ആന്‍ലിന അജു എന്ന ഒന്‍പത് വയസുകാരി മുഖ്യമന്ത്രി ‘അങ്കിളി’ന് ഒരു കത്തെഴുതി. കത്തില്‍ നിറയെ കുഞ്ഞു മനസിലെ ആശങ്കകളും സങ്കടവും ആയിരുന്നു

February 26, 2022 - By School Pathram Academy

ആന്‍ലിനയുടെ സങ്കടത്തില്‍ ആശ്വാസവുമായി മുഖ്യമന്ത്രി, പരിഹാരം കാണാ൯ കളക്ടറെത്തി

 

ആന്‍ലിന അജു എന്ന ഒന്‍പത് വയസുകാരി മുഖ്യമന്ത്രി ‘അങ്കിളി’ന് ഒരു കത്തെഴുതി. കത്തില്‍ നിറയെ കുഞ്ഞു മനസിലെ ആശങ്കകളും സങ്കടവും ആയിരുന്നു. കൊച്ചി നേവല്‍ ചില്‍ഡ്രന്‍സ് സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആന്‍ലിന എരൂര്‍ കണിയാമ്പുഴയുടെ തീരത്തു കൂടെയാണ് സ്‌കൂളില്‍ പോയിരുന്നത്. പാറിപ്പറക്കുന്ന പൂമ്പാറ്റകളേയും മീന്‍ പിടിക്കാന്‍ ഊഴം കാത്തിരിക്കുന്ന കൊക്കുകളേയും ചെറിയ കിളികളേയും എല്ലാം കൗതുകത്തോടെ കൊച്ചു മിടുക്കി ആസ്വദിക്കുമായിരുന്നു. ഇതിനിടെ പത്രസ്ഥാപനത്തിൽ നിന്നും ചീഫ് ഫോട്ടോഗ്രാഫറായി വിരമിച്ച മുത്തച്ഛന്‍ ജെയിംസ് ആര്‍പ്പൂക്കര കൊച്ചുമകള്‍ക്ക് കാമറ വാങ്ങിക്കൊടുത്തു. പ്രകൃതിയെ ഏറെ ഇഷ്ടപ്പെടുന്ന കുട്ടി പുഴയും തീരവും എല്ലാം കാമറ കണ്ണില്‍ ഒപ്പിയെടുത്തു.

 

കോവിഡ് കാലത്തിനുശേഷം വീണ്ടും സ്‌കൂളില്‍ പോകാന്‍ തുടങ്ങിയതാണ് കത്തെഴുതാന്‍ ആസ്പദമായത്. കാരണം ഇതിനു മുമ്പ് കണ്ട പുഴയായിരുന്നില്ല ഇപ്പോഴത്തെ കണിയാമ്പുഴ. തീരം മുഴുവന്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും അറവുശാലകളിലെ മാലിന്യവും ചപ്പും ചവറും എല്ലാം നിറഞ്ഞ് വൃത്തിഹീനമായിരിക്കുന്നു. പാലത്തില്‍ നിന്നും വലിച്ചെറിയുന്ന മാലിന്യങ്ങള്‍ മഴ പെയ്യുമ്പോള്‍ പുഴവെള്ളത്തില്‍ കലരുന്നു. വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നുമുള്ള ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെ ആളുകള്‍ പുഴയിലേക്ക് എറിയുന്നു. മയിലുകളും കിളികളും വരാതായി. കുഞ്ഞു കിളികളും പൂമ്പാറ്റകളും ഇല്ലാതായി. പുഴയുടെ നിറം മാറി, മീനുകള്‍ ചത്തു പൊങ്ങുന്നു. കുഞ്ഞു മനസിന് ഈ കാഴ്ചകള്‍ താങ്ങാനായില്ല മലിനമായ പുഴയെ കാമറയിൽ പകർത്തിയ ആ൯ലിന ഇതിന് പരിഹാരം തേടിയാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്.

 

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയോടൊപ്പം മലിനമാകുന്നതിന് മുമ്പും ശേഷവുമുള്ള പുഴയുടെ ചിത്രങ്ങളും ആന്‍ലിന ചേര്‍ത്തുവച്ചു. പുഴയെ രക്ഷിക്കണമെന്നും മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും കത്തിലൂടെ ആന്‍ലിന മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. കോവിഡ് ആയതിനാൽ നേരിട്ട് കാണാന്‍ സാധിക്കാത്തതു കൊണ്ടാണ് കത്തെഴുതുന്നതെന്നും സാധിക്കുമ്പോള്‍ നേരിട്ട് പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കാന്‍ അവസരം നൽകണമെന്നും അവള്‍ എഴുതി. കത്ത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുകയും ഉചിതമായ നടപടിയെടുക്കുന്നതിന് ജില്ലാ കളക്ടറെയും ജില്ലയിലെ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിനെയും ചുമതലപ്പെടുത്തുകയുമായിരുന്നു.

 

ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് കുട്ടിയെ എരൂരിലെ വസതിയിലെത്തി നേരിൽ കണ്ടു. എടുത്ത ഫോട്ടോകള്‍ കളക്ടറെ കാണിച്ച് ആന്‍ലിന എല്ലാം വിശദീകരിച്ചു. മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇറിഗേഷന്‍ വകുപ്പിനെയും തൃപ്പൂണിത്തുറ മുന്‍സിപ്പല്‍ സെക്രട്ടറിയേയും കളക്ടര്‍ ചുമതലപ്പെടുത്തി. ആന്‍ലിയയെ എല്ലാവരും മാതൃകയാക്കണമെന്നും നേവല്‍ സ്‌കൂളിനെയും മറ്റ് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും കളക്ടര്‍ പറഞ്ഞു. മുനിസിപ്പാലിറ്റി, പൊതുജനങ്ങള്‍, റെസിഡന്‍സ് അസോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടെ എത്രയും വേഗം നടപടികള്‍ സ്വീകരിക്കും. കണിയാമ്പുഴയില്‍ മാത്രമല്ല ജില്ല മുഴുവന്‍ ഇത്തരം ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

 

ആന്‍ലിനയ്ക്ക് കളക്ടര്‍ ഉപഹാരം നല്‍കി. 2020 ലെ സംസ്ഥാന സര്‍ക്കാരിന്റെ ഉജ്വല ബാല്യം പുരസ്‌കാര ജേതാവുകൂടിയായ ആന്‍ലിന നാവികസേന ലഫ്. കമാന്‍ഡര്‍ അജു പോളിന്റെയും ആന്‍ മേരി ജയിംസിന്‍റെയും മകളാണ്.

 

തൃപ്പൂണിത്തുറ നഗരസഭാ കൗണ്‍സിലര്‍ ബിന്ദു ശൈലേന്ദ്രന്‍, നടമ വില്ലേജ് ഓഫീസര്‍ എസ്. അമ്പിളി, ഇറിഗേഷന്‍ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി.സന്ധ്യ, മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ നോഡല്‍. ഓഫീസര്‍ എല്‍ദോ ജോസഫ്, ശ്രീജി തോമസ് തുടങ്ങിയവരും കളക്ടർക്കൊപ്പം ആ൯ലിയയെ കാണാനെത്തി.

Category: News

Recent

ഒരുവട്ടംകൂടി – മലയാളഭാഷ തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനുമുള്ള കേരള സ്കൂൾ അക്കാദമിയുടെ 60…

December 21, 2024

കേരള സ്കൂൾ കലോത്സവം; ഫസ്റ്റ് കോളും സെക്കന്റ് കോളും തേർഡ് കോളും ചെയ്തിട്ടും…

December 20, 2024

സംസ്ഥാനത്തുടനീളം നിരവധി അധ്യാപക ഒഴിവുകൾ

December 20, 2024

അർധവാർഷിക മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാപരിപാടി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നതിന് നിർദേശങ്ങൾ നൽകുന്നത് സംബന്ധിച്ച സർക്കുലർ

December 19, 2024

ഇൻ്റർവ്യൂ മാത്രം! ജോലികൾ നിരവധി

December 18, 2024

സർക്കാർ /എയ്ഡഡ് /അൺ എയ്ഡഡ് മേഖലകളിൽ നിരവധി ഒഴിവുകൾ.ഇൻ്റർവ്യൂവിന് മാത്രം ഹാജരാവു! ജോലി…

December 16, 2024

അധ്യാപക ഒഴിവുകൾ കൂടാതെ മറ്റ് നിരവധി മേഖലകളിൽ ഒഴിവുകൾ

December 15, 2024

സമഗ്ര പ്ലസ് ; രണ്ടാം പാദവാർഷിക പരീക്ഷ മാതൃക ചോദ്യോത്തരങ്ങൾ ക്ലാസ് 9…

December 14, 2024
Load More