സമഗ്രശിക്ഷാ കേരളം (എസ്‌എസ്‌കെ) സംസ്ഥാനത്ത് മൂന്നു മാസത്തിനുള്ളില്‍ 42 മാതൃകാ പ്രീ സ്‌കൂളുകള്‍ ഒരുക്കും
സമഗ്രശിക്ഷാ കേരളം (എസ്‌എസ്‌കെ) സംസ്ഥാനത്ത് മൂന്നു മാസത്തിനുള്ളില്‍ 42 മാതൃകാ പ്രീ സ്‌കൂളുകള്‍ ഒരുക്കും. ഇതില്‍ ഏഴു ജില്ലയിൽ ഓരോന്ന്‌വീതം പൂര്‍ത്തിയായി. ഈമാസം അവസാനത്തോടെ രണ്ടും മാര്‍ച്ചോടെ അഞ്ചെണ്ണവും പൂര്‍ത്തിയാകും. അവശേഷിക്കുന്നവ മെയിൽ സജ്ജമാകും. ഒരു ജില്ലയില്‍ മൂന്നു മാതൃകാ പ്രീ സ്‌കൂളുകള്‍ സജ്ജീകരിക്കും. ഒന്നിന് 15 ലക്ഷം രൂപ ചെലവഴിക്കും. ഇതിനുശേഷം ഒരു ബ്ലോക്കില്‍ ഒരു മാതൃകാ പ്രീ സ്‌കൂള്‍ പദ്ധതിയും ആലോചിക്കുന്നു. തദ്ദേശഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇത് പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
അക്കാദമിക, ഭൗതിക, സാമൂഹിക മേഖലകൾക്ക് തുല്യപ്രാധാന്യം നല്‍കിയാവും മാതൃകാ പ്രീ സ്‌കൂള്‍. സൂക്ഷ്മ പേശി–-ചാലക വികാസം, ബൗദ്ധികവികാസം, മാനസിക–-വൈകാരിക വികാസം എന്നിവയ്ക്ക് ആവശ്യമായ സാഹചര്യവും ഉപകരണങ്ങളും കളിയിടങ്ങളും പ്രകൃതിപഠനത്തിനുള്ള നാച്ചുറല്‍ കോര്‍ണറുകളും കേരളം വികസിപ്പിച്ചെടുത്ത ശിശുസൗഹൃദ ഫര്‍ണിച്ചറുകളും ഉണ്ടാകും. ഉപകരണങ്ങള്‍ മുതല്‍ കൈ കഴുകുന്ന ഇടംവരെ ശിശുസൗഹൃദമായിരിക്കും. സ്‌കൂളും പരിസരവും പഠനവിഭവമാക്കുന്ന രീതിയില്‍ ആറ് വയസ്സുമുതലുള്ള ഔപചാരികവിദ്യാഭ്യാസത്തിന് അടിത്തറ ഒരുക്കുകയാണ് ലക്ഷ്യം. പ്രീ സ്‌കൂള്‍ പുസ്തകമായ കളിപ്പാട്ടത്തിന്റെ അടിസ്ഥാനത്തില്‍ 30 തീമുകള്‍ ഉള്‍ക്കൊള്ളിച്ചാണ് സ്‌കൂള്‍ സജ്ജീകരിക്കുക. വായന, ശാസ്ത്രം, ഗണിതം, അഭിനയമൂല, ചിത്രകലാമൂല, സംഗീതമൂല, നിര്‍മാണമൂല എന്നിങ്ങനെ ഏഴു പ്രവര്‍ത്തന ഇടങ്ങളുണ്ടാകും.
പ്രീ പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ ആത്മവിശ്വാസവും താല്‍പ്പര്യവും നിലനിര്‍ത്താനും കുട്ടിയുടെ വിവിധ വികാസമേഖലകളെ പരിപോഷിപ്പിക്കാനും ആവശ്യമായ സ്‌കൂള്‍ അന്തരീക്ഷത്തിനാണ് എസ്‌എസ്‌കെ ഊന്നല്‍ നല്‍കുന്നത്. ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് അംഗീകൃത പ്രീ സ്‌കൂളുകളില്‍ താലോലം ആക്റ്റിവിറ്റി കോര്‍ണര്‍, കളിത്തോണി വര്‍ക്‌ഷീറ്റ് എന്നിവ നടപ്പാക്കും.