ്പിച്ച തേവ് യന്ത്രങ്ങൾ ചവിട്ടിയാണു കൃഷിക്കാർ ഇതു സാധ്യമാക്കിയിരുന്നത്. ഇപ്പോൾ വലിയ പറ മോട്ടോറുകൾ ഉപയോഗിച്ച് കുറേയേറെ കൃഷി സ്ഥലങ്ങൾ ഒന്നിച്ചാണു ഇങ്ങനെ വെള്ളം തേവി മാറ്റുന്നത്. തേവി മാറ്റിയ വെള്ളം തിരിച്ച് പാടത്തേക്ക് വരാതെ തടയാൻ വലിയ മൺ വരമ്പുകൾ പണിയും. ചില സമയങ്ങളിൽ ഈ വരമ്പുകളിൽ മടവീണാൽ വെള്ളം തിരിച്ച് പാടത്തേക്കിറങ്ങി കൃഷി മുഴുവൻ നശിച്ച് പോകും.മഴക്കാലത്ത് നശിച്ച് പോകാത്ത പൊക്കാളി കൃഷി ഇവിടെ ചെയ്തു വരുന്നു

Recent

അധ്യാപക ഒഴിവുകൾ ഉൾപ്പെടെ നിരവധി വേക്കൻസികൾ

December 26, 2024

എം ടി ക്വിസ്

December 26, 2024

നാടിന് കൈവന്ന സാഹിത്യവസന്തവും മലയാളത്തിന്റെ എക്കാലത്തെയും തേജോമയമായ വസന്തോത്സവവുമായിരുന്നു എം.ടി

December 26, 2024

അധ്യാപക ഒഴിവുകൾ, ജൂനിയർ നഴ്സ്,ഡേറ്റ എൻട്രി ഓപ്പറേറ്റർ,കംപ്യൂട്ടർ പ്രോഗ്രാമർ,ഫാർമസിസ്റ്റ്,അസി. പ്രഫസർ,ഫാക്കൽറ്റി …നിരവധി ഒഴിവുകൾ

December 25, 2024

സ്കൂൾ പത്രത്തിന്റെ എല്ലാ വായനക്കാർക്കും  സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ

December 25, 2024

ഏറ്റവും പുതിയ തൊഴിൽ ഒഴിവുകൾ അറിയാം

December 24, 2024

കേരളത്തിലെ 9 മുൻനിര കൊട്ടാരങ്ങളിൽ എങ്ങനെ എത്തിച്ചേരാം 

December 24, 2024

കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ (കെ.എസ്.ടി.യു.) എറണാകുളം ജില്ല പ്രതിനിധി സമ്മേളനം

December 24, 2024
Load More