അവധിക്കാല അധ്യാപക പരിശീലനങ്ങളുടെ ഒന്നാം ഘട്ടം പൂർത്തിയായി.അവധിക്കാല പരിശീലനത്തെ കുറിച്ച് പരിശീലനത്തിൽ പങ്കെടുത്ത അധ്യാപകരോട് സംവദിച്ചിരുന്നു…

May 22, 2023 - By School Pathram Academy

അവധിക്കാല അധ്യാപക പരിശീലനങ്ങളുടെ ഒന്നാം ഘട്ടം പൂർത്തിയായിരിക്കുന്നു. അവധിക്കാല പരിശീലനത്തെ കുറിച്ച് പരിശീലനത്തിൽ പങ്കെടുത്ത അധ്യാപകരോട് സംവദിച്ചിരുന്നു… സമ്മിശ്ര പ്രതികരണമാണ് അധ്യാപകരിൽ നിന്ന് ലഭിച്ചത്. നിലവിലുള്ള പരിമിതികൾ മറികടക്കാനും പുതിയ പഠനവഴികളും തന്ത്രങ്ങളും കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടുള്ള അധ്യാപന അറിവ് നേടുന്നതിനാണ് അധ്യാപക പരിശീലനങ്ങൾ …

    പരിശീലനങ്ങളിൽ പങ്കെടുക്കേണ്ടത് ” സ്വന്തം അധ്യാപന കഴിവുകൾ ” തേച്ചു മിനുക്കുന്നതിനുള്ള കൂട്ടായ്മയായി അധ്യാപകർ കരുതണം. അതിനു വേണ്ട സംവാദങ്ങളിലും ചർച്ചകളിലും സ്വന്തം പങ്കാളിത്തം എത്രമാത്രമായിരുന്നു എന്ന് ഓരോ അധ്യാപികയും സ്വയം വിലയിരുത്തണം. സ്വന്തം ക്ലാസ് അനുഭവങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുക , മറ്റുള്ള അധ്യാപകരുടെ അനുഭവങ്ങളുമായി സ്വന്തം അനുഭവങ്ങൾ തട്ടിച്ചു നോക്കുക.. അധ്യാപന അറിവുകൾ സ്വാംശീകരിക്കുക. കൂട്ടായ ചർച്ചകളിലൂടെ ക്ലാസ് റൂം പ്രവർത്തനങ്ങൾ കണ്ടെത്തുക , അക്കാഡമികമായ നൂതനാശയങ്ങൾ രൂപപ്പെടുത്തുക , പഠനോപകരണങ്ങൾ കണ്ടെത്തുക എന്നിവയൊക്കെ പരിശീലനത്തിന്റെ ഭാഗമായി നടക്കണം.

      ” സ്വയം മെച്ചപ്പെടുക, നവീകരിക്കപ്പെടുക ” എന്നതാവണം ഓരോ അധ്യാപക പരിശീലനത്തിന്റെയും ലക്ഷ്യം. അതിന് എത്ര സമയം വേണമെന്ന് തീരുമാനിക്കുന്നതും ഇത്തരം കൂട്ടായ്മകളിലാവണം. ഇത്തവണ 4 ദിവസമാണ് അധ്യാപക പരിശീലനത്തിനായി തീരുമാനിച്ചിരുന്നത്. അത് ഫലപ്രദമായി വിനിയോഗിക്കാനും കൂടുതൽ കൂടിച്ചേരലുകളും കൂട്ടായ്മകൾക്കും പരിശീലന തുടർച്ചയ്ക്കും സ്വയം സന്നദ്ധരാവാനും അധ്യാപകർ ശ്രമിക്കേണ്ടതുണ്ട്…

    ഇത് നടക്കാത്ത കാര്യമൊന്നുമല്ല… ബാലരാമപുരം BRC യിൽ അധ്യാപക പരിശീലന കാലത്ത് കുറെക്കാലം ഒന്നാം ക്ലാസ്സിന്റെ പരിശീലനച്ചുമതല കുറെക്കാലം നിർവ്വഹിച്ചിരുന്നു. സർഗധനരായ കുറെ അധ്യാപകർ …. എല്ലാവരുടെയും മുഖങ്ങൾ ഇപ്പോഴും എന്റെ മനസ്സിലുണ്ട് … അവിടെ പരിശീലകനും പങ്കാളിയും എന്ന വ്യത്യാസമുണ്ടായിരുന്നില്ല… ഒരു കുടുംബം പോലെ അക്കാഡമിക പെരുമ പരത്തിയ കൂട്ടായ്മ… ഏത് അക്കാഡമിക പ്രശ്നത്തിനും പരിഹാരം കണ്ടെത്താൻ കരുത്തുള്ള കൂട്ടം. പരിഹാരങ്ങൾക്കും പ്രവർത്തനങ്ങൾക്കുമായി മേലോട്ടും താഴോട്ടും നോക്കില്ല. ആശയാവതരണ രീതിയ്ക്കും ഉദ്ഗ്രഥിത സമീപനത്തിനും വഴങ്ങുന്ന പ്രവർത്തനങ്ങൾ , വർക്ക് ഷീറ്റുകൾ , വായന സാമഗ്രികൾ , പ്രാദേശിക പാഠങ്ങൾ , കളികൾ , പാട്ടുകൾ , കഥകൾ എല്ലാം അന്ന് പരിശീലനത്തിന്റെ ഭാഗമായി ഞങ്ങൾ മെനഞ്ഞെടുത്തു. പരിശീലന സമയം ഉദ്ദേശിച്ച കാര്യങ്ങൾ തൃപ്തികരമായി ചെയ്ത് പൂർത്തിയാക്കുന്നതു വരെ നീണ്ടു… പരിശീലനത്തിന് ശേഷവും വീട്ടിൽ ചെയ്യാൻ ചില ജോലികൾ ഞങ്ങൾ പങ്കിട്ടെടുത്തു… പ്രസംഗങ്ങൾ തീരെ ഒഴിവാക്കി… പകരം സംവാദങ്ങൾക്കും സംഘ ചർച്ചകൾക്കും ഇടം നൽകി. പ്രയോഗിച്ച് നോക്കണമെന്ന് തോന്നിയ പ്രവർത്തനങ്ങൾക്കായി ട്രൈ ഔട്ട് ക്ലാസ്സുകൾ സംഘടിപ്പിച്ചു. പരിശീലനത്തിന് തുടർച്ചയായി താല്പര്യമുള്ള അധ്യാപകർക്ക് അവധി ദിനങ്ങളിൽ ഒത്തു കൂടി അക്കാഡമിക കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് സ്ഥിരം വേദിയുണ്ടാക്കി. പലതരത്തിലുള്ള പഠനോപകരണങ്ങൾ ഒന്നാം ക്ലാസ്സിലെ കൂട്ടുകാർക്കായി BRC തലത്തിലുണ്ടായി എന്നതാണ് ഇതിന്റെ ബാക്കിപത്രം…

    അധ്യാപക പരിശീലനങ്ങൾ അധ്യാപകരുടെ സർഗാത്മക വേദികൾ കൂടിയാവണം. കഥയരങ്ങുകളും പാട്ടു വേദികളും പുസ്തക ചർച്ചകളും പരീക്ഷണങ്ങളും ചിത്ര പ്രദർശനവുമൊക്കെ പരിശീലനത്തിന്റെ ഭാഗമാവണം. പരിശീലനത്തിന് വേദിയാവുന്ന വിദ്യാലയത്തിന്റെ അക്കാഡമിക സൗകര്യങ്ങൾ കാണാനും അവയുടെ അക്കാദമികമായ പ്രാധാന്യം തിരിച്ചറിയാനും ശ്രമിക്കണം… പണ്ട് പങ്കാളിത്ത പരിശീലനം അതിന്റെ പൂർണ്ണ അർത്ഥത്തിൽ നടപ്പിലായിരുന്നു… ഉദ്ഘാടനവും സമാപന സമ്മേളനവുമൊക്കെ പാടെ ഒഴിവാക്കിയിരുന്നു.. പരിശീലന സൗകര്യങ്ങളും ഇടങ്ങളും തീരുമാനിച്ചിരുന്നതുപോലും ജനായത്ത രീതിയിലായിരുന്നു. BRC കളിൽ അക്കാഡമിക ഫയലുകളും പഠനോപകരണങ്ങളുടെ ശേഖരങ്ങളും അധ്യാപകരുടെ സൃഷ്ടികളും പരിശീലനത്തിന്റെ ഭാഗമായി രൂപപ്പെടുമായിരുന്നു. അന്ന് BRC യുടെ കോ ഓർഡിനേറ്ററും , DPO മാരും , SPO മാരും ചുരുക്കം ചില വിദ്യാഭ്യാസ ഓഫീസർമാരും അധ്യാപക പരിശീലകരായി സ്വയം മാറി സെഷനുകൾ കൈകാര്യം ചെയ്തിരുന്നു. മോണിട്ടറിംഗ് സമിതി അംഗങ്ങൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് പരിശീലന കേന്ദ്രങ്ങളിലെത്തി സ്വയം സെഷനുകൾ നിർവ്വഹിച്ചോ പരിശീലന പങ്കാളിയായി മാറിയോ പരിശീലനങ്ങളുടെ ഗുണനിലവാരത്തെ കുറിച്ച് വിലയിരുത്തലുകൾ നടത്തിയിരുന്നു. ശ്രീമതി പ്രസന്ന കുമാരി ടീച്ചർ , ശ്രീ. കലാധരൻ മാഷ് , ശ്രീമതി രാധാമണി ടീച്ചർ , ശ്രീ. OM ശങ്കരൻ മാഷ് എന്നിവരൊക്കെ ഇതിന് മാതൃകയായിരുന്നു. താനാരാണ് എന്ന് വെളിപ്പെടുത്താതെ പൊതു വിദ്യാഭ്യാസ മികവിനും മെച്ചപ്പെടലിനുമായി അഹോരാത്രം പ്രവർത്തിച്ചിരുന്നവർ …

ഇന്ന് ഇത്തരം കാഴ്ചകളും അനുഭവങ്ങളും ഉണ്ടോ എന്നറിയില്ല…

    ഒരു അധ്യാപക പരിശീലനം സാധ്യമാകുന്നതിന് പിന്നിൽ ഒരു കൂട്ടം സർഗധനരായ അധ്യാപകരുടെ കഠിന പ്രയത്നമുണ്ട്. അധ്യാപക പരിശീലകനായിരുന്ന കാലത്ത് നിരവധി സംസ്ഥാന ജില്ലാ പരിശീലനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. പരിശീലനത്തിൽ ചർച്ച ചെയ്യുന്ന കാര്യങ്ങളിൽ പൂർണ്ണമായ തെളിച്ചം കിട്ടുന്നതു വരെ ചർച്ചകളും സംവാദങ്ങളും നീളും.. രാവേറെ ആയാലും ആശയ സംഘട്ടനങ്ങൾ തുടർന്നു കൊണ്ടേയിരിക്കും. ആഹാരം കഴിയ്ക്കുന്നതിനിടയിൽ പോലും അക്കാഡമിക ചർച്ചകൾ നിറഞ്ഞു നിൽക്കും.. അതിന്റെയൊക്കെ പരിണിത ഫലമാണ് “DPEP ” എന്ന പേര് പറഞ്ഞ് ആക്ഷേപിച്ച പഠന സമീപനങ്ങൾ ഒരു ഉടവും തട്ടാതെ ഇന്നും നിൽക്കുന്നത്. 

   മാറ്റങ്ങൾക്ക് വിധേയമാവണം പാഠ്യപദ്ധതിയും പഠന രീതികളും പാഠ പുസ്തകങ്ങളും … അതിന് എന്ത് മാറ്റമാണ് വരുത്തേണ്ടത് എന്ന് പറയേണ്ടത് അധ്യാപകരാണ്. അതിന് കരുത്ത് നൽകുന്ന പരിശീലന ലക്ഷ്യങ്ങൾ മുന്നോട്ട് വയ്ക്കുന്ന അധ്യാപക പരിശീലനങ്ങൾ സംഘടിപ്പിക്കണം. കരുത്തുള്ള പരിശീലന രേഖകളും ( മൊഡ്യൂൾ) പരിശീലകരും അതിന് തീർച്ചയായും അനിവാര്യമാണ്.

 

അതിനായി ചില നിർദ്ദേശങ്ങൾ കൂടി ചേർക്കുന്നു..

 

1.അധ്യാപക പരിശീലനത്തിന്റെ ആവശ്യങ്ങൾ (ലക്ഷ്യങ്ങൾ ) നിർണയിക്കുന്നതിന് അധ്യാപകരുടെ അഭിപ്രായങ്ങൾ തേടണം. അതിനിപ്പോൾ ഗൂഗിൾ ഫോം പോലുള്ള ആധുനിക സംവിധാനങ്ങൾ നിലവിലുണ്ട്.

2. കഴിവും താല്പര്യവും പരിശീലന മികവ് തെളിയിച്ചവരും ഗവേഷണാത്മക രീതിയുള്ളവരുമായ അധ്യാപകരെ പരിശീലകരായി തെരെഞ്ഞെടുക്കണം ( മറ്റ് ജില്ലകളിൽ നിന്നും സ്ഥലം മാറ്റത്തിനുള്ള ഉപാധിയായി മാത്രം കാണരുത് )

3. അധ്യാപക പരിശീലനങ്ങൾക്ക് തുടർച്ചയുണ്ടാകണം.

4. വിദ്യാഭ്യാസ ഓഫീസർമാർ ,DPO , BPC അടക്കമുള്ളവർ ഏതെങ്കിലും തലത്തിലുള്ള പരിശീലനങ്ങളിൽ മുഴുവൻ സമയ പങ്കാളിയാവുകയും നിശ്ചിത മൊഡ്യുളുകളെ കുറിച്ച് മികച്ച ധാരണയുള്ളയാളും പരിശീലകനാകാൻ കഴിവുള്ളയാളായി സ്വയം മാറുകയും വേണം.

5. മോണിട്ടറിംഗ് സംവിധാനങ്ങൾ പങ്കാളിത്ത രീതിയിലാവണം

6. പരിശീലന മികവുകൾ പരസ്പരം പങ്കു വയ്ക്കുന്നത് പരിശീലനം മെച്ചപ്പെടുന്നതിന് സഹായകമാകും അതിന് പറ്റും വിധം ഓൺ ലൈൻ സംവിധാനങ്ങൾ BRC തലത്തിലെങ്കിലും ഉണ്ടാവണം

7. പരിശീലനത്തിന്റെ ഭാഗമായി രൂപപ്പെടുന്ന അക്കാഡമിക ആശയങ്ങൾ , ഉപകരണങ്ങൾ എന്നിവ ക്രോഡീകരിച്ച് അക്കാഡമിക രേഖകൾ പ്രസിദ്ധീകരിക്കാനും അക്കാഡമിക ഫയൽ ആയി സൂക്ഷിക്കാനും പുനരുപയോഗിക്കാനും സംവിധാനം വേണം…

   “എത്ര തന്നെ പരിമിതിയുണ്ടെങ്കിലും എനിക്ക് പരിശീലനത്തിൽ പങ്കെടുത്തേ കഴിയൂ… എന്റെ കഴിവുകൾ മറ്റുള്ള അധ്യാപകർക്കും വിദ്യാലയങ്ങൾക്കുമായി പങ്കു വയ്ക്കേണ്ടത് എന്റെ കടമയാണ്…., മികച്ച പരിശീലനം ലഭിക്കേണ്ടത് ഒരു അധ്യാപികയെന്ന നിലയിൽ എന്റെ അവകാശമാണ് ..”. ഇങ്ങനെയുള്ള ചിന്തകൾ മനസ്സിൽ പേറുന്ന അധ്യാപകരായി പരിശീലനങ്ങളിൽ പങ്കെടുക്കണേ.. പരിശീലനം എന്തിന് ? ഈ കളിയും പാട്ടും ചർച്ചയുമൊക്കെ എന്തിന്? എന്നൊക്കെയുള്ള പുച്ഛ ഭാവത്തോടെ പരിശീലനങ്ങളെ നേർച്ചയായി മാത്രം സമീപിക്കുന്ന അധ്യാപകരെ പൊതു വിദ്യാലയത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുന്നവരായി കാണാൻ കഴിയില്ല തന്നെ… കാലത്തിനനുസരിച്ച് അറിവുകൾ നവീകരിക്കാൻ അധ്യാപകർ സ്വയം മാറുക തന്നെ വേണം… അക്കാഡമിക നന്മയുടെ ആൾരൂപങ്ങളായി മാറാൻ ഇപ്പോൾ നടക്കുന്ന അധ്യാപക പരിശീലനങ്ങൾ വഴികാട്ടട്ടെ..

ആശംസകളോടെ..

പ്രേംജിത്ത് പി.വി

( പോസ്റ്ററിന് വേണ്ട ചിത്രം കടപ്പാട് ശ്രീ. അനൂപ് പാലോട് മാഷ് )

Category: News

Recent

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025

എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി

January 15, 2025
Load More