അഞ്ചുലക്ഷം രൂപയുടെ സി.എം. ഇന്നൊവേഷന്‍ അവാര്‍ഡ് കൈറ്റ് ഏറ്റുവാങ്ങി.

August 25, 2022 - By School Pathram Academy

പബ്ലിക് പോളിസിയിലെ ഇന്നൊവേഷനുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ചീഫ് മിനിസ്റ്റേഴ്സ് ഇന്നൊവേഷന്‍ അവാര്‍ഡ് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന് (കൈറ്റ്) ലഭിച്ചു.

അവാർഡ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയനിൽ നിന്ന് ഇന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്, കെ. മനോജ് കുമാർ , മുഹമ്മദ് അസ്‌ലം എന്നിവർ ഏറ്റുവാങ്ങി. ‘പ്രൊസീഡ്യുറല്‍ ഇന്റര്‍വെന്‍ഷന്‍’ (Procedural Intervention) വിഭാഗത്തിലാണ് അഞ്ചുലക്ഷം രൂപയുടെ അവാര്‍ഡ്.

കോവിഡ് കാലത്ത് കൈറ്റ് വിക്ടേഴ്സിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും തയ്യാറാക്കിയ 18,000 ഡിജിറ്റല്‍ ക്ലാസുകളടങ്ങിയ ഫസ്റ്റ്ബെല്ലാണ് കൈറ്റിന് അഞ്ചുലക്ഷം രൂപയുടെ സി.എം. ഇന്നൊവേഷന്‍ അവാര്‍ഡിനര്‍ഹമാക്കിയ ഒരു പ്രോഗ്രാം. 3.57 ലക്ഷം കുട്ടികള്‍ ഇതിനകം അംഗങ്ങളായ ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായ ലിറ്റില്‍ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകളാണ് മറ്റൊന്ന്.

പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ഐ.എം.ജി യിൽ വെച്ച് നടന്ന ചടങ്ങിലാണ് കൈറ്റ് അവാർഡ് സ്വീകരിച്ചത്. ഈ ലക്ഷ്യം നേടുന്നതിനായി പ്രയത്നിച്ച അക്കാദമിക് പ്രവർത്തകരുടെയും വിശേഷിച്ച് അർപ്പണബോധത്തോടെ ക്ലാസുകൾ അവതരിപ്പിച്ച അദ്ധ്യാപകരുടെയും അത് ക്രിയാത്മകമായി ഡിജിറ്റൽ ക്ലാസുകളാക്കി മാറ്റിയ പ്രെഡക്ഷൻ ടീമിനെയും ആണ് ഈ പുരസ്ക്കാരം ആദരിക്കുന്നത്.

SCERT , SSK, SIET എന്നീ ഏജൻസികളുടെ അകമഴിഞ്ഞ പിന്തുണ ഫസ്റ്റ് ബെൽ തയ്യാറാക്കാൻ ലഭിച്ചിരുന്നു.ഇവയെല്ലാം ഡിജിറ്റൽ പ്ലാറ്റ്ഫോമിലുടെ കുട്ടികളിൽ എത്തിക്കാൻ സോഫ്ട് വെയർ ടീം, ലിറ്റിൽ കൈറ്റ്സ് ലെ അംഗങ്ങൾ ഉൾപ്പടെ നടത്തിയ ശ്രമങ്ങളെയും അഭിനന്ദിക്കട്ടേ.

സി.ഇ.ഒ
കൈറ്റ് വിക്ടേഴ്സ്.

Category: News