അറിയിപ്പുകൾ

August 30, 2022 - By School Pathram Academy

ലോജിസ്റ്റിക്‌സ് കോഴ്‌സ്

സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്‍റെ തൊടുപുഴയിലുള്ള നോളഡ്ജ് സെന്‍ററില്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്കുള്ള അഡ്മിഷന്‍ തുടരുന്നു. വിശദ വിവരങ്ങള്‍ക്ക് 0486 2228281, 7560965520 ഫോൺ നമ്പറുകളിലോ, കെല്‍ട്രോൺ നോളഡ്ജ് സെന്‍റര്‍, മാതാ ഷോപ്പിങ് ആര്‍ക്കേഡിന് എതിര്‍വശം, പാലാ റോഡ്, തൊടുപുഴ എന്ന വിലാസത്തിലോ ബന്ധപ്പെടുക.

റേഷൻ കാർഡ് ആധാർ നമ്പറുമായി ബന്ധിപ്പിക്കണം

ജില്ലയിലെ വിവിധ റേഷൻ കാർഡ് (പി.എച്ച്.എച്ച്, എ.എ.വൈ,എന്‍.പി.എസ്) അംഗങ്ങളുടെ ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിച്ചിട്ടില്ല എന്ന് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. റേഷൻ വിതരണം പൂർണ്ണമായി ബയോമെട്രിക് രീതിയിലാക്കാനുള്ള കേന്ദ്ര സർക്കാർ നിർദ്ദേശത്തിന്റെ ഭാഗമായി എല്ലാ അംഗങ്ങളുടെയും ആധാർ നമ്പർ റേഷൻ കാർഡുമായി സെപ്തംബർ 15 നകം ബന്ധിപ്പിക്കേണ്ടതാണ്.

റേഷൻ കടകളിൽ നേരിട്ട് എത്തി ഇ – പോസ് മുഖാന്തിരവും ബന്ധപ്പെട്ട താലൂക്ക് സപ്ലെ -സിറ്റി റേഷനിംഗ് ഓഫീസുകൾ മുഖാന്തിരവും അക്ഷയ സെന്റർ വഴിയും, www.civilsupplieskerala.gov.in എന്ന വെബ് സൈറ്റിലൂടെയും ആധാർ ലിങ്ക് ചെയ്യാവുന്നതാണ്. ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ മുഖേന ആധാർ എടുക്കാൻ സാധിക്കാത്ത റേഷൻ കാർഡ് അംഗങ്ങൾ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് “ആധാർ ഒഴിവാക്കൽ’ നടപടികൾ സമയബന്ധിതമായി സ്വീകരിക്കേണ്ടതാണ്. ആധാർ ലിങ്ക് ചെയ്തിട്ടില്ലാത്ത വ്യക്തികളിൽ പലരും ഒരേ സമയം ഒന്നിലധികം റേഷൻ കാർഡുകളിൽ ഉൾപ്പെട്ടതായും ശ്രദ്ധയിൽപെട്ടിട്ടുണ്ട്.

സെപ്റ്റംബർ 15 നു ശേഷം ഇത്തരത്തിൽ ഒരേ സമയം ഒന്നിലധികം റേഷൻ കാർഡുകളിൽ അംഗങ്ങൾ ഉൾപ്പെട്ടതായി കണ്ടെത്തുന്ന റേഷൻ കാർഡ് ഉടമകളിൽ നിന്നും അതുവരെ വാങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ കമ്പോള വില പിഴയായി ഈടാക്കുന്നതടക്കമുളള ശിക്ഷണ നടപടികൾ സ്വീകരിക്കുന്നതാണ്.

ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നു

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നു. യുവജന ക്ഷേമ ബോര്‍ഡില്‍ അഫിയിലേറ്റ് ചെയ്തിട്ടുള്ള യൂത്ത് – യുവ ക്ലബ്ബുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ പ്രായപരിധി 18 നും 40 നും മധ്യേ ആയിരിക്കണം. ജില്ലാ തലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന ക്ലബ്ബുകള്‍ക്ക് യഥാക്രമം 25,000 രൂപ, 15,000 രൂപ, 10,000 രൂപ എന്നിങ്ങനെ പാരിതോഷികം ലഭിക്കും.

ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമകുള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാന തലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന ക്ലബ്ബുകള്‍ക്ക് യഥാക്രമം 1,00,000 രൂപ, 50,000 രൂപ, 25,000 രൂപ, എന്നിങ്ങനെ സമ്മാനത്തുക ലഭിക്കും.

താത്പര്യമുള്ള ക്ലബ്ബുകള്‍ സെപ്തംബര്‍ അഞ്ചിനകം ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ , ജില്ലാ യുവജന കേന്ദ്രം, ഗ്രൗണ്ട് ഫ്‌ളോര്‍, സിവില്‍ സ്‌റ്റേഷന്‍, കാക്കനാട് -30, എന്ന വിലാസത്തില്‍ അപേക്ഷകള്‍ അയക്കേണ്ടതാണ്.

ഫോണ്‍ 0484 2428071
ഇ-മെയില്‍ [email protected]

ഇ- ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അസംഘടിത മേഖലയിലെ മുഴുവൻ തൊഴിലാളികളുടേയും ഡാറ്റാബേസ് തയ്യാറാക്കുന്നതിനായി ദേശീയ തലത്തിൽ നടത്തിവരുന്ന ഇ – ശ്രം പോർട്ടലിൽ കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിലെ അംഗ തൊഴിലാളികളെല്ലാം ഓഗസ്റ്റ് 30, 31, സെപ്തംബർ ഒന്ന് എന്നീ തിയതികളിൽ നിർബന്ധമായും പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇടപ്പള്ളിയിലെ കേരള കെട്ടിടനിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്യുന്നതിന് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

യുവജന കമ്മീഷൻ ജില്ലാതല അദാലത്ത് ചൊവ്വാഴ്ച (30)

സംസ്ഥാന യുവജന ക്ഷേമ കമ്മീഷന്റെ നേതൃത്വത്തിലുള്ള ജില്ലാതല അദാലത്ത് ചൊവ്വാഴ്ച (ഓഗസ്റ്റ് 30 ) രാവിലെ 11 മുതല്‍ എറണാകുളം ഗസ്റ്റ് ഹൗസ് കോണ്‍ഫറൻസ് ഹാളില്‍ നടത്തുമെന്ന് സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ഡോ.ചിന്താ ജെറോം അറിയിച്ചു. 18 വയസ്സിനും 40 വയസ്സിനു മിടയില്‍ പ്രായമുള്ളവര്‍ക്ക് പരാതിയുമായി കമ്മീഷന്റെ മുന്നില്‍ ഹാജരാകാൻ സാധിക്കും.

നോട്ടീസ്

കോതമംഗലം താലൂക്ക് കീരമ്പാറ വില്ലേജ് സര്‍വ്വേ 611/10/251/102ല്‍ പെട്ട 250 ഹെക്ടര്‍ പാറപുറമ്പോക്കില്‍ നിന്നും 4.0497 ഹെക്ടര്‍ ഭൂമി വനം വകുപ്പിന് കൈമാറുവാന്‍ തീരുമാനമായിട്ടുണ്ട്. അതിനാല്‍ ഈ ഭൂമിയില്‍ പട്ടയ ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപങ്ങളോ അവകാശങ്ങളോ ഉളള പക്ഷം ഈ നോട്ടീസ് പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം കോതമംഗലം തഹസില്‍ദാര്‍ മുമ്പാകെ ഉന്നയിക്കേണ്ടതാണ്.

പട്ടികജാതി/പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യ പരീക്ഷാ പരിശീലനം

ആലുവ സബ് ജയില്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുളള പട്ടിക ജാതി/പട്ടികവര്‍ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് പി.എസ്.സി ഡിഗ്രിതല പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം ആരംഭിക്കുന്നു.

ഒരു ലക്ഷത്തില്‍ താഴെ വരുമാനമുളള ഒ.ബി.സി/ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 30 ശതമാനം സീറ്റ് അനുവദനീയമാണ്. പരിശീലനത്തിന് തിരഞ്ഞെടുക്കുന്ന പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് ഹാജര്‍ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌റ്റൈപ്പന്റ് ലഭിക്കും.

വിദ്യാര്‍ത്ഥി ഫോട്ടോ, ജാതി, വരുമാനം (ഒ.ബി.സി/ഒ.ഇ.സി) എന്നിവയുടെ സര്‍ട്ടിഫിക്കറ്റ്, പി.എസ്.സി ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് സഹിതം ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി സെപ്തംബര്‍ 26. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2623304.

Category: News