അഞ്ച് തവണയിൽ നാല് തവണയും എട്ട് നിലയിൽ പൊട്ടി. അഞ്ചാം തവണ ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ ഏഴാം റാങ്ക്. കേരളത്തിൽ ഒന്നാമൻ
നാല് തവണ പ്രിലിംസ് പോലും കടന്നില്ല, അഞ്ചാം തവണ കേരളത്തിൽ ഒന്നാമൻ ജോജിൻ | IFS 2021
നാല് വർഷത്തെ എന്റെ പാളിച്ചകളിൽ നിന്ന് പഠിച്ച പാഠങ്ങളായിരുന്നു ഈ വർഷത്തെ ശക്തി. ആറ് മുതൽ എട്ട് മണിക്കൂർ ദിവസേന പഠനത്തിനായി മാറ്റി വെച്ചിരുന്നു. പരീക്ഷ അടുക്കുമ്പോൾ പത്ത് മണിക്കൂർ വരെ പഠിക്കുമായിരുന്നു. മനസിലാക്കി പഠിക്കുക എന്നതായിരുന്നു രീതി
അഞ്ച് തവണയിൽ നാല് തവണയും എട്ട് നിലയിൽ പൊട്ടി. അഞ്ചാം തവണ ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ ഏഴാം റാങ്ക്. കേരളത്തിൽ ഒന്നാമൻ… കൊല്ലം അഞ്ചൽ സ്വദേശി ജോജിൻ എബ്രഹാം ജോർജ് ഈ അഭിമാന നേട്ടത്തിലെത്തിയത് ആറ് വർഷത്തെ കഠിനാധ്വാനം കൊണ്ടാണ്. തന്റെ വിജയ വഴികളെ കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് മനസ് തുറക്കുകയാണ് ജോജിൻ.
റാങ്ക് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇത്ര മുന്നിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. 2016 മുതലാണ് പരിശീലനം തുടങ്ങുന്നത്. സിവിൽ സർവീസ് സ്വപ്നവുമായിട്ടാണ് ഈ രംഗത്തേക്ക് വന്നത്. അതിന് ശേഷമാണ് ഫോറസ്റ്റ് സർവീസിനെ കുറിച്ച് കൂടുതൽ മനസിലാക്കുന്നതും അതിനായി ശ്രമിക്കുന്നതും. വളരെ ഡൈനാമിക് ആയ ഒരു തൊഴിൽ മേഖലയായിട്ടാണ് ഇതിനെ കുറിച്ച് മനസിലാക്കുന്നത്. വൈൽഡ് ലൈഫ് കൺസർവേഷനും, എൻവിയോൺമെന്റ് കൺസർവേഷനും എല്ലാം ഉൾക്കൊള്ളുന്ന മേഖലയാണിത്.
അഞ്ച് തവണ ഫോറസ്ട്രി പരീക്ഷയെഴുതിയെങ്കിലും നാല് തവണയും പ്രിലിംസ് പോലും പാസാവാൻ പറ്റിയിരുന്നില്ല. 2019, 2020 വർഷങ്ങളിൽ സിവിൽ സർവീസ് ഇൻർവ്യു വരെ എത്തിയെങ്കിലും ലിസ്റ്റിൽ വന്നിരുന്നില്ല. ഈ തവണ ഫോറസ്റ്റ് സർവീസ് മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
ബിടെക്കുകാരനിൽ നിന്ന് ഐഎഫ്എസിലേക്ക്
ബി.ടെക്കായിരുന്നു പഠിച്ചത്. അന്നൊന്നും സിവിൽ സർവീസ് മോഹം എനിക്കുണ്ടായിരുന്നില്ല. പഠനത്തിന് ശേഷം മൂന്ന് വർഷം ജോലി ചെയ്തിരുന്നു. സത്യത്തിൽ എന്റെ കസിനായ റെനോ കുര്യനാണ് സിവിൽ സർവീസ് മോഹം എനിക്ക് നൽകിയത്. കക്ഷി 2013 മുതൽ സിവിൽ സർവീസ് പരീശീലനം ആരംഭിച്ചിരുന്നു. 2019 ൽ റെനോ ഫൈനൽ ലിസ്റ്റിൽ വന്നു. അദ്ദേഹമാണ് എനിക്ക് ഈ രംഗത്ത് വഴികാട്ടിയായി നിന്നിരുന്നത്.ആ ധൈര്യത്തിലായിരുന്നു ജോലി ഉപേക്ഷിച്ച് ഇതിലേക്ക് ഇറങ്ങി തിരിച്ചത്.
പഠിപ്പിക്കാൻ തുടങ്ങിയതോടെ കഥ മാറി
നാല് തവണയും പ്രിലിംസ് പാസാവാതെയിരുന്നപ്പോഴും നിരാശയേക്കാൾ എന്തുകൊണ്ട് എനിക്കിത് ജയിക്കാൻ സാധിക്കുന്നില്ലെന്നായിരുന്നു ചിന്ത. ഇതിനിടയിൽ ഞാനും സിവിൽ സർവീസ് പാസായ കസിനും കൂട്ടുകാരും ചേർന്ന് തിരുവനന്തപുരത്ത് സിവിൽസ് 360 എന്ന പേരിൽ ഒരു ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചിരുന്നു. സ്വയം പഠിക്കുന്നതിനോടൊപ്പം കുട്ടികൾക്ക് പറഞ്ഞ് കൊടുക്കാൻ കൂടെ ആരംഭിച്ചപ്പോൾ എല്ലാം എളുപ്പമായത് പോലെ തോന്നി. എങ്ങനെ പരീക്ഷ ക്ലിയർ ചെയ്യാം, എന്തെല്ലാം മേഖലകളിലാണ് കൂടുതൽ ശ്രദ്ധ നൽകേണ്ടത് എന്നതിനെ കുറിച്ച് കൃത്യമായ ഐഡിയ ലഭിച്ചു.
പഠന രീതി
നാല് വർഷത്തെ എന്റെ പാളിച്ചകളിൽ നിന്ന് പഠിച്ച പാഠങ്ങളായിരുന്നു ഈ വർഷത്തെ ശക്തി. ആറ് മുതൽ എട്ട് മണിക്കൂർ ദിവസേന പഠനത്തിനായി മാറ്റി വെച്ചു. പരീക്ഷ അടുക്കുമ്പോൾ പത്ത് മണിക്കൂർ വരെ പഠിക്കുമായിരുന്നു. മനസിലാക്കി പഠിക്കുക എന്നതായിരുന്നു രീതി
പ്രിലിംസ് കടന്ന വഴി
ഒരോ വർഷവും പ്രവചാനാതീതമാണ് ചോദ്യപ്പേപ്പറുകൾ. കോർ സബ്ജെക്റ്റുകൾ മന:പാഠമാക്കുകയാണ് ആദ്യം ചെയ്തത്. മുൻവർഷ ചോദ്യപേപ്പറുകൾ മനസിരുത്തി പഠിക്കുക എന്നതായിരുന്നു അടുത്തത്. ഇവയെല്ലാം പ്രിലിംസിൽ മാർക്ക് ലഭിക്കാൻ കാരണമായി.
കഴിഞ്ഞ സിവിൽ സർവീസിന്റെ റിസൾട്ട് വന്ന് പത്ത് ദിവസത്തിന് ശേഷമാണ് 2021-ലെ പ്രിലിംസ് പരീക്ഷ. ആ പത്ത് ദിവസം മാത്രമാണ് എനിക്ക് കഠിന പരിശ്രമം ചെയ്യാൻ സാധിച്ചത്. എന്നാൽ ഒരു വർഷത്തോളം കുട്ടികൾക്ക് ക്ലാസ് എടുത്തത് ഈ ഘട്ടത്തിൽ എനിക്ക് ഗുണം ചെയ്തു.
മെയിൻ പരീക്ഷ
പ്രിലിംസിന് വേണ്ടി കഴിവിന്റെ പരമാവധി ശ്രമിച്ചെങ്കിലും വിജയപ്രതീക്ഷയുണ്ടായിരുന്നില്ല. വിജയിച്ചുവെന്ന സന്തോഷത്തോടൊപ്പം മെയിൻ പരീക്ഷയ്ക്കായി തയ്യാറെടുത്തില്ലല്ലോ എന്നായിരുന്നു ചിന്ത. പിന്നെ അതിന് വേണ്ടിയുള്ള യാത്രയിലായിരുന്നു. ഫോറസ്റ്റ് സർവീസിന്റെ ഇന്റർവ്യുവിന് പോയ സുഹൃത്തുക്കളായ ഉണ്ണിയും സുനീഷും വഴികാട്ടികളായി മുന്നിലുണ്ടായിരുന്നു. അവർ നൽകിയ ഗൈഡൻസ് എനിക്ക് ഗുണം ചെയ്തു. എന്ത് പഠിക്കണം, എന്ത് പഠിക്കണ്ട എന്നതിനെ കുറിച്ച് അവർ വ്യക്തമായി പറഞ്ഞ് തന്നു.
ഫോറസ്ട്രിയും ജിയോളജിയുമായിരുന്നു മെയിൻസിലെ എന്റെ വിഷയങ്ങൾ. ഫോറസ്ട്രിക്ക് മണികണ്ഠൻ എൻ പ്രഭുവിന്റെ ബുക്കിനെയായിരുന്നു ആശ്രിയിച്ചിരുന്നത്. ജിയോളജി പഠിക്കാനായി സുനീഷും ഉണ്ണിയുമാണ് സഹായിച്ചത്. അവർ തയ്യാറാക്കിയിരുന്ന നോട്സും പഠനത്തിനായി ഉപയോഗിച്ചിരുന്നു. ബാക്കിയെല്ലാം സ്വന്തമായി തന്നെ റെഫർ ചെയ്ത് നോട്സ് തയ്യാറാക്കി പഠിച്ചു.
പഠന ടിപ്സ്
കീ വേർഡുകൾ തയ്യാറാക്കി പഠിക്കുകയെന്നതായിരുന്നു മറ്റൊരു രീതി. പരമാവധി മനസിലാക്കി പഠിക്കുക. റിവിഷൻ നടത്തുക. പഠിക്കാനുള്ള ഭാഗങ്ങളുടെ വ്യാപ്തി കൂടുതലായത് കൊണ്ട് തന്നെ മനപാഠം രീതി എനിക്ക് പ്രായോഗികമായിരുന്നില്ല.